പേജുകള്‍‌

2013, ജൂൺ 8, ശനിയാഴ്‌ച

ഒരു കൊച്ചുകഥ - സംശയം



മലമുകളിൽനിന്ന് സൂര്യൻ പതിയെ പതിയെ മറഞ്ഞുപോയി.  കുന്നിൻചെരുവിലെ വെയിലും സൂര്യനോടൊപ്പം പോയി.  എന്നാലും മീനമാസത്തെ ചൂടുകാറ്റിനു ഒരു കുറവും ഇല്ല.  മങ്ങിയ വെളിച്ചത്തിൽ മലമുകളിൽ ചുവന്ന നിറം കാണുന്നുണ്ട്.  ഉണ്ണിക്കുട്ടന് ഇതൊരു പതിവ് കാഴ്ചയാണ്.  ഉമ്മറപ്പടിയിൽ ഇരുന്നാൽ മലയും കുന്നുംചെരുവുമൊക്കെ നല്ലപോലെ കാണാം. 

ഉമ്മറപ്പടിയിൽ ഇരുന്ന് എത്ര ചിന്തിച്ചിട്ടും രാവിലെ പത്രത്തിൽ വായിച്ച വാർത്ത ഒരു ദഹനക്കേടായി ഉണ്ണിക്കുട്ടന്റെ മനസ്സിൽ കിടന്നുരുണ്ടുകൊണ്ടിരുന്നു. 

ഇതെപ്പറ്റി ആരോടാണ് ഒന്ന് ചോദിക്കുക.  അമ്മ പലവട്ടം ശകാരിച്ചിട്ടുണ്ട് ആവശ്യമില്ലാത്ത സംശയങ്ങളുമായി ചെല്ലരുതെന്ന്.  ഇതും അമ്മയുടെ ആവശ്യമില്ലാത്ത സംശയങ്ങളുടെ പട്ടികയിൽ പെട്ടതാണോ ആവോ.  അച്ഛനോട് ചോദിക്കാം എന്നുവെച്ചാൽ നേരവും കാലവും അച്ഛന്റെ മൂഡും ഒക്കെ നോക്കണം.   വഴക്ക് പറഞ്ഞാൽ പറയട്ടെ അന്നത്തെ പത്രവുംകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കളയിലേക്കു നടന്നു. 

ഉമ്മറത്ത്‌ ദീപം കത്തിച്ചുവെക്കാൻ നിലവിളക്ക് തുടച്ചു വൃത്തിയാക്കുകയായിരുന്നു അമ്മ.  ഉണ്ണിക്കുട്ടന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ട്‌ അമ്മ പറഞ്ഞു "ഉണ്ണി സംശയം വല്ലതുമാണെങ്കിൽ അച്ഛൻ വരുമ്പോൾ ചോദിച്ചോളു.  നിൻറെ  സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ബുദ്ധിയൊന്നും നിന്റെ അമ്മക്കില്ല അതെങ്ങിനെയാ തല തിരിഞ്ഞ ചോദ്യങ്ങളല്ലേ ഈയിടെയായിട്ടു നീ ചോദിക്കണേ.  പത്തു വയസ്സ് പ്രായമുള്ള കുട്ടികൾ ചോദിക്കണ സംശയങ്ങളാണോ നിന്റേതു. 

വാടിയ മുഖവുമായി തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഉണ്ണികുട്ടനോട് " നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല ഉണ്ണി...  പറയു എന്താ നിന്റെ ഇന്നത്തെ സംശയം".  

കൈയിൽ പിടിച്ചിരുന്ന പത്രം നിവർത്തി ഉണ്ണി വായിച്ചു തുടങ്ങി.  " പതിറ്റാണ്ടുകളായി വറ്റാത്ത ജലസ്രോതസ്സായി നിലനിന്ന ക്ഷേത്രക്കുളങ്ങളും കിണറുകളുമെല്ലാം വറ്റിവരണ്ടതോടെ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ഒരു മാസത്തേക്ക് നിർത്തിവെച്ചു. ഇത്തവണത്തെ കടുത്ത വേനലിൽ ക്ഷേത്രത്തിനകത്തെ  മൂന്നു കിണറുകളും ഒരു കുളവുമാണ് വറ്റിയതു".  

വായന നിർത്തി ഉണ്ണി അമ്മയുടെ മുഖത്തേക്ക് നോക്കി പക്ഷെ മുഖത്ത്  ഒരു ആ ഭാവവെത്യാസവും കാണാൻ കഴിഞ്ഞില്ല. 

അമ്മ പറഞ്ഞു തന്നിട്ടില്ലേ കടലും പുഴയും മരങ്ങളും മനുഷ്യനും എന്തിന്  സർവചരാചരങ്ങളും ദൈവത്തിൻറെ സൃഷ്ട്ടിയാണ് എന്ന്.  കടല് ഉണ്ടാക്കാൻ പറ്റുന്ന ദൈവത്തിനു സ്വന്തം പൂജക്ക്‌ വെള്ളം ഉണ്ടാക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ കഷ്ടം തന്നെയാണ് അല്ലേ ആമ്മേ ?  

അമ്മയുടെ കണ്ണുകൾ ചുവന്നു.  മുഖം വിളറി.  ചുണ്ടുകൾ  വിറച്ചു. 

"നിന്റെ അച്ഛനെ പറഞ്ഞാൽ  മതിയല്ലോ മകൻ വലുതാവുമ്പോ ഐ എ എസ് കാരനാകണം എന്നും പറഞ്ഞ് നാട്ടിൽ  കിട്ടാവുന്ന പുസ്തകങ്ങൾ എല്ലാം വാങ്ങികൂട്ടി.  വായനാശീലം  ചെറുപ്പം  മുതൽക്കേ  ഉണ്ടാക്കിയെടുക്കണത്രേ" .

തിരിഞ്ഞു നടക്കുമ്പോൾ ഉണ്ണി മനിസ്സിലോർത്തു  പഴയ  തലമുറകൾ  ഒന്നും  ചിന്തിക്കതെയാണോ ജീവിച്ചത്.

                                                                       **************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ