പേജുകള്‍‌

2013, ഫെബ്രുവരി 3, ഞായറാഴ്‌ച

പീഡന പരമ്പര



സ്ത്രീ എന്നും പുരുഷന്  മധുരമുള്ള ഒരു കാഴ്ചവസ്തു ആയിരുന്നു എന്നാണ് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നത്‌.

 ഒരു വേദപുസ്തകത്തില്‍ വായിച്ചത് "വിശുദ്ധന്‍മാരുടെ സര്‍വ്വസഭകളിലും എന്നപോലെ സ്ത്രീകള്‍ സഭയോഗങ്ങളില്‍ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാന്‍ അവര്‍ക്ക് അനുവാദമില്ല".

ഇതൊക്കെ മറികടന്ന്‌ സ്ത്രീകള്‍ സംസാരിക്കാനും, എഴുതാനും എന്തിന്  പുരുഷന്മാരുടെ ഒപ്പം തന്നെ എല്ലാ തലങ്ങളിലും എത്തിയിരിക്കുന്നു.  കാലം എത്ര മാറിയാലും സ്ത്രീകളെ പുരുഷന്മാര്‍ ആ കണ്ണുകൊണ്ട്തന്നെയാണ് കാണുന്നത് തലമുറകളായി.  സ്ത്രീകളെ വെറും കാഴ്ചപണ്ടങ്ങള്‍ ആക്കുന്നു എന്നാണ് മീന കന്തസ്വാമി പറഞ്ഞത്.



അതിപ്പോഴും തുടരുന്നു ...

വാര്‍ത്ത:   "ലണ്ടനില്‍ ഒരു ബിസിനസ്‌ വെബ്സൈറ്റില്‍ സ്വന്തം വസ്ത്രം വില്‍ക്കാനായി ഒരു സ്ത്രീ ആ  വസ്ത്രത്തിന്റെ ഫോട്ടോ എടുത്ത്‌ പ്രദ്ര്ശിപ്പിച്ചു .  വില്‍ക്കാനുള്ള വസ്ത്രം തൂക്കിയിട്ട ശേഷം അതിന്റെ ഫോട്ടോ എടുക്കുമ്പോള്‍ അ  സ്ത്രീ കറുത്ത ഒരു ബ്രാ മാത്രമേ ധരിച്ചിരുന്നുള്ളു.  ആ നഗ്നത തൊട്ടടുത്ത്‌ വെച്ചിരുന്ന കണ്ണാടിയില്‍ പ്രതിഫലിച്ചിരുന്നു അവരതു ശ്രദ്ധിച്ചതുമില്ല .  മണിക്കൂറുകള്‍ക്കകം റ്റ്വിറ്റരില്‌ വൈറസ്ബാധപ്പോലെ വാര്‍ത്ത പടര്‍ന്നു പിടിച്ചു.  ഒരു സ്ത്രീയുടെ നഗ്നത കാണാന്‍ ഇത്രയും  സമയംകൊണ്ട് എത്രയധികം പേര്‍ അതില്‍ സന്ദര്‌ശനം നടത്തി.  അധികം വൈകാതെ അവര്‍ ആ  ചിത്രം മാറ്റി പുതിയ ഒരെണ്ണം ഇട്ടു".

ലണ്ടനിലായാലും , ലോകത്തില്‍ എവിടെയായാലും ഇതൊരു പുതിയ കാര്യമല്ല.   സ്ത്രീകള്‍ ഉപയോഗിക്കാത്ത പല സാധനങ്ങളുടെ  പരസ്യങ്ങളിലും സ്ത്രീകളുടെ അര്‍ദ്ധനഗ്ന ഫോട്ടോകള്‍ നമ്മള്‍ക്ക് കാണാന്‍  കഴിയും കാരണം കാഴ്ചവസ്തു തന്നെ.  വല്ലവിധേനയും സിനിമയില്‍ എത്തി പണത്തിനും പ്രശസ്തിക്കും (ഭാവി ഇരുട്ടിലാക്കുന്ന) വേണ്ടി അല്പവസ്ത്രധാരികളായി അഭിനയിക്കും, ടിവി ചാനലുകളില്‍ അഭിമുഹത്തില്‍ പറയുന്നതോ "അങ്ങിനെ ഒരു വേഷം ചെയ്യണമെന്നു ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടേ ഇല്ലായിരുന്നു.  ആ കഥാപാത്രത്തിന് അങ്ങിനെയൊരു വേഷം മാത്രമേ പറ്റു എന്ന് കണ്ടപ്പോള്‍ ഞാന്‍ ആ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തിയെന്നേയുള്ളൂ."   എന്ത് ചെയ്താലും , അമ്മയെ തല്ലിയാലും പറയാന്‍ ഒരു ന്യായം കണ്ടെത്തുമല്ലോ.

1986ല്‍  ഒരു ഹിന്ദി സിനിമയില്‍ നായിക തന്റെ കുഞ്ഞിനു മുല കൊടുക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു.  ചെറുപ്പക്കാരികളായ അമ്മമാര്‍ കുട്ടികള്‍ക്ക് പൊതു സ്ഥലത്ത് വെച്ച് മുലയൂട്ടേണ്ടി  വന്നാല്‍ പൊതുവെ  ശ്രദ്ധിക്കാറുണ്ട് പക്ഷെ ഇതൊരു ബിസിനെസ്സ് ആക്കുകയും പടം സുപ്പര്‍ ഹിറ്റാകുകയും ചെയ്തു.  അവരും  കഥാപാത്രത്തോട്  നീതി പുലര്ത്തിയതാകാം .

ഇന്നത്തെ സ്ഥിതി അതിലും പരിതാപകരമാണ്.  പത്തു കോടി മുതല്‍മുടക്കി ഒരു പടം എടുക്കുമ്പോള്‍ അതില്‍ ഒരു സുപ്പര്‍ നായികക്ക് ഒരു ഐറ്റം ഡാന്സിന് വേണ്ടി മാത്രം മൂന്നു കോടി കൊടുക്കുന്നു.  ബാക്കി ഏഴ് കോടി കൊണ്ട് പടം പുര്‍ത്തിയാക്കുന്നു.  കളക്ഷന്‍ നൂറു കോടി കവിയുന്നു.    അച്ഛനമ്മമാര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ പെണ്മക്കളെയും കൊണ്ട് സിനിമയിലും സീരിയലുകളിലും ചാന്‍സിന് വേണ്ടി അലയുന്നു.  കാലാകാലങ്ങളായി സ്ത്രീ ശരീര പ്രദര്‌ശനം ഒരു ബിസിനസ്‌ ആക്കി  പണമുണ്ടാക്കുന്നവരെ നമ്മള്‍ കാണുന്നു അറിയുന്നു എന്നിട്ടും പ്രതികരിക്കാതെ ഡല്‍ഹിയില്‍ ഡിസംബര്‍ 16നു നടന്ന ക്രൂരമായ ആ പീഡനം വേണ്ടി വന്നോ നമ്മളുടെ കണ്ണ് തുറക്കാന്‍, സ്ത്രീകളെ വെറും യന്ത്രങ്ങളായാണ് പുരുഷന്മാര്‍ കാണുന്നത് എന്നറിയാന്‍.  

സ്ത്രീ പീഡനം ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട് പക്ഷെ അതില്‍ വളരെ കുറച്ചു മാത്രമേ റിപ്പോര്‍ട്ട്‌ ചെയ്യപെടുന്നുള്ളു . ഡല്‍ഹി സംഭവത്തിനു ശേഷം ഡല്‍ഹിയിലും മറ്റു സ്ഥലങ്ങളിലും  കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപെട്ടതില്‍  ചില  സംഭവങ്ങള്‍ ഞാനിവിടെ ചേര്‍ക്കുന്നു:

ദല്‍ഹി:   ചാന്ദ്നി മഹല്‍ എന്ന സ്ഥലത്ത് 20 വയസ്സുകാരന്‍ 6 വസ്സുള്ള പെണ്‍ക്കുട്ടിയെ മാനഭംഗപ്പെടുത്തി.

40 വയസ്സുള്ള വിവാഹിതയും 4 കുട്ടികളുടെ അമ്മയുമായ ഒരു സ്ത്രീയെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു.

12, 15 വയസ്സ് പ്രായമുള്ള രണ്ട്  ആണ്‍കുട്ടികള്‍ ചേര്‍ന്ന് 24 വയസ്സുള്ള ഒരു സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഒച്ചവെച്ചു ആളെ കൂട്ടിയതുകൊണ്ട് അവര്‍ രക്ഷപ്പെട്ടു.

ഒരു ഡോക്ടര്‍ തന്റെ ജീവനക്കാരിയെ പീഡിപ്പിച്ചു.

വിവാഹം ഉറപ്പിച്ച പെണ്‍ക്കുട്ടിയെ പ്രതിശ്രുത വരനും കൂട്ടുകാരനും ചേര്‍ന്ന് പീഡിപ്പിച്ചു.

 മുംബൈ:  ലോനിഘട്ട് വില്ലേജില്‍ mentally challenged ആയ 24 വയസ്സുള്ള പെണ്‍ക്കുട്ടിയെ ഒരു അച്ഛനും പിന്നീട് നാല് ദിവസം കഴിഞ്ഞു മകനും പീഡിപ്പിച്ചു.

നവീ മുംബയില്‍ പ്രയപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ 31 കാരന്‍ പീഡിപ്പിച്ചു.

അസിസ്റ്റന്റ്‌ സബ് ഇന്‍സ്പെക്ടറുടെ മകളെ മറ്റൊരു പോലീസുകാരന്‍ പീഡിപ്പിച്ചു.

സുര്‍ഗാന താലുക്കില്‍ 18 കാരിയെ രണ്ടു പേര്‍  ചേര്‍ന്ന് പീഡിപ്പിച്ചു.  മൂന്നു പേര്‍ അതിനു സഹായിച്ചു.

തമിഴ്നാട്:  കിലക്കുളം വില്ലേജില്‍ 13 വസ്സുള്ള ഒരു പെണ്‍ക്കുട്ടിയുടെ ജഡം റെയില്‍വേ ട്രാക്കൊനിടയിലുള്ള വയലില്‍ നിന്നും കിട്ടി.  പീഡനമാണെന്ന് സംശയിക്കുന്നു.

സേലത്ത് 13, 16 വയസ്സുള്ള സഹോദരിമാരെ 59 കാരന്‍ പീഡിപ്പിച്ചു.

കടലൂരില്‌ 20 കാരി കൂട്ടമാനഭംഗത്തിനിരയായി.  പത്തു പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്.

തൂത്തുക്കുടിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി മാനഭംഗശ്രമത്തിനിടെ കൊല്ലപ്പെട്ടു.

 ഒറിസ്സയിലെ ഭുവനെസ്സ്വറില്‍ 19 വയസ്സുള്ള ഒരു സ്ത്രീയെ അഞ്ചു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു.  ഒരിസ്സയില്‍ തന്നെ മൂന്നു പേര്‍ ചേര്‍ന്ന് 24 വയസ്സുള്ള സ്ത്രീ യെ പീഡിപ്പിച്ചു.

ജയ്പൂരില്‍ 24 വയസ്സുള്ള ഒരു സ്ത്രീയെ മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയും ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു.

ബീഹാറില്‍ പിപ്ര വില്ലേജില്‍ 19 വയസ്സുള്ള പെണ്‍ക്കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും
ശക്തമായി എതിര്‍ത്തപ്പോള്‍ കൊന്നുകളയുകയും ചെയ്തു.  പട്ന ജില്ലയില്‍ ഡാനിയവ എന്ന സ്ഥലത്ത് പ്രായപുര്തിയാകാത്ത ഒരു ദളിത്ത്  പെണ്‍ക്കുട്ടിയെ മുന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു.

ഗുല്‍ബര്‍ഗയിലെ ചിന്ചോളി താലുക്കില്‍ 11 വയസ്സുള്ള ഒരു പെണ്‍ക്കുട്ടിയെ ഒരു ബന്ധുവും കൂട്ടുകാരനും പീഡിപ്പിച്ചു.

അഹമ്മദഭാദില്‍ നിന്നും ആറു  കിലോമീറ്റര്‍ അകലെ പഞ്ചമഹല്‌  ജില്ലയില്‍ രണ്ടര വയസ്സുള്ള കുട്ടിയെ 32 കാരന്‍ പീഡിപ്പിച്ചു.  ആശുപത്രിയില്‌ വെച്ച് ആ പിഞ്ചു കുഞ്ഞു മരിച്ചു.

ഇനി കേരളത്തിലെ ചില സംഭവങ്ങള്‍ നോക്കാം:  കിളിമാനൂരില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബാലികയെ 26 വയസ്സുകാരനും പ്ലസ് വണ്‍ വിദ്യാര്‍ഥിയും പീഡിപ്പിച്ചു.  പെണ്‍ക്കുട്ടിയുടെ അമ്മയുടെ അറിവോടെ ആയിരുന്നു പീഡനം.

പാലക്കാട് പെരുവമ്പില്‍ 16 കാരിയെ രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു.

കൊട്ടിയത്ത് പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആറു  പേരെ അറസ്റ്റു ചെയ്തു.

കൊയില്ലാണ്ടിയില്‍ ഏഴാം ക്ലാസ്  വിദ്യാര്‍ഥിനിയേ 42 കാരന്‍ പീഡിപ്പിച്ചു.

കേരളത്തില്‍ പറവൂരില്‍ നടന്ന സംഭവം വിചിത്രമാണ് കാരണം ഇങ്ങിനെയുള്ള സംഭവങ്ങള്‍ പുറത്തു വരാറില്ല.  മുന്ന് കുട്ടികളുടെ മാതാവായ 42 കാരി ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ആണ്‍ ക്കുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി  പീഡിപ്പിച്ചു.


 ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തണമെന്ന് ജനം മുറവിളി കൂട്ടി.  ജസ്റ്റീസ് ജെ എസ് വര്‍മയുടെ നേതൃത്തത്തിലുള്ള സമിതി ശുപാര്‍ശ ചെയ്തത് കൂട്ട ബലാത്സംഗത്തിനു ജീവപര്യന്തവും ബലാത്സംഗത്തിനിടയിലുള്ള കൊലയ്ക്ക് 20 കൊല്ലം തടവും.  ബലാത്സംഗത്തിന് വധശിക്ഷ വേണമെന്ന അഭിപ്രായത്തോട് സമിതി യോജിച്ചില്ല.

പക്ഷെ എന്റെ ഭാര്യ ആ  സമിതിയുടെ  ശുപാര്‍ശയോട് ഒട്ടും യോജിക്കുന്നില്ല.  കുറ്റക്കാരെ പൊതുജനത്തിന് വിട്ടുകോടുക്കണം എന്നാണ് രോഷത്തോടെ പറയുന്നത്.  അതുമാത്രമല്ല അവരുടെ ഓരോ അവയവങ്ങളും പതുക്കെ പതുക്കെ പൊതുജന സമക്ഷം മുറിച്ചെടുക്കണം എന്നാണ്.

ആര്‍ച്ചുബിഷപ്പ് മാര്‍ പവ്വത്തിന്റെ  അഭിപ്രായത്തില്‍ സംസ്കാരിക രംഗത്ത് വലിയ മാറ്റം ഉണ്ടാകണം എന്നതാണ്.

"ഏതായാലും ഇന്നത്തെ സംസ്കാരം ലൈംഗികആസക്തി വളര്‍ത്തുന്നതിനു വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നതില്‍ സംശയിക്കേണ്ട.  പുസ്തകങ്ങളും പത്രമാസികകളും മാത്രമല്ല ഇന്റര്‍നെറ്റ്‌ മേഖലയും ഇന്ന് ഇതിന് ഉപാധിയാണല്ലോ.  കൊച്ചുക്കുട്ടികള്‍ക്കുപോലും ഇതെല്ലാം ലഭ്യമാകുന്നുണ്ട് എന്നതാണ് വസ്തുത."

 സമൂഹത്തില്‍, ജനങ്ങളുടെ ചിന്താഗതിയില്‍ മാറ്റമുണ്ടാവണം എന്നാണ് നമ്മള്‍ ഓരോരുത്തരും പറയുന്നത്.  ആരാണ് സമുഹം.  നമ്മള്‍കൂടി ഉള്‍പ്പെടുന്നതാണ് സമൂഹം അതുകൊണ്ട് നമ്മളില്‍ തന്നെയാണ് മാറ്റം ഉണ്ടാവേണ്ടത് നമ്മള്‍ ഓരോരുത്തരിലും.  അയല്‍വക്കത്തെ കുട്ടിക്ക് മാര്‍ക്ക് അല്പം കൂടുതല്‍ കിട്ടിയാല്‍, ഏതെങ്കിലും പരിപാടിയില്‍ സമ്മാനം കിട്ടിയാല്‍ നമ്മളിലോക്കെ ഉണ്ടാവുന്ന ഒരു വിഷമാവസ്ഥ ഉണ്ടല്ലോ അതിനെ എന്താണ് പേരിട്ടു വിളിക്കുക.  അവിടം മുതലാണ്‌ മാറ്റം വരേണ്ടത്, വരുത്തേണ്ടത്.  എല്ലാവരും മനുഷ്യരാണ്,  നമ്മളെപ്പോലെതന്നെ ചിന്തകള്‍ ഏല്ലാവര്‍ക്കും ഉണ്ട് എന്ന് പുതിയ തലമുറയെ മനസ്സിലാക്കി കൊടുക്കണം.  അത് സ്വന്തം വീട്ടില്‍ നിന്നുതന്നെ തുടങ്ങണം.

സ്ത്രീ ഒരു കാഴ്ചവസ്തു അല്ലെന്നും വിചാരവും വികാരവും ഉള്ള ഒരു മനുഷ്യനാണ് എന്നും പുരുഷന്മാര്‍ മനസ്സിലാക്കണം.  പുരുഷന്മാരെപ്പോലെ സ്ത്രീകളും ഉണ്ണുന്നു ഉറങ്ങുന്നു പ്രഭാതകര്‍മ്മങ്ങള്‍ ചെയ്യുന്നു.  അവരുടെ ശരീരത്തില്‍ നിന്നും പുറത്തുപോകുന്നത് വിയര്‍പ്പും മലവും മൂത്രവും ഒക്കെതന്നെയാണ്.  തൊലി വെളുപ്പും ശാരീരിക വടിവുമൊക്കെ താല്‍ക്കാലികമാണ്.  സ്നേഹിക്കാന്‍ പഠിക്കുക സ്നേഹിക്കാന്‍ പഠിപ്പിക്കുക.  നമ്മള്‍ മാറും സമൂഹം മാറും അല്ലങ്കില്‍ ഇന്ത്യന്‍ TV ചാനലുകളില്‍ കാണുന്ന സീരിയലുകള്‍ പോലെ പീഡന പരമ്പര തുടര്‍ന്നുകൊണ്ടേയിരിക്കും ഒന്നിനുപുറകെ മറ്റൊന്നയി ..........