പേജുകള്‍‌

2013, മേയ് 24, വെള്ളിയാഴ്‌ച

ഒരു കൊച്ചുകഥ - അപശകുനം



അപശകുനം


ഉറക്കച്ചടവുകൊണ്ട് പാതികൂമ്പിയ കണ്ണ് പയ്യെ തുറന്ന് ജനലഴികളിലൂടെ പുറത്തേക്കു നോക്കിയപ്പോൾ ഞെട്ടിപ്പോയി.  പരിസരമാകെ ഇരുട്ടുപരന്നിരിക്കുന്നു.  ഹോ...  എന്തൊരു ഉറക്കമായിരുന്നു.  ജീവിതത്തിൽ ആദ്യമായാണ് ഇത്രയും നേരം ഉറങ്ങിയത്.  അഞ്ചു മിനുട്ടിൽ കൂടുതൽ ഉറക്കം ഞങ്ങൾക്കുള്ളതല്ലല്ലോ.  സന്ധ്യക്ക്‌ ഒന്ന് മയങ്ങാൻ കിടന്നതാണ്. കാലം മാറുംതോറും പ്രകൃതി നിയമങ്ങളും മാറുന്നുവോ ആവോ ......

മോൾ ഇതുവരെ ഉണർന്നില്ല.  തട്ടിൻപുറത്ത്  ചൂടാണെങ്കിൽ  അസഹനീയമാണ്.  ലോകം   മുഴുവൻ   ഒരു  ദിവസം  ചൂടുകൊണ്ട് ഉരുകി പോകും    എന്ന് തോന്നുന്നു.  

താഴെ അടുക്കളയിൽ  അമ്മൂട്ടിയമ്മയുടെ തട്ടലും മുട്ടലും കേൾക്കുന്നുണ്ട്.  ആ  വീട്ടിലെ  വേലക്കരിയാണ്  അമ്മുട്ടിയമ്മ.  ഇപ്പോൾ  ചെന്ന്  അവരുടെ  കാലുകളിൽ  തൊട്ടുരുമ്മി നിന്നാൽ  എന്തെങ്കിലുമൊക്കെ ഇടയ്ക്കിടെ തരും.  വയറുനിറയാൻ  അതൊക്കെ  മതി.    പാവം അമ്മുട്ടിയമ്മ  വയസ്സ് അറുപത്തഞ്ച്  കഴിഞ്ഞു.  മൂന്ന് ആണ്മക്കൾ ആയിരുന്നു അവർക്ക്.   ഓരോരുത്തർ കല്യാണം കഴിഞ്ഞു ആറു മാസത്തിൽ കൂടുതൽ വീട്ടിൽ താമസിച്ചില്ല.  അച്ഛനില്ലാതെ വളർത്തിയ മക്കൾ അമ്മയെ   സ്നേഹിക്കുന്നത് അവരുടെ ഭാര്യമാർക്ക് സഹിച്ചില്ല.  ആ  സ്നേഹംകൂടി തങ്ങൾക്കവകാശപ്പെട്ടതാണ് എന്നാണ് അവരുടെ വാദം അതിന്  അവർ കണ്ട വഴി അകലെ ഒരു ഫ്ലാറ്റോ ചെറിയൊരു വീടോ വാങ്ങി സ്വന്തം കാര്യം നോക്കി ജീവിക്കുക.  അമ്മ ഇനി എത്ര കാലം ജീവിക്കും ഭാര്യയല്ലേ മരണം വരെ കൂടെ ഉണ്ടാവുക.  പുതിയ തലമുറയുടെ പുതിയ ന്യായം. 

മോളെ ഉണർത്തി അടുക്കളയിലേക്കു നടക്കാൻ തുടങ്ങുമ്പോൾ മോൾ പറഞ്ഞു "അമ്മേ, എത്ര നാളായി നോണ്‍വെജ് കഴിച്ചിട്ട് അമ്മയെന്തിനാ ഈ വെജിറ്റേറിയൻ കുടുംബത്തിൽ വന്ന് സെറ്റിൽ ആയത്.  നാല് വീടുകൾക്കപ്പുറത്തു ഒരു പുതിയ ബംഗ്ലാവില്ലേ, അവിടത്തെ പിള്ളേരൊക്കെ  അമേരിക്കയിലാ അവിടെ മിക്ക ദിവസവും ചെമ്മീനും കരിമീനുമോക്കെയാണ്.  ഇന്ന് ഞാനവിടെ ഡിന്നർ കഴിക്കാൻ പൊയ്ക്കോട്ടേ ?  

മോളെ  സൂക്ഷിച്ചു പോകണം. മനുഷ്യർ പോകുമ്പോൾ നമ്മൾ കുറുകെ പോയാൽ അപശകുനമാണത്രെ..  പണ്ടുമുതലേ വിവരമില്ലാത്ത   മനുഷ്യർ  വിശ്വസിക്കുന്ന   ഒരു കെട്ടുകഥ.     മനുഷ്യരെ സൂക്ഷിക്കണം മൂന്ന്  വയസ്സ്  പ്രായമുള്ള  പിഞ്ചുകുഞ്ഞുങ്ങളെ  വരെ കാമവെറി പൂണ്ട  കശ് മലന്മാർ  കടിച്ച് കീറുന്നു.  സന്ധ്യ മയങ്ങിയാൽ നാട്ടിലെ ചെറുപ്പക്കാർ മദ്യലഹരിയിൽ മുങ്ങി സ്വബോധമില്ലാതെ പാതയുടെ വീതി അളന്ന്‌  അളന്നാവും വരിക.  ആരുടേയും കണ്ണിൽ പെടാതെ നോക്കണം.  പണത്തിനുവേണ്ടി സ്വന്തം പെണ്മക്കളെ കൊണ്ടുനടന്ന് വില്ക്കുന്ന മാതാപിതാക്കൾ ഉള്ള നാടാണിത്.   എതിരെ വരുന്നത് കണ്ടാൽ അപശകുനമാണെന്നു കരുതി പൂച്ചക്കുഞ്ഞായ നിന്നെവരെ പീഡിപ്പിക്കാൻ മടിക്കില്ല ഇന്നത്തെ മനുഷ്യർ.  പീഡിപ്പിക്കപ്പെട്ട് വഴിയരുകിൽ പ്രാണന് വേണ്ടി പിടയുമ്പോൾ,  തൊണ്ട പൊട്ടി കരയുമ്പോൾ ആരും നിന്നെ സഹായിക്കാൻ ഉണ്ടാവില്ല.  നിലവിളി കേട്ട് ഓടിക്കൂടിയവർ  അവസാന ശ്വാസത്തിന് വേണ്ടിയുള്ള നിന്റെ പിടച്ചിൽ മൊബൈലിൽ പകർത്തി ഫേസ്ബുക്കിൽ ആദ്യം ഇടാൻ മത്സരിക്കും. 

പ്രായപൂർത്തിയായ പെണ്മക്കൾ ജോലികഴിഞ്ഞ് വീടെത്തുന്നതുവരെ അമ്മമാരുടെ മനസ്സിൽ തീയാണ്.... കാലം മാറുകയാണ് നമ്മള്തന്നെ നമ്മളെ സൂക്ഷിക്കണം മോളെ........


                                                       *********************


2013, മേയ് 5, ഞായറാഴ്‌ച

വിവാഹം നാകമോ നരകമോ ?



വിവാഹജീവിതം നരകമാണോ സ്വർഗമാണോ ?  അത് എങ്ങിനെയാകണം എന്നും അതിൽനിന്നും മോചനം വേണോ വേണ്ടയോ എന്നും തീരുമാനിക്കേണ്ടത്  ദമ്പതികൾ തന്നെയാണ്.

പണ്ട് എൻറെ  ഒരു ബന്ധുവീട്ടിൽ വിവാഹം കഴിഞ്ഞു ആറുമാസം പോലും തികയാത്ത ദമ്പതികൾ അടിയും വഴക്കുമായി കഴിയുന്നതുകണ്ട് അവിടത്തെ മുത്തശ്ശി ഒരു ദിവസം പെണ്‍ക്കുട്ടിയെ വിളിച്ച് ഉപദേശിച്ചു. 

'മോളെ കുടുംബം എന്നത് ബലം കുറഞ്ഞ പൊട്ടാറായ രണ്ടു ചിന്തകളുടെ  കയറുക്കൊണ്ടാണ് കൂട്ടികെട്ടിയിരിക്കുന്നത് അത് പൊട്ടാതെ നോക്കേണ്ടത് പെണ്ണാണ് .  ഒരു നാഴി ഒരു നാഴിയുടെ അകത്തു ഒരിക്കലും വരില്ല.  ഒരാള് ഒരല്പ്പം തോറ്റ്കൊടുത്തേ മതിയാകു.  ഞങ്ങളും ഞങ്ങളുടെ പൂർവികരും ഒക്കെ അങ്ങിനെയായിരുന്നു അതുകൊണ്ടല്ലേ കൂട്ടുകുടംബങ്ങൾ നിലനിന്നിരുന്നത്.  കാലം എത്ര മാറിയാലും എത്ര തലമുറകൾ വന്നാലും സ്ത്രീയോ പുരുഷനോ ഒരൽപം താന്നുകൊടുക്കാതെ വിവാഹജീവിതം സ്വർഗമാക്കാൻ പറ്റില്ല അതു  മാത്രമല്ല നിങ്ങളുടെ മക്കൾ നിങ്ങളെ കണ്ടാണ്‌ വളരുക.  ഒരാൾ  പറയുന്നത്  മുഴുവൻ  കേള്ക്കാനും  മനസ്സിലാക്കാനുമുള്ള ക്ഷമ  മറ്റെയാൾ കാണിക്കണം .   നിങ്ങളുടെ സ്വകാര്യതയുടെ വേലിക്കെട്ടിനുള്ളിൽ മൂന്നാമതൊരാളെ  കടക്കാൻ  അനുവദിക്കയുമരുത്. '

മുത്തശ്ശിയുടെ കുഴിഞ്ഞ കണ്ണുകളിൽ നനവ് പടരുന്നത്‌ ഞാൻ കണ്ടു.  എനിക്ക് മുത്തശ്ശി പറഞ്ഞതൊന്നും അന്ന് മനസ്സിലായില്ല.  ഒരാഴ്ചക്ക് ശേഷം ആ കുട്ടിയുടെ വീട്ടുകാർ അവളെ രണ്ടു ദിവസത്തേക്ക് ഒരു പൂജയിൽ പങ്കെടുക്കാനായി കൂട്ടികൊണ്ടുപോയി.

അന്ന് സന്ധ്യക്ക്‌ മുത്തശ്ശി പേരക്കുട്ടിയെ വിളിച്ച് അടുത്തിരുത്തി.  അയാളുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞു "മോനെ  നിൻറെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം പോലും തികഞ്ഞിട്ടില്ല.  പൊട്ടലും ചീറ്റലും തുടങ്ങിയെന്ന് ഇവിടെ എല്ലാവർക്കും അറിയാം.  നീ പുരുഷനായതുകൊണ്ട് നീ വലുതാണ്‌ എന്ന് ചിന്തിക്കരുത്.  കുടുംബജീവിതത്തിൽ ഭാര്യക്കും ഭർത്താവിനും വലിപ്പച്ചെറുപ്പം ഇല്ല.  കാരണം നുകത്തിൽ ഒരേപോലെ കഴിവുള്ള കാളകളെ കെട്ടിയാൽ മാത്രമേ നിലം അനായാസ്സമായി ഉഴുതുമറിക്കാൻ പറ്റുകയുള്ളൂ. ഒരു കാള അൽപ്പം പുറകോട്ടാണെങ്കിൽ മറ്റെ കാള അൽപ്പം അയഞ്ഞുകൊടുത്താലേ അത് നടക്കൂ.  ഭാര്യാ ഭർത്താക്കന്മാർ അതുപോലെയാണ് ഒന്നിച്ച് ശ്രമിച്ചാലേ നല്ലൊരു ജീവിതം കിട്ടുകയുള്ളൂ.  വഴക്കും പിണക്കവുമൊക്കെ കിടപ്പുമുറിയിൽ വെച്ചുതന്നെ പറഞ്ഞു തീർക്കണം.   അങ്ങിനെ തീർക്കാവുന്ന വഴക്കും പിണക്കവുമേ പാടുള്ളൂ  
നിങ്ങളുടെ സ്വകാര്യതയുടെ വേലിക്കെട്ടിനുള്ളിൽ മൂന്നാമതൊരാളെ  കടക്കാൻ  അനുവദിക്കയുമരുത്. '  

ജീവിതാനുഭവങ്ങളിലുടെ നേടിയെടുക്കുന്ന അറിവിനേക്കാൾ  വലിയ അറിവ് ഒരു ഡിഗ്രികൊണ്ടും നേടിയെടുക്കാൻ പറ്റില്ലന്നു ആ മുത്തശ്ശിയിലുടെ ഞാൻ അറിഞ്ഞു. 

 ഭർത്താവിനും മക്കൾക്കും വേണ്ടി ഓഫീസിലും വീട്ടിലും ജോലി ചെയ്ത് തളർന്നുറങ്ങുന്ന ഭാര്യയുടെ മുഖത്തേക്ക് ഓരോ ഭർത്താവും ഒന്ന് സൂക്ഷിച്ചു നോക്കണം.  നിങ്ങളുടെ മനസ്സലിയും കുറ്റബോധം തോന്നും അങ്ങിനെ തോന്നിയില്ലയെങ്കിൽ നിങ്ങളൊരു നല്ല ഭർത്താവല്ല.   
ജീവിതത്തെ നമ്മൾ എങ്ങിനെ നോക്കി കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മളുടെ ജീവിത വിജയം .  ഒന്ന് ഉറക്കെ തുമ്മിയാൽ തീരുന്നതെ  ഉള്ളു ഒരു മനുഷ്യജീവിതം.  എന്നിട്ടും നാമൊക്കെ എന്തൊക്കയാണ് ജീവിതത്തിൽ കാട്ടികൂട്ടുന്നത്.  ഒരു മനുഷ്യൻ എങ്ങിനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് അവനവൻ  തന്നെയാണ്. സ്വന്തം ജീവിതത്തിൽ തീരുമാനെങ്ങളെടുക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട് പക്ഷെ സ്നേഹിക്കുന്നവർക്കുവേണ്ടി അല്പ്പം തോറ്റുകൊടുക്കുന്നത് പിന്നീട് ഏറെ സന്തോഷം തരുമെങ്കിൽ ജീവിതം തന്നെ മാറുമെങ്കിൽ എന്തുകൊണ്ട് ആയിക്കുട.  ഇതൊക്കെ  ചിന്തിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല അന്ന് ഞാൻ എന്ന് പിന്നീട് വിലപിച്ചിട്ട് എന്തുകാര്യം. 

പണ്ട് മരംവെട്ടുകാരനായ ഒരു അമ്മാവൻ ജീവിതത്തെക്കുറിച്ച് പറഞ്ഞത് നോക്കു " മക്കളെ ജീവിതത്തിലെ സന്തോഷം  എന്നു  പറയുന്നത്  പുറമേ  കാണുന്ന  തൊലിവെളുപ്പിലോ  , വില  കൂടിയ   ആടയാഭരണങ്ങളിലോ,    പണത്തിലോ, പ്രശസ്തിയിലൊ ഒന്നുമല്ല.  പുറമേ കാണുന്നതെല്ലാം വെറും പൊള്ളത്തരങ്ങൾ മാത്രമാണ്.  പാതയോരത്തെ ഒരു വലിയ മരത്തെ ഒന്ന് സൂക്ഷിച്ച് നോക്കു.  നല്ല വണ്ണം, ഉയരം, പടർന്നു പന്തലിച്ചു നില്ക്കുന്ന കൊമ്പുകൾ, നിറയെ ഇലകളും , പൂക്കളും കായ്കളും .  അതുപോലെ തലയെടുത്തു നില്ക്കുന്ന മരങ്ങളെ   മുറിക്കുന്ന  എനിക്ക് അറിയാം   മിക്ക  മരത്തിനകത്തും  കേടുപിടിച്ചു  പുഴു തിന്ന് പോള്ളയായിരിക്കും .   ഏതുനിമിഷവും ഒരു വലിയ കാറ്റിൽ ആടിയുലഞ്ഞ് നിലംപൊത്താറായി നിൽക്കുന്നവയായിരിക്കും.  അതുപോലെയാണ് മിക്ക മനുഷ്യരും,  അറിയാത്ത ഓരോ രോഗങ്ങളും പേറി അഹന്തയോടെ നെഞ്ചും വിരിച്ച് തല ഉയർത്തിപ്പിടിച്ച് സ്വന്തം പേരുപോലും അക്ഷരങ്ങളിൽ ഒതുക്കി ജാതിപ്പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന  ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ്.  അവരുടെ മുൻപിൽ സ്വന്തം ഭാര്യ പോലും അനുസ്സരിക്കേണ്ടവൾ  മാത്രമാണ്.  നിലം പൊത്തുന്നതിനുമുൻപ് വരെ ആർക്കെക്കയോ , അറിയുന്നവർക്കും അറിയാത്തവർക്കും അൽപ്പം തണൽ,  സ്നേഹത്തിന്റെ തണൽ കൊടുക്കാൻ ആവുന്നത്ര ശ്രമിക്കണം.  സ്വന്തം കുടുംബത്തിൽ നിന്നാവണം അതിന്റെ തുടക്കം".  

ഭര്ത്താവ് / ഭാര്യ  പറയുന്ന ചെറിയ ചെറിയ കാര്യങ്ങൾ  അനുസ്സരിച്ചാൽ താൻ ചെറുതായി പോകും എന്ന മനസ്സിന്റെ തോന്നലാണ് നമ്മളെ പ്രശ്നങ്ങളിലേക്ക് കാലെടുത്തു വെപ്പിക്കുന്നത്.  പിന്നീടത്‌ കുറേശ്ശെ കുറേശ്ശെയായി വളർന്ന് ദാമ്പത്തികജീവിതം ആടിയുലയാൻ തുടങ്ങും .  തുടക്കത്തിൽത്തന്നെ ഈഗോ വളരാതെ  നോക്കുകയും  കിടപ്പറയിൽ  വെച്ചുതന്നെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കുകയും ചെയ്യണം .  ശാരീരിക  ബന്ധത്തിന് ദാമ്പത്യ ജീവിതത്തിൽ എറ്റവും വലിയ പങ്കാണ് ഉള്ളത് .  ശാരീരിക ബന്ധം നൈമിഷികമായ സുഖത്തിന്റെ മാത്രം ബന്ധമാണെന്ന് ഉള്ള പുരുഷന്മാരുടെ ചിന്തകൾക്ക്  മാറ്റമുണ്ടാവണം.  പഴയ ഒരു മലയാള സിനിമയിലെ വില്ലൻ പറയുന്നതുപോലെ 'പെണ്ണെന്നും പെണ്ണുതന്നെയാണ് എത്ര തലകുത്തിമറിഞ്ഞാലും ഒരു പെണ്ണിന് ആണിൻറെ ഒപ്പം എത്താൻ ആവില്ല' പുരുഷൻറെ ഈ ചിന്താഗതിയാണ് ദാമ്പത്തിക ജീവിതത്തിൽ ആദ്യത്തെ വിള്ളലുണ്ടാക്കുന്നത്. 

ഭാര്യയും ഭർത്താവും ഇണചേരുന്നത് ഗര്ഭം ധരിക്കാൻ വേണ്ടി മാത്രമല്ല.  ഗർഭിണിയാകാൻ കഴിയാത്തവരും ഇണ ചേരാറില്ലേ.  ചില സ്ത്രീകള് ചിന്തിക്കുന്നത് കുട്ടികളുമായി പ്രായവും പത്തു നാല്പ്പതായി ഇനി എന്തിനാ ഇതൊക്കെ എന്നാണ് .  ഭാര്യാ ഭർത്താക്കന്മാരുടെ മാനസിക ബന്ധത്തിൻറെ കെട്ടുറപ്പിന്  ശാരിരിക ബന്ധത്തിന് തീര്ച്ചയായും നല്ലൊരു പങ്കുവഹിക്കാൻ കഴിയും എന്ന് തന്നെയാണ് മനശാസ്ത്ര വിദഗ്ദ്ധന്മാർ പറയുന്നത് .    മാത്രമല്ല സന്തോഷപ്രദമായ ലൈംഗിക ജീവിതം കൊണ്ട് ടെൻഷൻ കുറയുന്നു, കൊളസ്ട്രോൾ കുറയുന്നു, ഈസ്ട്രജൻ പോലുള്ള ഹോർമോണുകൾ വർദ്ധിക്കുന്നു ഇത് മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണം ചെയ്തു ആയുസും  വർദ്ധിക്കുന്നു.  പുരുഷൻ എപ്പോഴും ഇണചേരാൻ സന്നദ്ധനായിരിക്കും സ്ത്രീയാണ് അതിനുള്ള സൂചനകൾ കൊടുക്കേണ്ടത്.  കിടപ്പറയിൽ നോട്ടത്തിലൂടെ, ചിരിയിലൂടെ, പെരുമാറ്റത്തിലൂടെ ഒരു ഭാര്യക്ക്‌ അതിനു കഴിയണം.  അല്ലങ്കിൽ പുരുഷൻ മറ്റൊരു സ്ത്രീയുടെ സാന്നിദ്ധ്യം ആഗ്രഹിക്കും ചിലപ്പോൾ അത് യാഥാര്ത്യമാവുകയും കുടുംബ ജീവിതം താറുമാറായി വിവാഹ ജീവിതം നരകമാവുകയും അതിൽ നിന്നും മോചനത്തിനുവേണ്ടി കുടുംബകോടതിയിൽ എത്തുകയും ചെയ്യും.   പല പ്രശസ്തർക്കും  ചിന്നവീട് ഉള്ളത് അതുകൊണ്ടാണ്. 

സിനിമയെന്ന മായലോകത്തിന്റെ വർണപ്പകിട്ടിൽ കുടുങ്ങി അഭിമന്യുവിനെപ്പോലെയായ കുറേപ്പേർ വിവാഹ മോചനമെന്ന   ഇന്നത്തെ  ഫാഷൻറെ ക്യുവിലാണ്.   വിവാഹമെന്നത് അവർക്കൊക്കെ നരകമായത് എങ്ങിനെ ?

പല്ലാറോഡു എന്ന എന്റെ ഗ്രാമത്തിൽ പണ്ട് വേലായുധൻ എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു.  എന്നും സന്ധ്യക്ക്‌ മദ്യപിച്ചു വന്ന് നീണ്ട മുടിയുള്ള ഭാര്യയുടെ മുടി കൈയ്യിൽ ചുരുട്ടിപ്പിടിച്ച് ഇടിക്കുമായിരുന്നു.  ചില ദിവസങ്ങളിൽ ഉറക്കെയുള്ള കരച്ചിൽ കേൾക്കുമെങ്കിലും വേലായുധനെ പേടിച്ച് അയൽവക്കക്കാർ ആരുംതന്നെ അവിടെ പോകാറില്ലായിരുന്നു.  ഒരു ദിവസം, ആരെങ്കിലും വന്നെന്നെ രക്ഷിക്കണേ ഈ കാലമ്മാടൻ എന്നെ കൊല്ലുന്നേ എന്ന  നിലവിളി  കേട്ട്  കുറെ  ചെറുപ്പക്കാർ ഓടിക്കുടി .  അതിലൊരാൾ  ദേഷ്യത്തോടെ   പറയുന്നുണ്ടായിരുന്നു 'കുറെ നാളായി ഇതു കേൾക്കുന്നു ഇന്നു അയാൾക്കിട്ട്‌ രണ്ടു കൊടുത്തിട്ടേ ബാക്കി കാര്യമുള്ളൂ'.    വേലായുധനെ അടിക്കനോരുങ്ങുന്ന ചെറുപ്പക്കാരെ നോക്കി ഭാര്യ അലറി " എൻറെ കെട്ടിയോനെ തൊട്ടുപോകരുത്‌ അയാളെന്നെ തല്ലും ചിലപ്പോൾ കൊല്ലും സാരമില്ല ഞാൻ സഹിച്ചോളാം. '  ഇത്രയും പറഞ്ഞ്  അവർ പൊട്ടിക്കരഞ്ഞു.  പിറ്റെ ദിവസം പ്രേമ്നസ്സിറിന്റെ സിനിമ കാണാൻ വേലായുധനും ഭാര്യയും പോയി .  പിന്നീട് ദേഷ്യത്തോടെ വേലായുധൻ ഭാര്യയുടെ മുടി ചുരുട്ടി പിടിക്കുമെങ്കിലും മരിക്കുന്നതുവരെ തല്ലിയില്ല .


"കാലമിനിയുമുരുളും വിഷു വരും
വര്ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്ക്കറിയാം
നമുക്കിപ്പോഴീ ആര്ദ്രയെ ശാന്തരായി
സൗമ്യരായി എതിരേല്ക്കാം
വരിക സഖീ അരികത്തു ചേര്ന്ന് നില്ക്കൂ . . .
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര"

പ്രശസ്ത കവി ശ്രീ എൻ എൻ കക്കാടിന്റെ സഫലീമിയാത്ര എന്ന കവിതയിലെ ചില വരികളാണ് മുകളിൽ .  "അന്യോന്യം ഊന്നുവടികളായി നില്ക്കാം"‌   സ്നേഹത്തിന്റെ, വിശ്വാസത്തിന്റെ, ഓർമ്മകളുടെ, വേദനയുടെ എന്തിന് ജീവിതത്തിന്റെതന്നെ ഒരു അനുഭവം  നമുക്കീ കവിതയിൽ കാണാൻ കഴിയും.


നമ്മളെ പിന്തുടരുന്ന നമ്മളുടെ നിഴൽ മരണമാണ് അത് ഏതു നിമിഷവും നമ്മെ പിടികൂടാം.  എത്ര അഹങ്കരിച്ചാലും എത്ര പ്രശസ്തിയിൽ മുങ്ങി കുളിച്ചാലും ഒരു ദിവസം എല്ലാവരും മരിക്കും അതുവരെ സ്നേഹത്തോടെ ഒന്ന് തലോടാൻ അന്യോന്യം ഊന്നുവടികളായി നില്ക്കാൻ ഒരാൾക്ക്‌ ഒരാള് വേണ്ടേ.  മറക്കാനും പൊറുക്കാനും മനുഷ്യന് കഴിവില്ലായിരുന്നു എങ്കിൽ ഇന്ന് കാണുന്ന ലോകം ഉണ്ടാകുമായിരുന്നില്ല.   അതുകൊണ്ട് നമ്മൾക്ക് സ്വന്തം കുടുംബത്തിൽ അൽപ്പം ചെറുതാകാം ധാമ്പതിക ജീവിതം മധുരമുള്ളതാക്കാം.........