പേജുകള്‍‌

2013, ജൂൺ 13, വ്യാഴാഴ്‌ച

കമ്പിയില്ലാകമ്പി നാടുനീങ്ങുന്നു




കമ്പി വന്നേ  കമ്പി വന്നേ എന്ന് ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട്  ഓടുന്നു.  കേട്ടവർ കേട്ടവർ പുറകെ ഓടുന്നു.  ഏതു വീട്ടിലേക്കാണോ അയാൾ  ഓടിക്കയറിയത് ആ വീട്ടിലെ കുടുംബനാഥ കേട്ടതും തലചുറ്റി വീഴുന്നു. കുടുംബനാഥൻ ചാരുകസേരയിൽ തളർന്നിരിക്കുന്നു.  ഓടികൂടിയവർ പരസ്പ്പരം നോക്കി നില്ക്കുന്നു.  അവസാനം അയൽപക്കത്തെ പള്ളിക്കൂടം വാദ്ധ്യാർ കമ്പി വായിക്കുന്നു.  പട്ടാളത്തിൽ പോയ മകൻ നാളെ ലീവിന് വരുന്നു.  എല്ലാവർക്കും  ആശ്വാസം സന്തോഷം.  എല്ലാവരും കട്ടൻചായ കുടിച്ച്  പിരിയുന്നു.  കമ്പിയില്ലാ  കമ്പി എന്ന് വിളിക്കുന്ന ടെലിഗ്രാം ഇതുപോലെതന്നെ  ഒരുപാട് ജനന മരണ അറിയിപ്പുകളുടെയും  കഥകളുണ്ട്.  ആ  പാവം ടെലിഗ്രാം അടുത്ത മാസം നാടുനീങ്ങുന്നു.  പഴയ  തലമുറകൾക്ക്  ഇതൊരോർമ്മയും   പുതിയ തലമുറക്ക്‌ ഒരു തമാശയുമാകും  ടെലിഗ്രാം. 

1920  - 1930 കാലഘട്ടത്തിൽ വളരെ ചുരുങ്ങിയ ചിലവിൽ എത്ര ദൂരത്തേക്കും ടെലിഗ്രാം അയക്കാമായിരുന്നു. 

രണ്ടാം ലോകമഹാ യുദ്ധകാലത്ത്  ഓരോ ഗ്രാമങ്ങളിലും  ജനങ്ങൾ ഭയത്തോടെ ദിവസങ്ങൾ തള്ളിനീക്കിയിരുന്നു .  യുദ്ധത്തിൽ പങ്കെടുക്കാൻ പോയ ജവാന്മാരുടെ മരണവാർത്ത നാട്ടിൽ അറിയിച്ചിരുന്നത്‌ കമ്പിയില്ലാ കമ്പി വഴിയായിരുന്നു.  കമ്പി എന്നാൽ മരണവാർത്ത എന്ന് അന്നുമുതൽ  കുറെ കാലം ജനങ്ങളുടെ മനസ്സിൽ  തങ്ങി നിന്നിരുന്നു. 

160 വർഷക്കാലമായി നമ്മോടൊപ്പമുണ്ടായിരുന്ന ടെലിഗ്രാം നമ്മളോട്‌  വിട പറയുന്നു.  

ഒന്ന് എന്നത് മ്മിണി ബല്യ ഒന്ന് വന്നപ്പോൾ ഇല്ലാതാവുകയാണ്...  നാടുനീങ്ങുകയാണ്......

മാധവിക്കുട്ടിയുടെ മോതിരം




വായനക്കാരായ മലയാളികളുടെ മനസ്സിൽ നീർമാതള പൂക്കൾ വിരിയിച്ച് കടന്നുപോയ എഴുത്തുകാരി മാധവിക്കുട്ടിയെ, അവരുടെ ഓർമ്മകളെ കുറേപ്പേർ ചേർന്ന് വെട്ടിമുറിക്കുന്നു.  വീണ്ടും വീണ്ടും വെട്ടി മുറിവുകൾ  എണ്ണിനോക്കി പരസ്പ്പരം പുലമ്പുന്നു.  ചില മുറിവുകൾ ഹിന്ദു മുറിവുകളാണ് ചിലത് ഇസ്ലാം മുറിവുകളാണ് എന്നൊക്കെ.  ആദ്യത്തെ വെട്ട്, ജന്മഭൂമി പത്രത്തിൻറെ പത്രാധിപയും മാധവിക്കുട്ടിയുടെ പ്രിയ സുഹൃത്ത് ആയിരുന്നു എന്ന് അവകാശപ്പെടുന്ന ശ്രീമതി ലീല മേനോനാണ്  വെട്ടിയിരിക്കുന്നത്.  അതേറ്റുപിടിച്ച്  ബ്ലോഗ്ഗിലൂടെയും ,  ടിട്ടരിലൂടെയം  ഫേസ് ബുക്കിലുടെയുമൊക്കെ ജനങ്ങൾ വെട്ടികൊണ്ടെയിരിക്കുന്നു.  നാലു വർഷമായി ഒരു വലിയ ഭാരം മനസ്സില് കൊണ്ടുനടക്കുകയയിരുന്നോ ശ്രീമതി ലീല മേനോൻ. 

 സമദാനിയെപ്പോലെയുള്ളവരെ  ഓർത്താണോ   അതോ   മരണത്തില്പോലും അവര്ക്ക്വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചത്‌ കൊണ്ടുള്ള രോഷം കൊണ്ടാണോ   ഹാ കഷ്ടം! എന്നു പറയാൻ തോന്നിയത്.  

എന്തും തുറന്നെഴുതുവാൻ കഴിവുള്ള ഒരു എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി.  അതുകൊണ്ടുതന്നെയാണ്‌ എല്ലാംതന്നെ ഒരു സുഹൃത്തിനോട്‌  അവർ തുറന്നു പറഞ്ഞത്.   അയാളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടു എന്നതു  മാത്രം അവർക്ക് മറച്ചു വെക്കാമായിരുന്നു  പക്ഷെ അവരതു ചെയ്തില്ല അതാണ്‌ മാധവിക്കുട്ടി.  പിന്നെ ശ്രീമതി ലീല മേനോനോടുള്ള അവരുടെ സ്നേഹം വിശ്വാസം, അത് നാല് വയസ്സിൽ മരിച്ചു.   

എന്തായാലും ശ്രീമതി ലീല മേനോന് മാധവിക്കുട്ടിയെ മറക്കാൻ സാദ്ധ്യമല്ല കാരണം വശ്യമായ നയനങ്ങളും മനോഹരമായ പുഞ്ചിരിയും സെന്സ്ഓഫ്ഹ്യൂമറും അതേസമയം ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ എഴുതാന്കഴിവുമുള്ളതു കൊണ്ടൊന്നുമല്ല പിന്നെ 

"എനിക്ക്കമലാദാസ്എന്ന മാധവിക്കുട്ടിയെ ഒരിക്കലും മറക്കാന്സാധ്യമല്ല. അതിന്കാരണം കമല എനിക്ക്തന്ന ഒരു മോതിരമാണ്‌".





leela_menon

ലീല മേനോന്റെ ലേഖനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക




2013, ജൂൺ 8, ശനിയാഴ്‌ച

ഒരു കൊച്ചുകഥ - സംശയം



മലമുകളിൽനിന്ന് സൂര്യൻ പതിയെ പതിയെ മറഞ്ഞുപോയി.  കുന്നിൻചെരുവിലെ വെയിലും സൂര്യനോടൊപ്പം പോയി.  എന്നാലും മീനമാസത്തെ ചൂടുകാറ്റിനു ഒരു കുറവും ഇല്ല.  മങ്ങിയ വെളിച്ചത്തിൽ മലമുകളിൽ ചുവന്ന നിറം കാണുന്നുണ്ട്.  ഉണ്ണിക്കുട്ടന് ഇതൊരു പതിവ് കാഴ്ചയാണ്.  ഉമ്മറപ്പടിയിൽ ഇരുന്നാൽ മലയും കുന്നുംചെരുവുമൊക്കെ നല്ലപോലെ കാണാം. 

ഉമ്മറപ്പടിയിൽ ഇരുന്ന് എത്ര ചിന്തിച്ചിട്ടും രാവിലെ പത്രത്തിൽ വായിച്ച വാർത്ത ഒരു ദഹനക്കേടായി ഉണ്ണിക്കുട്ടന്റെ മനസ്സിൽ കിടന്നുരുണ്ടുകൊണ്ടിരുന്നു. 

ഇതെപ്പറ്റി ആരോടാണ് ഒന്ന് ചോദിക്കുക.  അമ്മ പലവട്ടം ശകാരിച്ചിട്ടുണ്ട് ആവശ്യമില്ലാത്ത സംശയങ്ങളുമായി ചെല്ലരുതെന്ന്.  ഇതും അമ്മയുടെ ആവശ്യമില്ലാത്ത സംശയങ്ങളുടെ പട്ടികയിൽ പെട്ടതാണോ ആവോ.  അച്ഛനോട് ചോദിക്കാം എന്നുവെച്ചാൽ നേരവും കാലവും അച്ഛന്റെ മൂഡും ഒക്കെ നോക്കണം.   വഴക്ക് പറഞ്ഞാൽ പറയട്ടെ അന്നത്തെ പത്രവുംകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കളയിലേക്കു നടന്നു. 

ഉമ്മറത്ത്‌ ദീപം കത്തിച്ചുവെക്കാൻ നിലവിളക്ക് തുടച്ചു വൃത്തിയാക്കുകയായിരുന്നു അമ്മ.  ഉണ്ണിക്കുട്ടന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ട്‌ അമ്മ പറഞ്ഞു "ഉണ്ണി സംശയം വല്ലതുമാണെങ്കിൽ അച്ഛൻ വരുമ്പോൾ ചോദിച്ചോളു.  നിൻറെ  സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ബുദ്ധിയൊന്നും നിന്റെ അമ്മക്കില്ല അതെങ്ങിനെയാ തല തിരിഞ്ഞ ചോദ്യങ്ങളല്ലേ ഈയിടെയായിട്ടു നീ ചോദിക്കണേ.  പത്തു വയസ്സ് പ്രായമുള്ള കുട്ടികൾ ചോദിക്കണ സംശയങ്ങളാണോ നിന്റേതു. 

വാടിയ മുഖവുമായി തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഉണ്ണികുട്ടനോട് " നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല ഉണ്ണി...  പറയു എന്താ നിന്റെ ഇന്നത്തെ സംശയം".  

കൈയിൽ പിടിച്ചിരുന്ന പത്രം നിവർത്തി ഉണ്ണി വായിച്ചു തുടങ്ങി.  " പതിറ്റാണ്ടുകളായി വറ്റാത്ത ജലസ്രോതസ്സായി നിലനിന്ന ക്ഷേത്രക്കുളങ്ങളും കിണറുകളുമെല്ലാം വറ്റിവരണ്ടതോടെ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ഒരു മാസത്തേക്ക് നിർത്തിവെച്ചു. ഇത്തവണത്തെ കടുത്ത വേനലിൽ ക്ഷേത്രത്തിനകത്തെ  മൂന്നു കിണറുകളും ഒരു കുളവുമാണ് വറ്റിയതു".  

വായന നിർത്തി ഉണ്ണി അമ്മയുടെ മുഖത്തേക്ക് നോക്കി പക്ഷെ മുഖത്ത്  ഒരു ആ ഭാവവെത്യാസവും കാണാൻ കഴിഞ്ഞില്ല. 

അമ്മ പറഞ്ഞു തന്നിട്ടില്ലേ കടലും പുഴയും മരങ്ങളും മനുഷ്യനും എന്തിന്  സർവചരാചരങ്ങളും ദൈവത്തിൻറെ സൃഷ്ട്ടിയാണ് എന്ന്.  കടല് ഉണ്ടാക്കാൻ പറ്റുന്ന ദൈവത്തിനു സ്വന്തം പൂജക്ക്‌ വെള്ളം ഉണ്ടാക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ കഷ്ടം തന്നെയാണ് അല്ലേ ആമ്മേ ?  

അമ്മയുടെ കണ്ണുകൾ ചുവന്നു.  മുഖം വിളറി.  ചുണ്ടുകൾ  വിറച്ചു. 

"നിന്റെ അച്ഛനെ പറഞ്ഞാൽ  മതിയല്ലോ മകൻ വലുതാവുമ്പോ ഐ എ എസ് കാരനാകണം എന്നും പറഞ്ഞ് നാട്ടിൽ  കിട്ടാവുന്ന പുസ്തകങ്ങൾ എല്ലാം വാങ്ങികൂട്ടി.  വായനാശീലം  ചെറുപ്പം  മുതൽക്കേ  ഉണ്ടാക്കിയെടുക്കണത്രേ" .

തിരിഞ്ഞു നടക്കുമ്പോൾ ഉണ്ണി മനിസ്സിലോർത്തു  പഴയ  തലമുറകൾ  ഒന്നും  ചിന്തിക്കതെയാണോ ജീവിച്ചത്.

                                                                       **************

2013, ജൂൺ 1, ശനിയാഴ്‌ച

നിയമത്തെ പീഡിപ്പിക്കുന്നവർ


ദൽഹി ഹൈകോടതിയുടെ ആശങ്കയും നിർദേശങ്ങളും: 

1.    " ബലാത്സംഗങ്ങൾ വർദ്ധിച്ചുവരുന്നതിൻറെ മൂലകാരണം കണ്ടെത്തണമെന്ന് കേന്ദ്ര സർക്കാരിനോടും പോലീസിനോടും ദൽഹി ഹൈകോടതി ആവശ്യപ്പെട്ടു. "

2.    "ഡൽഹിയിൽ എവിടേയോ എന്തോ കുഴപ്പമുണ്ട് ജനങ്ങൾക്ക്‌ ഭ്രാന്തായിരിക്കുന്നു  മറ്റുകാര്യങ്ങൽ  നമ്മൾക്ക്  മനസ്സിലാക്കാം.   "

3.   ബലാത്സംഗ കേസുകൾ പെട്ടന്ന് വര്ധനയുണ്ടായത്തിന്റെ കാരണം കണ്ടെത്തണമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തോടും ദൽഹി പോലിസിനോടും ആവശ്യപ്പെട്ടു. 

4.   പ്രതികൾ കൂടുതലും അടുത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്, ഇത്തരം കുറ്റക്രിത്യങ്ങൾ തടയുന്നതിനുള്ള വഴികൾ കണ്ടെത്തേണ്ടതുണ്ട്.

5.  പോലിസ് ഉദ്യോഗസ്ഥർക്ക് കൊടുക്കുന്ന പരിശീലനത്തെക്കുറിച്ച് റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടു.

6.    പോലിസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടുത്താൻ പരിശീലനത്തിൽ എവിടെയാണ് മാറ്റം വേണ്ടതെന്ന്  കണ്ടെത്തണം.


ബലാത്സംഗങ്ങൾ ക്രമാധീതമായി വർധിച്ചു എന്നു പറയാനാവില്ല കാരണം പണ്ടും അതുണ്ടായിരുന്നു.  ജനങ്ങളുടെ ഭയം കുറച്ചൊക്കെ ഇല്ലാതാവുകയും ബലാൽസംഗത്തിന് ഇരയായ പെണ്‍ക്കുട്ടിയും വീട്ടുകാരും പോലിസ് സ്റ്റേഷനിൽ ചെന്ന് കേസ് രജിസ്റ്റർ ചെയ്യാൻ ധൈര്യം കാണിക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു.  പെണ്‍ക്കുട്ടിയുടെ ഭാവിയോർത്തും  പോലീസുകാരുടെ പെരുമാറ്റത്തിന്റെ കൈപ്പോർത്തും, കോടതിയിൽ  അനാവശ്യമായ ചോദ്യങ്ങൾകൊണ്ട് വിവസ്ത്രയാക്കുന്ന  മാനസികപീഡനം   ഓർത്തും  കുറെയധികം കേസുകൾ ആരെയും അറിയിക്കാതെ മൂടിവെക്കപ്പെട്ടിരുന്നു.   ആ സ്ഥിതി ഏറെക്കുറെ മാറിയിരിക്കുന്നു.  കേന്ദ്രസർക്കാരും പോലീസും ഇതിൻറെ  മൂലകാരണങ്ങൾ അന്വേഷിക്കട്ടെ അന്വേഷണ കമ്മിഷനെ നിയമിക്കട്ടെ കോടികൾ ചിലവിടട്ടെ എന്നാലും മറ്റു ചില രാജ്യങ്ങളെപ്പോലെ ഒരു കടുത്ത നിയമം ഉണ്ടാക്കാൻ നമ്മുടെ രാജ്യത്തിന്‌ കഴിയില്ല കാരണം ഇവിടെ കള്ളനും, കൊലപാതകിക്കും ബലാത്സംഗവീരന്മാർക്കുമൊക്കെ മന്ത്രിയാകാനും രാജ്യം ഭരിക്കാനും കഴിയും.  


ഡൽഹിയിൽ എവിടേയോ എന്തോ കുഴപ്പമുണ്ട് എന്നതല്ല ശരി ഡൽഹിയിൽ മുഴുവനും കുഴപ്പങ്ങളാണ്.  പണമുണ്ടെങ്കിൽ എന്തുമാകാം എന്നുള്ള പ്രവണതയാണ്‌ ഒന്നാമത്തെ കുഴപ്പം.   കോടതിയിൽ നിന്നുതന്നെ തുടങ്ങാം.  ഡൽഹിയിലെ പട്യാല ഹൗസ്  കോടതിയിൽ ഒരുപാട് കോടതി മുറികളുണ്ട്  ജഡ്ജ്മാർ ഉണ്ട്.  പണ്ട് ഞാൻ ജോലിചെയ്തിരുന്ന കമ്പനിയെ ഒരാൾ ചീറ്റുചെയ്ത കേസിൻറെ ഹിയറിങ്ങിനായി ഇടക്കിടക്ക് എനിക്കവിടെ പോകേണ്ടി വന്നിട്ടുണ്ട്.  വക്കീലിനാണെങ്കിൽ ഒരു ദിവസം പല കോടതിയിൽ പല കേസ്സുകളാണ്.  ജഡ്ജ് ഇരിക്കുന്നത്തിന്റെ വലതുവശത്തായി കേസ് വിളിക്കാനായി ഒരാള് ഇരിക്കുന്നുണ്ട്‌. .  അയാളുടെ മുന്പിൽ ഇട്ടിരിക്കുന്ന മേശയുടെ വലിപ്പ് അല്പം തുറന്നുവെച്ചിട്ടുണ്ട്.   വക്കീൽ  തുറന്നുവെച്ചിരിക്കുന്ന  മേശവലിപ്പിന്റെ ഉള്ളിൽ  ഒരു അമ്പതു രൂപ ചുരുട്ടി  ഇട്ടിട്ട് കേസ് നമ്പർ  പറയുന്നു .  അടുത്തതിന്റെ പിന്നത്തെ കേസ് വക്കിലിന്റെ തന്നെ .  കോടതി മുറിക്കുപുറത്ത് നോട്ടീസ് ബോർഡിൽ ഒട്ടിച്ചുവെചിട്ടുള്ള  കേസ് ലിസ്റ്റ്  വെറുതെ .    ജനങ്ങൾക്ക്‌ ഭ്രാന്തായിരിക്കുന്നു കാരണം അഴിമതിയില്ലാത്ത ഒരൊറ്റ സർക്കാർ സ്ഥാപനം ഡൽഹിയിൽ ഇല്ലതന്നെ .  നോർത്ത് ബ്ലോക്കിലെയും സൌത്ത് ബ്ലോക്കിലെയും സർക്കാർ  മന്ദിരങ്ങളുടെ ഇടനാഴികളിലൂടെ ഒന്ന് നടന്നുനോക്കണം അഴിമതിയുടെ ഗന്ധം നിങ്ങൾക്കനുഭവപ്പെടും .  മുകള്തട്ടിലുള്ളവർ കോടികൾകൊണ്ട് കളിക്കുമ്പോൾ താഴെ തട്ടിലുള്ളവർ ആയിരം കൊണ്ട് കളിക്കുന്നു എന്നു  മാത്രം .  എന്തിന്  സർക്കാർ  ആശുപത്രികളിൽ ജോലി ചെയ്യുന്ന നമ്മുടെ മാലാഹമാരായ  ആയിരക്കണക്കിനു നർസുമാർ അതിൽ തൊണ്ണൂറു ശതമാനം മലയാളികളാണ് .  ഇവരുടെയൊക്കെ വീടുകളിൽ  വെസ്റ്റ്  ഇടുന്ന കവറുകൾ അടുക്കി വെച്ചിട്ടുണ്ട്  കൂടാതെ മരുന്നുകളും കോട്ടനും എന്നുവേണ്ട അടിച്ചു മാറ്റാവുന്നത്ര സാധനങ്ങൾ ഓരോരുത്തരും അടിച്ചുമാറ്റുന്നുണ്ട്.  അതുകൊണ്ടുതന്നെ ഈയിടെയായി ചില ആശുപത്രികളിൽ ചെക്കിങ്ങ് കർശനമാക്കിയിട്ടുണ്ട് .   പണം എത്ര കിട്ടിയാലും പണത്തിനോടുള്ള ആർത്തി മനുഷ്യമനസ്സുകളിൽ ഉണ്ട് .  അതുപോലെതന്നെയാണ് പീഡനത്തോടുള്ള  ചിലരുടെ ആർത്തി .  ബലാത്സംഗത്തിനു ഇരയാകുന്നവരിൽ ഭൂരിഭാഗവും പാവപ്പെട്ടവരും ഇടത്തരക്കാരുമാണ് അവർ നിസ്സഹായരാണെന്നും മറക്കാനും സഹിക്കാനും കഴിവുള്ളവരാണെന്നും  രാഷ്ട്രീയക്കാർക്കും ഭരണകൂടത്തിനും നല്ലപോലെ അറിയാം അതുകൊണ്ടാണല്ലോ വർമ കമ്മിഷൻ റിപ്പോര്ട്ട് അവിടവിടെ തൊട്ടും തൊടാതെയും നടപ്പിലാക്കിയത് .

ബലാൽസംഗകേസുകളിൽ പെട്ടന്നുള്ള വർദ്ധനയുടെ  കാരണം കേന്ദ്രമാന്ത്രാലയവും ദൽഹി പോലീസും തിരഞ്ഞുകൊണ്ടിരിക്കുന്നു .  ബലാത്സംഗങ്ങൾ കുറഞ്ഞില്ല എങ്കിലും ബലാത്സംഗ കേസുകൾ കുറയാൻ ദൽഹി പോലിസ് രണ്ടായിരവും അയ്യായിരവും ഒക്കെ ഓഫർ  ചെയ്തു കേസുകൾ ഒതുക്കി പരമാവതി കുറക്കാൻ ശ്രമിക്കുന്നുണ്ട് .

പ്രതികളിൽ പലരും അടുത്തുള്ള സംസ്ഥാനങ്ങളിൽ  നിന്നുള്ളവരാണ്.  ഡൽഹിയുടെ അടുത്തുള്ള സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്  ഹരിയാന മുതലായവ എടുക്കാം .  അവിടത്തെ ഗ്രാമങ്ങളിൽ നിന്നുമുള്ള നിരക്ഷരരായ ഒട്ടനവധി ചെറുപ്പക്കാർ തുച്ചമായ വരുമാനത്തിൽ ചെറിയ ചെറിയ ജോലികൾ  ചെയ്ത് ഡൽഹിയിലെ പല സ്ഥലങ്ങളിലും കൂട്ടം കൂട്ടമായീ താമസ്സിക്കുന്നുണ്ട്‌ .  അവർ അവരുടെ ഗ്രാമങ്ങളിൽ ഒരിക്കലും കാണാത്തതും സിനിമകളിൽ മാത്രം കണ്ടിട്ടുള്ളതുമായ കാഴ്ചകളാണ്  ഡൽഹിയിൽ അവർ നിത്യവും കാണുന്നത് .  മദ്യത്തിനാണെങ്കിൽ  മറ്റുള്ള സംസ്ഥാനങ്ങളിൽ വെച്ച് വളരെ വില കുറവും.  സ്വന്തം അർദ്ധനഗ്ന ശരീരത്തിലേക്ക് കുറെ പുരുഷന്മാർ തുറിച്ചു നോക്കുന്നത്‌  കണ്ട്  സംതൃപ്തി അടയുന്ന ഒരുപാട് പെണ്‍ക്കുട്ടികൾ ഡൽഹിയിൽ ഉണ്ട് എന്നുള്ളത് വാസ്തവം തന്നെയാണ് .  പിന്നെ പാലിക്കാ ബശാർ തുടങ്ങി ഡൽഹിയിലെ മുക്കിലും മൂലയിലും വരെ  മുപ്പതു രൂപ മുതൽ അമ്പതു രൂപ നിരക്കിൽ ലോകത്തിലെ ഏതു രാജ്യത്തിലെ മനുഷ്യരുടെ കാമകേളികൾ കാണാനുള്ള നീല സീഡികൾ ലഭ്യമാണ് .  ഇത് നിയമവിരുദ്ധമാണ് എന്ന് ഡൽഹി  പോലീസിന്  അറിയില്ല എന്നുണ്ടോ .  വില കുറഞ്ഞ മദ്യം , സംസ്കാര സമ്പന്നർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറെ പണക്കാരുടെ മക്കളുടെ അർദ്ധനഗ്നത, നീല ചിത്രങ്ങൾ എല്ലാം കൂടെ തലച്ചോറിൽ ലഹരി പിടിപ്പിച്ച് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ആ ചെറുപ്പക്കാർ കാണുന്നത് മൂന്നു വയസ്സ് പ്രായമുള്ള ഒരു പാവം പെണ്ക്കുട്ടിയെയാണ് .  തിരിച്ചു ചിന്തിക്കാൻ അവരുടെ ബുദ്ധിമണ്ഡലം പ്രവർത്തനരഹിതമായിരിക്കുകയാണ് .  ഈയിടെ ഡൽഹിയിൽ നടന്ന ഒരു കേസിന്റെ പിന്നാമ്പുറ കാഴ്ചകളാണ് ഞാനിവിടെ പറഞ്ഞത് .

പോലിസ് ഉദ്യോഗസ്ഥർക്ക് കൊടുക്കുന്ന പരിശീലനത്തെക്കുറിച്ച് റിപ്പോർട്ട് . പോലിസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടുത്താൻ പരിശീലനത്തിൽ എവിടെയാണ് മാറ്റം വേണ്ടതെന്ന്  കണ്ടെത്തണം.    ആർമിയിലും പൊലിസിലുമൊക്കെ കൈക്കുലി മേടിച്ച് കടത്തി വിടുന്ന ഒരുപാട് കേസുകൾ മുൻപ് പിടിക്കപെട്ടിട്ടുണ്ട് .  ദൽഹി പൊലിസിലും ഈ  സംഭവം അരമന രഹസ്യം അങ്ങാടിപട്ടാണ് .  അവിടെയാണ് ആദ്യം മാറ്റം വരുത്തേണ്ടത് .  ലക്ഷങ്ങൾ കൈക്കൂലി കൊടുത്ത് ജോലി വാങ്ങുന്ന ഒരാൾ അതിനിരട്ടി ഉണ്ടാക്കാൻ നോക്കുന്നത് സോഭാവികം. ഒരു നൂറു രൂപ കൈയിൽ ഉണ്ടെങ്കിൽ ഡൽഹിയിൽ നിങ്ങൾക്ക് ഏതു ട്രാഫിക്‌ നിയമങ്ങളും തെറ്റിക്കാം.   കോടികൾ ഉണ്ടെങ്കിൽ ഏതു പാവപ്പെട്ടവന്റെയും ശരീരത്തിലേക്ക് വണ്ടി ഓടിച്ച് കയറ്റാം.  കഴിഞ്ഞ 25 വർഷങ്ങളായി ഡൽഹിയിൽ ഞാനിതു കാണുന്നു ഇന്നുവരെ ഒരു മാറ്റവും ഞാൻ കണ്ടില്ല ഇനി ഉണ്ടാവുമെന്നും തോന്നുന്നില്ല .  ഭരണകൂടത്തിനോ കോടതിക്കോ ഒന്നും ചെയ്യാനും കഴിയില്ല കാരണം നമ്മുടെ ഭാരതത്തിന്റെ രാഷ്ട്രീയക്കളികൾ , നിയമങ്ങളെ ചൊൽപ്പടിക്ക് നിർത്താനുള്ള  രാഷ്ട്രീയ തന്ത്രങ്ങൾ , എന്തു വിലകൊടുത്തും വിട്ടുവീഴ്ച  ചെയ്തും കള്ളന്മാരെയം കൊള്ളക്കാരെയം കൂട്ടു പിടിച്ചും എങ്ങിനെയും ഭരണത്തിൽ കയറുന്ന രാഷ്ട്രീയ പാർട്ടികൾ  ഇതിലൊക്കെ എന്ന് മാറ്റം വരുന്നുവോ അന്നേ  നമ്മുടെ നാട് നന്നാവുകയുള്ളു .  അതുണ്ടാവുമോ ........?