പേജുകള്‍‌

2013, ഓഗസ്റ്റ് 10, ശനിയാഴ്‌ച

മുളകുചെടിയും വൃദ്ധസദനങ്ങളും




ഞാൻ കഴിഞ്ഞതവണ നാട്ടിൽ പോയപ്പോൾ പാലക്കാട് വടക്കഞ്ചേരി ടൌണിൽ പച്ചക്കറി കടകളിൽ പച്ചയും ചുവപ്പും വെളുപ്പും കളറുള്ള മുളകുകൾ കാണാനിടയായി.  എന്തൊരു ഭംഗിയാണ് കാണാൻ.  ആവിശ്യമില്ലങ്കിൽപോലും ആരും വാങ്ങിപ്പോകും അത്രയ്ക്ക് മനോഹരമായിരുന്നു.  ഡൽഹിയിലേക്കു തിരിച്ചു വരുന്ന ദിവസം കുറച്ച്  മുളക് വാങ്ങി ബാഗിൽ വെച്ചു. 

ഡൽഹിയിൽ എന്റെ ഫ്ലാറ്റിൻറെ  ബാൽക്കണിയിൽ അഞ്ചു പൂച്ചട്ടികൾ  വെച്ചിട്ടുണ്ട്.  പൂച്ചട്ടികൾ എന്ന് പേരെ ഉള്ളു ഒന്നിൽ കറിവേപ്പിന്റെ തൈ, രണ്ടെണ്ണത്തിൽ തുളസി, ഒന്നിൽ  ഒരു ഔഷധച്ചെടി പിന്നെ ഒന്നിൽ മണിപ്ലാന്ടു .  നാട്ടിൽനിന്നും തിരിച്ചു വന്നപ്പോൾ തുളസിയും കറിവേപ്പും  ഉണങ്ങിപ്പോയി.  നാട്ടിൽ നിന്നും വാങ്ങിയ മുളകിൻറെ ബീജങ്ങളും ഉണങ്ങിയ തുളസ്സിപ്പൂക്കളും ഒരു ചട്ടിയിൽ പാകി.  എന്നും വെള്ളമൊഴിച്ച് മുളപോട്ടുന്നതും നോക്കി കാത്തിരുന്നു.  കുറച്ചു ദിവസത്തെ കാത്തിരിപ്പിനുശേഷം അത് സംഭവിച്ചു ചെറിയ ചെറിയ പച്ചപ്പുകൾ പുറത്തോട്ടു  വന്നു.  അതിൽ മുളകേത് തുളസ്സിയേത് എന്നൊന്നും ആദ്യം മനസ്സിലായില്ലെങ്കിലും ഒരാഴ്ചയ്ക്ക്ശേഷം തിരിച്ചറിയാൻ തുടങ്ങി. 

പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് ഒരു കുട്ടി ജനിച്ചാൽ കുറെ ദിവസത്തേക്ക് അച്ഛന്റെ മുഖച്ഛായയാണോ അതോ അമ്മയുടെതോ എന്നൊന്നും പറയാൻ ഒക്കത്തില്ല കാരണം ദിവസവും മുഖച്ഛായ മാറിക്കൊണ്ടിരിക്കുമത്രേ.  ഒരു വർഷം കഴിയുമ്പോൾ എല്ലാ കുട്ടികളും സുന്ദരൻമാരും സുന്ദരികളുമായിരിക്കും.  ചില അച്ഛനും അമ്മയും ആ പ്രായത്തിലുള്ള കുട്ടികളുടെ ഫോട്ടോ എടുത്ത് വലുതാക്കി ഫ്രെയിം ചെയ്യിപ്പിച്ച് എട്ടുപത്തെണ്ണം ഡ്രോയിംഗ് റൂമിന്റെ ചുമരുകളിൽ പ്രദർശനത്തിന് വെക്കും.  കാലം കുറച്ചു കഴിയുമ്പോൾ കുട്ടികൾ അച്ഛന്റെയും അമ്മയുടെയും ച്ഛായയിലേക്ക്  പരിണാമം സംഭവിക്കും പിന്നെ ആ ഫോട്ടോയിലേക്ക്‌ നോക്കി നെടുവീർപ്പിട്ടുകൊണ്ട് പറയും എങ്ങിനെയിരുന്നതാ എൻറെ മോൻ/ മോള്. 

ഞാനും എന്റെ മുളകുചെടികളെ നോക്കി സന്തോഷിച്ചു എന്തൊരു ഓമനത്വം.  മുലകുചെടിയും തുളസ്സിചെടിയും തിരിച്ചറിഞ്ഞപ്പോൾ സ്നേഹത്തോടെ തുളസ്സിചെടി പറിച്ചെടുത്ത്‌ മറ്റൊരു ചട്ടിയിൽ നട്ടു.   മുളകുചെടികളുടെ വളർച്ച വളരെ പെട്ടന്നായിരുന്നു.  തളിർത്തുനില്ക്കുന്ന ഇലകൾ ദൽഹിയിലെ 46 ഡിഗ്രി ചൂടിൽ വാടിപ്പോകാതെ എന്നും വെള്ളമൊഴിച്ചും കീടങ്ങൾ കയറാതെ ഓരോ ഇലയും ദിവസവും പരിശോധിച്ചും ഞാൻ കാത്തിരുന്നു.  രണ്ടു  മുളകുചെടികളെ സംരക്ഷിക്കാൻ  എനിക്കുണ്ടാകുന്ന  ടെൻഷൻ  ഓർത്ത് ചിലപ്പോഴൊക്കെ ഞാൻ ചിരിച്ചു.  എട്ടു മക്കളെ വളർത്തിയ എന്റെ അമ്മയേയും അതുപോലെയുള്ള അമ്മമാരേയും നമിക്കാതെ വയ്യ. 

മുളകുചെടികൾ വളർന്നു വലുതായി.  ഒരു ഞായറാഴ്ച്ച രാവിലെ അവയ്ക്ക് വെള്ളമൊഴിച്ച് ഭംഗി ആസ്വദിച്ചു നിൽക്കുമ്പോൾ എന്റെ ഭാര്യ വന്നു പറഞ്ഞു "ഈ മുളകുചെടികൾ ആണ്‍ചെടികളാണെന്ന് തോന്നുന്നു ഒന്നു പൂക്കുകപോലും ചെയ്യാതെ കണ്ടില്ലേ നാണമില്ലാതെ നിൽക്കുന്നത്.  പ്രസവിക്കാനും മുട്ടയിടാനുമൊക്കെ സ്ത്രീവരഗത്തിന് മാത്രമേ കഴിയു എന്ന ചെറിയ അഹങ്കാരം അവളുടെ സംസാരത്തിലും ചിരിയിലും കലർന്നിരുന്നില്ലെ എന്നൊരു സംശയം എനിക്കുണ്ടായെങ്കിലും ഞായറാഴ്ച് ഒരു തർക്കത്തിൽ തുടങ്ങേണ്ട എന്ന് കരുതി ഞാനൊന്നും മിണ്ടിയില്ല.  ഭാര്യ അടുക്കളയിലേക്ക് പോയപ്പോൾ ഞാൻ ആ മുളകുചെടികളെ നോക്കി എവിടെ, ഒരു കൂസലും ഇല്ലാതെ കാറ്റിൽ ഇലകളൊക്കെ അനക്കി ഗാമ്പീര്യത്തോടെ നിൽക്കുന്നു ആണുങ്ങൾക്ക് അപമാനമുണ്ടാക്കാൻ പിറന്ന ശുംപൻമാർ. 

നാളുകൾ പിന്നെയും കഴിഞ്ഞു.  ആദ്യമുണ്ടായ ഇലകൾ പഴുക്കുകയും കൊഴിയുകയും ചെയ്തു അതോടൊപ്പം തന്നെ പുതിയ തളിരിലകൾ കിളിർക്കുകയും ചെയ്തു.  പ്രതീക്ഷ കൈവിടാതെ എന്നും ഞാൻ വെള്ളം കൊടുത്തുകൊണ്ടേയിരുന്നു.  എന്നങ്കിലുമൊരുനാൾ പൂവിടുമെന്നും പച്ചയോ വെളുത്തതോ കളറുള്ള ഒരുപാട് മുളകുകൾ ഉണ്ടാകുകയും ചെയ്യുമെന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു.  അത് ഇപ്പോഴും തുടരുന്നു. 

മക്കളെക്കണ്ടും മാമ്പൂകണ്ടും കൊതിക്കരുത്‌ എന്ന പഴമക്കാരുടെ ചൊല്ലും അനുഭവവും വെറുതെ ഓർത്തു.  

കേരളത്തിൽ  വൃദ്ധസദനങ്ങൾ  വളരെ പെട്ടന്ന്  പെരുകുന്നു.  ഇതേക്കുറിച്ച് ധാരാളം പേർ  കാര്യകാരണങ്ങൾ നിരത്തി പല രൂപത്തിൽ എഴുതിയിട്ടുണ്ട്.  ഞാൻ എന്റെ അഭിപ്രായമാണ് എഴുതുന്നത് എന്നിലൂടെ .  

എന്റെ ഭാര്യ ഗർഭിണിയാണെന്ന്  അറിഞ്ഞപ്പോൾ തുള്ളിച്ചാടാനോ അവളെ പൊക്കിയെടുത്ത്  അന്തരീക്ഷത്തിൽ രണ്ടു കറക്ക്‌ കറക്കാനോ ഒന്നും എനിക്ക് തോന്നിയില്ല.  അമ്മയാകാൻ പോകുന്നു എന്ന  സന്തോഷം അവളുടെ മുഖത്ത് കണ്ടപ്പോൾ എനിക്കും സന്തോഷം തോന്നി.  ആദ്യത്തെ പെണ്ക്കുട്ടിയാണ്  എന്നറിഞ്ഞപ്പോൾ പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല .  ഞാൻ ഒരു അച്ഛനായി ഇനി ചിലവുകൾ കൂടും എന്ന് ചിന്തിച്ചു .  മകൾ  വളരാൻ തുടങ്ങിയപ്പോൾ അവളുമായി ഒരു മാനസിക അടുപ്പം ഉണ്ടാകാൻ തുടങ്ങി അതിന്  സ്നേഹമെന്നോ  വാൽസല്യമെന്നൊ ഒക്കെ പറയാം .  ഞാൻ തിന്നുന്നതെന്തും  ചവച്ചരച്ച്  പല്ലില്ലാത്ത മോണ  കാട്ടി ചിരിക്കുന്ന അവളുടെ വായിൽ വെച്ചുകൊടുത്തു.  സ്കൂളിൽ ചേർത്തപ്പോൾ ഒരിക്കലും അവളെ അടിച്ചും നിർബന്ധിച്ചും പഠിപ്പിച്ചില്ല കാരണം ഒരു പെണ്ക്കുട്ടിക്കു സന്തോഷത്തോടെ സ്വാതന്ത്രത്തോടെ  ജീവിക്കാൻ കഴിയുന്ന കാലം ബാല്യം മാത്രമാണ് .  അവർ പഠിക്കുന്നു വളരുന്നു. എനിക്കറിയില്ല ഞാൻ എത്ര കാലം ജീവിക്കും എന്ന് അഥവാ ഒരുപാട് പ്രായമായി പരസഹായം കൂടാതെ ജീവിക്കാൻ ആവില്ല എന്ന  അവസ്ഥയിൽ എത്തിയാൽ വല്ലപ്പോഴും വന്നൊന്നു കാണാൻ സ്നേഹത്തോടെ എന്റെ സൂഷ്ക്കിച്ച കൈകളിൽ  ഒന്നു  തലോടാൻ അവർക്ക്  സാധിക്കുമോ എന്നും അറിയില്ല.  അവർക്ക്  അവരുടെ ജീവിതമാണ് വലുത് അവരുടെ മക്കളുടെ ഭാവിയാണ് വലുത് അതുകൊണ്ട് ഞാനിപ്പോൾ കേരളത്തിലെ വൃദ്ധസദനങ്ങൾ വെറുതെ ഗൂഗിളിൽ സെർച്ച് ചെയ്തുകൊണ്ടിരിക്കുന്നു .  വൃദ്ധസദനങ്ങൾ വേണം അവിടെ പ്രായമായ ചിന്തകൾ ഒത്തുകൂടണം അവസാന നാളുകളിൽ പരസ്പ്പരം സ്നേഹിക്കാനും സഹായിക്കാനും കഴിയണം ആർക്കാണ് ലക്ഷ്യസ്ഥാനമെന്ന മരണത്തിലേക്ക് ആദ്യം എത്താൻ കഴിയുക എന്നൊരു മത്സരബുദ്ധിയോടെ.   

നമ്മൾ ഇന്ന് നമ്മളുടെ മക്കൾക്കുവേണ്ടി നെട്ടോട്ടമോടുന്നതുപോലെ അവരും അവരുടെ മക്കൾക്കുവേണ്ടി ഓടട്ടെ ...  

പൂക്കാത്ത  കായ്ക്കാത്ത ആ  മുളകുചെടികൾക്ക് ഇപ്പോഴും എന്നും ഞാൻ വെള്ളമൊഴിച്ചുകൊണ്ടിരിക്കുന്നു  എന്നെങ്കിലും പൂക്കും കായ്ക്കും എന്ന പ്രതീക്ഷയോടെ.


































































2013, ജൂലൈ 3, ബുധനാഴ്‌ച

ഇന്ത്യയും മതങ്ങളും പിന്നെ ചൈനയും



ആഗോളതലത്തിൽ മതവിശ്വാസികൾ കുറയുന്നതായി   വിൻ/ ഗാലപ്പ്  ഇന്റർനാഷണൽ   നടത്തിയ ഒരു സർവേയിൽ  പറയുന്നു.

ഈ ചൈനാക്കാരുടെ ഒരു കാര്യം നോക്കണേ ഇതിലും അവർക്കാണ് റിക്കാർഡ് വെറും 14 ശതമാനം മാത്രം ജനങ്ങളാണ്  അവിടെ   മതത്തിൽ വിശ്വസിക്കുന്നത്.  ഈ ജപ്പാൻകാരും മോശമല്ല കേട്ടോ വെറും 16 ശതമാനം ജനങ്ങളാണ്  അവിടെ   മതത്തിൽ വിശ്വസിക്കുന്നത്.  ലോകരാജ്യങ്ങളിൽ കഴിഞ്ഞ കാലങ്ങളുടെ കണക്കെടുത്താൽ മതവിശ്വാസികളുടെ എണ്ണം കുറയാതെ സൂക്ഷിക്കുന്നത് പാക്കിസ്ഥാൻ മാത്രമാണ് എന്ന് കാണാം.  മറ്റുള്ള രാജ്യങ്ങളിലോക്കെതന്നെയും വിശ്വാസികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്.  ഇന്ത്യയിൽ 2005 ൽ 87 ശതമാനമായിരുന്നതു 2012 ൽ 81 ശതമാനമായി കുറഞ്ഞിരിക്കുന്നു. 

ഗുരുതരമായ മലിനീകരണ കേസുകളിൽ വധശിക്ഷ നൽകാൻ ചൈനീസ് അധികൃതർ കോടതികൾക്ക് ആധികാരം നല്കിയിരിക്കുന്നു.  അഴിമതി, സാമ്പത്തിക കുറ്റങ്ങൾ എന്നിവയ്ക്ക് നൂറുകണക്കിന് ആളുകൾക്ക് ചൈന വധശിക്ഷ നല്കുന്നുണ്ട്.   ഇവിടെ വധശിക്ഷ പോയിട്ട് ചെറിയൊരു ജയിൽശിക്ഷ കൊടുക്കണമെങ്കിൽ പോലും ജാതിയും മതവും സാമ്പത്തികവും വോട്ടും അങ്ങിനെ അങ്ങിനെ എന്തൊക്കെ നോക്കണം അഥവാ ജയിലിൽ അടച്ചാലോ വി ഐ പി പരിചരണം അല്ലങ്കിൽ ഒരു നെഞ്ചുവേദന പിന്നെ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ സുഖചികിൽസ.   മതാചാര്യന്മാരും ആൾദൈവങ്ങളും അവർക്കുവേണ്ടി പ്രതേക പൂജ നടത്തി പ്രസാദം ആസ്പത്രിയിൽ കൊണ്ട് കൊടുക്കും. 

മതാചാരങ്ങളും അനുഷ്ടാനങ്ങളും അന്ധവിശ്വാസങ്ങളും സാധാരണക്കാരായ  പാവപ്പെട്ട ജനങ്ങളുടെ ജീവിതിത്തിന്റെ ഭാഗമാക്കി ഒരു മത വ്യവസ്ഥ ഉണ്ടാക്കുകയും അതിന്റെ ഉള്ളിൽത്തന്നെ ഒരു ജാതി സമ്പ്രദായം കെട്ടിപ്പടുക്കുകയും, മനുഷ്യ മനസ്സുകളിലേക്ക് ജാതിയുടെയും മതത്തിൻറെയും  വിഷം കുത്തിവെച്ച് അതിലുടെ പുരോഹിതരും മതാധ്യക്ഷന്മാരും അവരുടെ അധികാരം നിലനിർത്തുകയും ചെയ്തിരുന്നു ചെയ്തുപോരുന്നു.  അതിന്റെ ഭാഗമായി വൻകോര്പ്പരെറ്റ് കമ്പനികളെപ്പോലെ ഒരു ഹെഡ് ഓഫീസും ലോകമെമ്പാടും ബ്രാഞ്ചുകളുമായി മഠങ്ങളും മതസ്ഥാപനങ്ങളുമൊക്കെ പ്രവർത്തിക്കുന്നു . ഒരു വ്യവസായത്തിന്റെ  കണ്ണികൾ പോലെ അമ്പലങ്ങളും പള്ളികളും പെരുകി പെരുകി വരുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.   ഇതിനൊക്കെയുള്ള  സാമ്പത്തികം  വിസ്വാസമെന്ന  ഒരു  പട്ടചരടിലുടെ  ഉണ്ടാക്കുകയും  ചെയ്യുന്നു.  മത വ്യവസായവൽക്കരണം പൊതുവെ എല്ലാ മതവിഭാഗങ്ങളിലും കാണുന്നുണ്ട്.  ആള്ദൈവങ്ങളാണ് അതിൽ ഏറിയ പങ്കും.  അത്മീയസ്ഥാപനങ്ങൾ എന്ന  പേരിൽ ധ്യാനകേന്ദ്രങ്ങളും, ഇന്നത്തെ സാഹചര്യത്തിൽ എറ്റവും കൂടുതൽ ലാഭം കൊയ്യാൻ കഴിയുന്നതും അതിനുവേണ്ടി മാത്രം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ചാനലുകളും ഏറെയാണ്. 


ഇന്ത്യയിലെ കോടീശ്വരൻ ദൈവങ്ങൾ ഇരിക്കുന്ന  അമ്പലങ്ങളിൽ  ചിലതെടുക്കാം.    ഒന്നാമത്തെ കോടീശ്വര ദൈവം  നമ്മുടെ  കൊച്ചു  കേരളം  അടിച്ചെടുത്തിരിക്കുന്നു  തിരുവനന്തപുരത്തെ പദ്മനാഭസ്വാമിക്ഷേത്രം.  ഒരു ലക്ഷം കോടി രൂപയിൽ അധികമാണ് ആസ്തി.  രണ്ടാമത് ആന്ധ്രപ്രദേശിലെ   തിരുപ്പതി ബാലാജി ക്ഷേത്രമാണ് ഏകദേശം 650 കോടി രൂപ സംഭാവനയായി മാത്രം ഒരു വര്ഷം വരുമാനം കുടാതെ പ്രസാദമായ ലഡ്ഡു വിറ്റും മനുഷ്യരുടെ മുടി വിറ്റും കോടികൾ വേറെയും .  മൂന്നാം സ്ഥാനത്ത്  മുംബൈക്കടുത്തുള്ള ഷിർദി  സായ് അമ്പലമാണ്.  പുതിയ കണക്ക്  അനുസരിച്ച് 1441 കോടി രൂപയാണ് കഴിഞ്ഞ അഞ്ചു വർഷത്തെ  വരുമാനം.  ഇത് വെളിപ്പെടുത്തിയ കണക്കാണ് എന്നോർക്കണം .    നാലാമതായി  മുംബൈയിലെ സിദ്ധിവിനായക    ക്ഷേത്രമാണ് വാർഷിക  വരുമാനം ഏകദേശം 320 കോടി രൂപയാണ്. 


കേരളത്തിലെ മറ്റു ചില അമ്പലങ്ങളും മോശം അല്ല കേട്ടോ.  ഗുരുവായൂർ ദേവസത്തിന് അനൗധ്യോഗിക കണക്കനുസരിച്ച് 2500 കോടിയുടെ ആസ്ഥിയും ഒരു വർഷത്തിൽ ഏകദേശം 400  കോടി രൂപയുടെ വരുമാനം സ്വർണമായും  പണമായും കിട്ടുന്നുണ്ട്‌.   തിരുവിതാംകൂർ  ദേവസത്തിന് കീഴിൽ  1240 ക്ഷേത്രങ്ങളാണ് ഉള്ളത് ആസ്ഥി ഏതാണ്ട് 700 കോടി കണക്കാക്കപ്പെടുന്നു. 

മലബാർ ദേവസമാകട്ടെ 1337 ക്ഷേത്രങ്ങളുമായി ഏകദേശം 80 കോടി വാർഷിക  വരുമാനവുമായി തൊട്ടു പിന്നിലുണ്ട്.  കൊച്ചി ദേവസത്തിനു കീഴിലുള്ള ചോറ്റാനിക്കര അമ്പലത്തിൻറെ  വാർഷിക  വരുമാനം   ഏകദേശം 6 കോടി രൂപയാണ്.   ഇതുപോലെ ക്രിസ്തീയ സഭകളുടെ വരുമാനം കോടികളാണ്.  പാവപ്പെട്ടവെന്റെ വിയർപ്പിൻറെ വിലയുടെ പങ്കും , ഭിക്ഷക്കാരുടെവരെ ചില്ലി പൈസകളും വരെ ഈ വരുമാനത്തിലുണ്ട്.  മതങ്ങൾ  വളരട്ടെ മനുഷ്യർ സ്വപ്‌നങ്ങൾ കണ്ടു കണ്ട് ആ സ്വപ്‌നങ്ങൾ പുതിയ തലമുറകൾക്ക് കൈമാറി ജീവിതാവസാനം വരെ അടിമകളെപ്പോലെ പ്രതീക്ഷകളുമായി കഴിയട്ടെ..

ഒരിക്കൽ ഒരു ക്ഷേത്രത്തിൽ വരുമാനം എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിൽ  ഉടുത്തിരുന്ന മുണ്ടിനിടയിലേക്ക് നോട്ടുകെട്ട്  തിരുകി കയറ്റുന്നതിന്റെ  വീഡിയോ ദൃശ്യം കാണിക്കുകയുണ്ടായി.  ഇത് വേണമെങ്കിൽ  ഒരു പാവപ്പെട്ട ഭക്തി തൊഴിലാളിയുടെ കൈ അബദ്ധമായി കണക്കാക്കാം.  ലക്ഷങ്ങളും കൊടികളും തിരുകുന്നിടത്തെക്ക് ഒരു ചാനലുകാര്ക്കും എത്തിപ്പെടാനോ എത്തിനോക്കാനോ സാധിക്കില്ല അതിനു ശ്രമിച്ചാൽ പൊള്ളും പൊള്ളുക  മാത്രമല്ല ഉരുകും അല്ലങ്കിൽ ഉരുക്കും.   

ഡൽഹിയിൽ മലയാളികൾ താമസിക്കുന്ന മുക്കിലും മൂലയിലും വരെ ജാതി കൂട്ടായ്മകൾ ഉണ്ട്.  പണ്ട് ദൽഹി മലയാളികൾ മാത്രമായിരുന്നു ഇപ്പോൾ എസ് എൻ ഡി പി യും എൻ  എസ് എസ്സും വിശ്വകർമ്മയും അങ്ങിനെ മറ്റു പലതുമാണ് ദൽഹിയിലുള്ളത്.  മലയാളികളുടെ മനസ്സിൽ മനുഷത്വം ഇല്ലാതായിരിക്കുന്നു മാത്രമല്ല വരും തലമുറയുടെ മനസ്സുകളിലും ജാതി മത ചിന്തകൾ കുത്തിവെക്കുന്നു. 


2018 ൽ ചൈന സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിക്കുന്നു.  ലോകത്തിലെ ഏറ്റവും വേഗത കൂടിയ കമ്പ്യൂട്ടർ അവർ കണ്ടു പിടിച്ചിരിക്കുന്നു.    മാത്രമല്ല പ്രായമായ  മാതാപിതാക്കളെ  നോക്കാത്ത  മക്കളെ  നേർവഴിക്കു  കൊണ്ടുവരുവാനായി  ഒരു പുതിയ നിയമവും  പുറത്തിറക്കിയിട്ടുണ്ട് .  മാതാപിതാക്കളുമായി  നിരന്തരം ബന്ധം  പുലര്തിയില്ലങ്കിൽ    പിഴയടക്കാനും അവരെ നോക്കാതിരുന്നാൽ പിഴക്കു പുറമേ തടവുശിക്ഷയും ലഭിക്കും.


 അടുത്ത 50 വർഷം കഴിയുമ്പോൾ ഇന്ത്യയിൽ ലക്ഷക്കണക്കിന്‌ ക്ഷേത്രങ്ങൾ പണിതുയർത്തും മതനേതാക്കൾ ഇന്ത്യ ഭരിക്കും ഓരോ ഇന്ത്യക്കാരന്റെയും പ്രതേകിച്ചു കേരളീയരുടെ പേരുകൾ നഷ്ടമാകും എല്ലാവരും ജാതിപ്പേരിൽ അറിയപ്പെടും. 

ശ്രീനാരായണഗുരു ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ തീർച്ചയായും ഒരു പാസ്സ്പോർട്ടും വിസയും എടുത്ത് ചൈനയിൽ സ്ഥിരതാമസ്സത്തിനു പോകുമായിരുന്നു ....


2013, ജൂൺ 13, വ്യാഴാഴ്‌ച

കമ്പിയില്ലാകമ്പി നാടുനീങ്ങുന്നു




കമ്പി വന്നേ  കമ്പി വന്നേ എന്ന് ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട്  ഓടുന്നു.  കേട്ടവർ കേട്ടവർ പുറകെ ഓടുന്നു.  ഏതു വീട്ടിലേക്കാണോ അയാൾ  ഓടിക്കയറിയത് ആ വീട്ടിലെ കുടുംബനാഥ കേട്ടതും തലചുറ്റി വീഴുന്നു. കുടുംബനാഥൻ ചാരുകസേരയിൽ തളർന്നിരിക്കുന്നു.  ഓടികൂടിയവർ പരസ്പ്പരം നോക്കി നില്ക്കുന്നു.  അവസാനം അയൽപക്കത്തെ പള്ളിക്കൂടം വാദ്ധ്യാർ കമ്പി വായിക്കുന്നു.  പട്ടാളത്തിൽ പോയ മകൻ നാളെ ലീവിന് വരുന്നു.  എല്ലാവർക്കും  ആശ്വാസം സന്തോഷം.  എല്ലാവരും കട്ടൻചായ കുടിച്ച്  പിരിയുന്നു.  കമ്പിയില്ലാ  കമ്പി എന്ന് വിളിക്കുന്ന ടെലിഗ്രാം ഇതുപോലെതന്നെ  ഒരുപാട് ജനന മരണ അറിയിപ്പുകളുടെയും  കഥകളുണ്ട്.  ആ  പാവം ടെലിഗ്രാം അടുത്ത മാസം നാടുനീങ്ങുന്നു.  പഴയ  തലമുറകൾക്ക്  ഇതൊരോർമ്മയും   പുതിയ തലമുറക്ക്‌ ഒരു തമാശയുമാകും  ടെലിഗ്രാം. 

1920  - 1930 കാലഘട്ടത്തിൽ വളരെ ചുരുങ്ങിയ ചിലവിൽ എത്ര ദൂരത്തേക്കും ടെലിഗ്രാം അയക്കാമായിരുന്നു. 

രണ്ടാം ലോകമഹാ യുദ്ധകാലത്ത്  ഓരോ ഗ്രാമങ്ങളിലും  ജനങ്ങൾ ഭയത്തോടെ ദിവസങ്ങൾ തള്ളിനീക്കിയിരുന്നു .  യുദ്ധത്തിൽ പങ്കെടുക്കാൻ പോയ ജവാന്മാരുടെ മരണവാർത്ത നാട്ടിൽ അറിയിച്ചിരുന്നത്‌ കമ്പിയില്ലാ കമ്പി വഴിയായിരുന്നു.  കമ്പി എന്നാൽ മരണവാർത്ത എന്ന് അന്നുമുതൽ  കുറെ കാലം ജനങ്ങളുടെ മനസ്സിൽ  തങ്ങി നിന്നിരുന്നു. 

160 വർഷക്കാലമായി നമ്മോടൊപ്പമുണ്ടായിരുന്ന ടെലിഗ്രാം നമ്മളോട്‌  വിട പറയുന്നു.  

ഒന്ന് എന്നത് മ്മിണി ബല്യ ഒന്ന് വന്നപ്പോൾ ഇല്ലാതാവുകയാണ്...  നാടുനീങ്ങുകയാണ്......

മാധവിക്കുട്ടിയുടെ മോതിരം




വായനക്കാരായ മലയാളികളുടെ മനസ്സിൽ നീർമാതള പൂക്കൾ വിരിയിച്ച് കടന്നുപോയ എഴുത്തുകാരി മാധവിക്കുട്ടിയെ, അവരുടെ ഓർമ്മകളെ കുറേപ്പേർ ചേർന്ന് വെട്ടിമുറിക്കുന്നു.  വീണ്ടും വീണ്ടും വെട്ടി മുറിവുകൾ  എണ്ണിനോക്കി പരസ്പ്പരം പുലമ്പുന്നു.  ചില മുറിവുകൾ ഹിന്ദു മുറിവുകളാണ് ചിലത് ഇസ്ലാം മുറിവുകളാണ് എന്നൊക്കെ.  ആദ്യത്തെ വെട്ട്, ജന്മഭൂമി പത്രത്തിൻറെ പത്രാധിപയും മാധവിക്കുട്ടിയുടെ പ്രിയ സുഹൃത്ത് ആയിരുന്നു എന്ന് അവകാശപ്പെടുന്ന ശ്രീമതി ലീല മേനോനാണ്  വെട്ടിയിരിക്കുന്നത്.  അതേറ്റുപിടിച്ച്  ബ്ലോഗ്ഗിലൂടെയും ,  ടിട്ടരിലൂടെയം  ഫേസ് ബുക്കിലുടെയുമൊക്കെ ജനങ്ങൾ വെട്ടികൊണ്ടെയിരിക്കുന്നു.  നാലു വർഷമായി ഒരു വലിയ ഭാരം മനസ്സില് കൊണ്ടുനടക്കുകയയിരുന്നോ ശ്രീമതി ലീല മേനോൻ. 

 സമദാനിയെപ്പോലെയുള്ളവരെ  ഓർത്താണോ   അതോ   മരണത്തില്പോലും അവര്ക്ക്വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചത്‌ കൊണ്ടുള്ള രോഷം കൊണ്ടാണോ   ഹാ കഷ്ടം! എന്നു പറയാൻ തോന്നിയത്.  

എന്തും തുറന്നെഴുതുവാൻ കഴിവുള്ള ഒരു എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി.  അതുകൊണ്ടുതന്നെയാണ്‌ എല്ലാംതന്നെ ഒരു സുഹൃത്തിനോട്‌  അവർ തുറന്നു പറഞ്ഞത്.   അയാളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടു എന്നതു  മാത്രം അവർക്ക് മറച്ചു വെക്കാമായിരുന്നു  പക്ഷെ അവരതു ചെയ്തില്ല അതാണ്‌ മാധവിക്കുട്ടി.  പിന്നെ ശ്രീമതി ലീല മേനോനോടുള്ള അവരുടെ സ്നേഹം വിശ്വാസം, അത് നാല് വയസ്സിൽ മരിച്ചു.   

എന്തായാലും ശ്രീമതി ലീല മേനോന് മാധവിക്കുട്ടിയെ മറക്കാൻ സാദ്ധ്യമല്ല കാരണം വശ്യമായ നയനങ്ങളും മനോഹരമായ പുഞ്ചിരിയും സെന്സ്ഓഫ്ഹ്യൂമറും അതേസമയം ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ എഴുതാന്കഴിവുമുള്ളതു കൊണ്ടൊന്നുമല്ല പിന്നെ 

"എനിക്ക്കമലാദാസ്എന്ന മാധവിക്കുട്ടിയെ ഒരിക്കലും മറക്കാന്സാധ്യമല്ല. അതിന്കാരണം കമല എനിക്ക്തന്ന ഒരു മോതിരമാണ്‌".





leela_menon

ലീല മേനോന്റെ ലേഖനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക




2013, ജൂൺ 8, ശനിയാഴ്‌ച

ഒരു കൊച്ചുകഥ - സംശയം



മലമുകളിൽനിന്ന് സൂര്യൻ പതിയെ പതിയെ മറഞ്ഞുപോയി.  കുന്നിൻചെരുവിലെ വെയിലും സൂര്യനോടൊപ്പം പോയി.  എന്നാലും മീനമാസത്തെ ചൂടുകാറ്റിനു ഒരു കുറവും ഇല്ല.  മങ്ങിയ വെളിച്ചത്തിൽ മലമുകളിൽ ചുവന്ന നിറം കാണുന്നുണ്ട്.  ഉണ്ണിക്കുട്ടന് ഇതൊരു പതിവ് കാഴ്ചയാണ്.  ഉമ്മറപ്പടിയിൽ ഇരുന്നാൽ മലയും കുന്നുംചെരുവുമൊക്കെ നല്ലപോലെ കാണാം. 

ഉമ്മറപ്പടിയിൽ ഇരുന്ന് എത്ര ചിന്തിച്ചിട്ടും രാവിലെ പത്രത്തിൽ വായിച്ച വാർത്ത ഒരു ദഹനക്കേടായി ഉണ്ണിക്കുട്ടന്റെ മനസ്സിൽ കിടന്നുരുണ്ടുകൊണ്ടിരുന്നു. 

ഇതെപ്പറ്റി ആരോടാണ് ഒന്ന് ചോദിക്കുക.  അമ്മ പലവട്ടം ശകാരിച്ചിട്ടുണ്ട് ആവശ്യമില്ലാത്ത സംശയങ്ങളുമായി ചെല്ലരുതെന്ന്.  ഇതും അമ്മയുടെ ആവശ്യമില്ലാത്ത സംശയങ്ങളുടെ പട്ടികയിൽ പെട്ടതാണോ ആവോ.  അച്ഛനോട് ചോദിക്കാം എന്നുവെച്ചാൽ നേരവും കാലവും അച്ഛന്റെ മൂഡും ഒക്കെ നോക്കണം.   വഴക്ക് പറഞ്ഞാൽ പറയട്ടെ അന്നത്തെ പത്രവുംകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കളയിലേക്കു നടന്നു. 

ഉമ്മറത്ത്‌ ദീപം കത്തിച്ചുവെക്കാൻ നിലവിളക്ക് തുടച്ചു വൃത്തിയാക്കുകയായിരുന്നു അമ്മ.  ഉണ്ണിക്കുട്ടന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ട്‌ അമ്മ പറഞ്ഞു "ഉണ്ണി സംശയം വല്ലതുമാണെങ്കിൽ അച്ഛൻ വരുമ്പോൾ ചോദിച്ചോളു.  നിൻറെ  സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ബുദ്ധിയൊന്നും നിന്റെ അമ്മക്കില്ല അതെങ്ങിനെയാ തല തിരിഞ്ഞ ചോദ്യങ്ങളല്ലേ ഈയിടെയായിട്ടു നീ ചോദിക്കണേ.  പത്തു വയസ്സ് പ്രായമുള്ള കുട്ടികൾ ചോദിക്കണ സംശയങ്ങളാണോ നിന്റേതു. 

വാടിയ മുഖവുമായി തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഉണ്ണികുട്ടനോട് " നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല ഉണ്ണി...  പറയു എന്താ നിന്റെ ഇന്നത്തെ സംശയം".  

കൈയിൽ പിടിച്ചിരുന്ന പത്രം നിവർത്തി ഉണ്ണി വായിച്ചു തുടങ്ങി.  " പതിറ്റാണ്ടുകളായി വറ്റാത്ത ജലസ്രോതസ്സായി നിലനിന്ന ക്ഷേത്രക്കുളങ്ങളും കിണറുകളുമെല്ലാം വറ്റിവരണ്ടതോടെ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ഒരു മാസത്തേക്ക് നിർത്തിവെച്ചു. ഇത്തവണത്തെ കടുത്ത വേനലിൽ ക്ഷേത്രത്തിനകത്തെ  മൂന്നു കിണറുകളും ഒരു കുളവുമാണ് വറ്റിയതു".  

വായന നിർത്തി ഉണ്ണി അമ്മയുടെ മുഖത്തേക്ക് നോക്കി പക്ഷെ മുഖത്ത്  ഒരു ആ ഭാവവെത്യാസവും കാണാൻ കഴിഞ്ഞില്ല. 

അമ്മ പറഞ്ഞു തന്നിട്ടില്ലേ കടലും പുഴയും മരങ്ങളും മനുഷ്യനും എന്തിന്  സർവചരാചരങ്ങളും ദൈവത്തിൻറെ സൃഷ്ട്ടിയാണ് എന്ന്.  കടല് ഉണ്ടാക്കാൻ പറ്റുന്ന ദൈവത്തിനു സ്വന്തം പൂജക്ക്‌ വെള്ളം ഉണ്ടാക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ കഷ്ടം തന്നെയാണ് അല്ലേ ആമ്മേ ?  

അമ്മയുടെ കണ്ണുകൾ ചുവന്നു.  മുഖം വിളറി.  ചുണ്ടുകൾ  വിറച്ചു. 

"നിന്റെ അച്ഛനെ പറഞ്ഞാൽ  മതിയല്ലോ മകൻ വലുതാവുമ്പോ ഐ എ എസ് കാരനാകണം എന്നും പറഞ്ഞ് നാട്ടിൽ  കിട്ടാവുന്ന പുസ്തകങ്ങൾ എല്ലാം വാങ്ങികൂട്ടി.  വായനാശീലം  ചെറുപ്പം  മുതൽക്കേ  ഉണ്ടാക്കിയെടുക്കണത്രേ" .

തിരിഞ്ഞു നടക്കുമ്പോൾ ഉണ്ണി മനിസ്സിലോർത്തു  പഴയ  തലമുറകൾ  ഒന്നും  ചിന്തിക്കതെയാണോ ജീവിച്ചത്.

                                                                       **************

2013, ജൂൺ 1, ശനിയാഴ്‌ച

നിയമത്തെ പീഡിപ്പിക്കുന്നവർ


ദൽഹി ഹൈകോടതിയുടെ ആശങ്കയും നിർദേശങ്ങളും: 

1.    " ബലാത്സംഗങ്ങൾ വർദ്ധിച്ചുവരുന്നതിൻറെ മൂലകാരണം കണ്ടെത്തണമെന്ന് കേന്ദ്ര സർക്കാരിനോടും പോലീസിനോടും ദൽഹി ഹൈകോടതി ആവശ്യപ്പെട്ടു. "

2.    "ഡൽഹിയിൽ എവിടേയോ എന്തോ കുഴപ്പമുണ്ട് ജനങ്ങൾക്ക്‌ ഭ്രാന്തായിരിക്കുന്നു  മറ്റുകാര്യങ്ങൽ  നമ്മൾക്ക്  മനസ്സിലാക്കാം.   "

3.   ബലാത്സംഗ കേസുകൾ പെട്ടന്ന് വര്ധനയുണ്ടായത്തിന്റെ കാരണം കണ്ടെത്തണമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തോടും ദൽഹി പോലിസിനോടും ആവശ്യപ്പെട്ടു. 

4.   പ്രതികൾ കൂടുതലും അടുത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്, ഇത്തരം കുറ്റക്രിത്യങ്ങൾ തടയുന്നതിനുള്ള വഴികൾ കണ്ടെത്തേണ്ടതുണ്ട്.

5.  പോലിസ് ഉദ്യോഗസ്ഥർക്ക് കൊടുക്കുന്ന പരിശീലനത്തെക്കുറിച്ച് റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടു.

6.    പോലിസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടുത്താൻ പരിശീലനത്തിൽ എവിടെയാണ് മാറ്റം വേണ്ടതെന്ന്  കണ്ടെത്തണം.


ബലാത്സംഗങ്ങൾ ക്രമാധീതമായി വർധിച്ചു എന്നു പറയാനാവില്ല കാരണം പണ്ടും അതുണ്ടായിരുന്നു.  ജനങ്ങളുടെ ഭയം കുറച്ചൊക്കെ ഇല്ലാതാവുകയും ബലാൽസംഗത്തിന് ഇരയായ പെണ്‍ക്കുട്ടിയും വീട്ടുകാരും പോലിസ് സ്റ്റേഷനിൽ ചെന്ന് കേസ് രജിസ്റ്റർ ചെയ്യാൻ ധൈര്യം കാണിക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു.  പെണ്‍ക്കുട്ടിയുടെ ഭാവിയോർത്തും  പോലീസുകാരുടെ പെരുമാറ്റത്തിന്റെ കൈപ്പോർത്തും, കോടതിയിൽ  അനാവശ്യമായ ചോദ്യങ്ങൾകൊണ്ട് വിവസ്ത്രയാക്കുന്ന  മാനസികപീഡനം   ഓർത്തും  കുറെയധികം കേസുകൾ ആരെയും അറിയിക്കാതെ മൂടിവെക്കപ്പെട്ടിരുന്നു.   ആ സ്ഥിതി ഏറെക്കുറെ മാറിയിരിക്കുന്നു.  കേന്ദ്രസർക്കാരും പോലീസും ഇതിൻറെ  മൂലകാരണങ്ങൾ അന്വേഷിക്കട്ടെ അന്വേഷണ കമ്മിഷനെ നിയമിക്കട്ടെ കോടികൾ ചിലവിടട്ടെ എന്നാലും മറ്റു ചില രാജ്യങ്ങളെപ്പോലെ ഒരു കടുത്ത നിയമം ഉണ്ടാക്കാൻ നമ്മുടെ രാജ്യത്തിന്‌ കഴിയില്ല കാരണം ഇവിടെ കള്ളനും, കൊലപാതകിക്കും ബലാത്സംഗവീരന്മാർക്കുമൊക്കെ മന്ത്രിയാകാനും രാജ്യം ഭരിക്കാനും കഴിയും.  


ഡൽഹിയിൽ എവിടേയോ എന്തോ കുഴപ്പമുണ്ട് എന്നതല്ല ശരി ഡൽഹിയിൽ മുഴുവനും കുഴപ്പങ്ങളാണ്.  പണമുണ്ടെങ്കിൽ എന്തുമാകാം എന്നുള്ള പ്രവണതയാണ്‌ ഒന്നാമത്തെ കുഴപ്പം.   കോടതിയിൽ നിന്നുതന്നെ തുടങ്ങാം.  ഡൽഹിയിലെ പട്യാല ഹൗസ്  കോടതിയിൽ ഒരുപാട് കോടതി മുറികളുണ്ട്  ജഡ്ജ്മാർ ഉണ്ട്.  പണ്ട് ഞാൻ ജോലിചെയ്തിരുന്ന കമ്പനിയെ ഒരാൾ ചീറ്റുചെയ്ത കേസിൻറെ ഹിയറിങ്ങിനായി ഇടക്കിടക്ക് എനിക്കവിടെ പോകേണ്ടി വന്നിട്ടുണ്ട്.  വക്കീലിനാണെങ്കിൽ ഒരു ദിവസം പല കോടതിയിൽ പല കേസ്സുകളാണ്.  ജഡ്ജ് ഇരിക്കുന്നത്തിന്റെ വലതുവശത്തായി കേസ് വിളിക്കാനായി ഒരാള് ഇരിക്കുന്നുണ്ട്‌. .  അയാളുടെ മുന്പിൽ ഇട്ടിരിക്കുന്ന മേശയുടെ വലിപ്പ് അല്പം തുറന്നുവെച്ചിട്ടുണ്ട്.   വക്കീൽ  തുറന്നുവെച്ചിരിക്കുന്ന  മേശവലിപ്പിന്റെ ഉള്ളിൽ  ഒരു അമ്പതു രൂപ ചുരുട്ടി  ഇട്ടിട്ട് കേസ് നമ്പർ  പറയുന്നു .  അടുത്തതിന്റെ പിന്നത്തെ കേസ് വക്കിലിന്റെ തന്നെ .  കോടതി മുറിക്കുപുറത്ത് നോട്ടീസ് ബോർഡിൽ ഒട്ടിച്ചുവെചിട്ടുള്ള  കേസ് ലിസ്റ്റ്  വെറുതെ .    ജനങ്ങൾക്ക്‌ ഭ്രാന്തായിരിക്കുന്നു കാരണം അഴിമതിയില്ലാത്ത ഒരൊറ്റ സർക്കാർ സ്ഥാപനം ഡൽഹിയിൽ ഇല്ലതന്നെ .  നോർത്ത് ബ്ലോക്കിലെയും സൌത്ത് ബ്ലോക്കിലെയും സർക്കാർ  മന്ദിരങ്ങളുടെ ഇടനാഴികളിലൂടെ ഒന്ന് നടന്നുനോക്കണം അഴിമതിയുടെ ഗന്ധം നിങ്ങൾക്കനുഭവപ്പെടും .  മുകള്തട്ടിലുള്ളവർ കോടികൾകൊണ്ട് കളിക്കുമ്പോൾ താഴെ തട്ടിലുള്ളവർ ആയിരം കൊണ്ട് കളിക്കുന്നു എന്നു  മാത്രം .  എന്തിന്  സർക്കാർ  ആശുപത്രികളിൽ ജോലി ചെയ്യുന്ന നമ്മുടെ മാലാഹമാരായ  ആയിരക്കണക്കിനു നർസുമാർ അതിൽ തൊണ്ണൂറു ശതമാനം മലയാളികളാണ് .  ഇവരുടെയൊക്കെ വീടുകളിൽ  വെസ്റ്റ്  ഇടുന്ന കവറുകൾ അടുക്കി വെച്ചിട്ടുണ്ട്  കൂടാതെ മരുന്നുകളും കോട്ടനും എന്നുവേണ്ട അടിച്ചു മാറ്റാവുന്നത്ര സാധനങ്ങൾ ഓരോരുത്തരും അടിച്ചുമാറ്റുന്നുണ്ട്.  അതുകൊണ്ടുതന്നെ ഈയിടെയായി ചില ആശുപത്രികളിൽ ചെക്കിങ്ങ് കർശനമാക്കിയിട്ടുണ്ട് .   പണം എത്ര കിട്ടിയാലും പണത്തിനോടുള്ള ആർത്തി മനുഷ്യമനസ്സുകളിൽ ഉണ്ട് .  അതുപോലെതന്നെയാണ് പീഡനത്തോടുള്ള  ചിലരുടെ ആർത്തി .  ബലാത്സംഗത്തിനു ഇരയാകുന്നവരിൽ ഭൂരിഭാഗവും പാവപ്പെട്ടവരും ഇടത്തരക്കാരുമാണ് അവർ നിസ്സഹായരാണെന്നും മറക്കാനും സഹിക്കാനും കഴിവുള്ളവരാണെന്നും  രാഷ്ട്രീയക്കാർക്കും ഭരണകൂടത്തിനും നല്ലപോലെ അറിയാം അതുകൊണ്ടാണല്ലോ വർമ കമ്മിഷൻ റിപ്പോര്ട്ട് അവിടവിടെ തൊട്ടും തൊടാതെയും നടപ്പിലാക്കിയത് .

ബലാൽസംഗകേസുകളിൽ പെട്ടന്നുള്ള വർദ്ധനയുടെ  കാരണം കേന്ദ്രമാന്ത്രാലയവും ദൽഹി പോലീസും തിരഞ്ഞുകൊണ്ടിരിക്കുന്നു .  ബലാത്സംഗങ്ങൾ കുറഞ്ഞില്ല എങ്കിലും ബലാത്സംഗ കേസുകൾ കുറയാൻ ദൽഹി പോലിസ് രണ്ടായിരവും അയ്യായിരവും ഒക്കെ ഓഫർ  ചെയ്തു കേസുകൾ ഒതുക്കി പരമാവതി കുറക്കാൻ ശ്രമിക്കുന്നുണ്ട് .

പ്രതികളിൽ പലരും അടുത്തുള്ള സംസ്ഥാനങ്ങളിൽ  നിന്നുള്ളവരാണ്.  ഡൽഹിയുടെ അടുത്തുള്ള സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്  ഹരിയാന മുതലായവ എടുക്കാം .  അവിടത്തെ ഗ്രാമങ്ങളിൽ നിന്നുമുള്ള നിരക്ഷരരായ ഒട്ടനവധി ചെറുപ്പക്കാർ തുച്ചമായ വരുമാനത്തിൽ ചെറിയ ചെറിയ ജോലികൾ  ചെയ്ത് ഡൽഹിയിലെ പല സ്ഥലങ്ങളിലും കൂട്ടം കൂട്ടമായീ താമസ്സിക്കുന്നുണ്ട്‌ .  അവർ അവരുടെ ഗ്രാമങ്ങളിൽ ഒരിക്കലും കാണാത്തതും സിനിമകളിൽ മാത്രം കണ്ടിട്ടുള്ളതുമായ കാഴ്ചകളാണ്  ഡൽഹിയിൽ അവർ നിത്യവും കാണുന്നത് .  മദ്യത്തിനാണെങ്കിൽ  മറ്റുള്ള സംസ്ഥാനങ്ങളിൽ വെച്ച് വളരെ വില കുറവും.  സ്വന്തം അർദ്ധനഗ്ന ശരീരത്തിലേക്ക് കുറെ പുരുഷന്മാർ തുറിച്ചു നോക്കുന്നത്‌  കണ്ട്  സംതൃപ്തി അടയുന്ന ഒരുപാട് പെണ്‍ക്കുട്ടികൾ ഡൽഹിയിൽ ഉണ്ട് എന്നുള്ളത് വാസ്തവം തന്നെയാണ് .  പിന്നെ പാലിക്കാ ബശാർ തുടങ്ങി ഡൽഹിയിലെ മുക്കിലും മൂലയിലും വരെ  മുപ്പതു രൂപ മുതൽ അമ്പതു രൂപ നിരക്കിൽ ലോകത്തിലെ ഏതു രാജ്യത്തിലെ മനുഷ്യരുടെ കാമകേളികൾ കാണാനുള്ള നീല സീഡികൾ ലഭ്യമാണ് .  ഇത് നിയമവിരുദ്ധമാണ് എന്ന് ഡൽഹി  പോലീസിന്  അറിയില്ല എന്നുണ്ടോ .  വില കുറഞ്ഞ മദ്യം , സംസ്കാര സമ്പന്നർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറെ പണക്കാരുടെ മക്കളുടെ അർദ്ധനഗ്നത, നീല ചിത്രങ്ങൾ എല്ലാം കൂടെ തലച്ചോറിൽ ലഹരി പിടിപ്പിച്ച് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ആ ചെറുപ്പക്കാർ കാണുന്നത് മൂന്നു വയസ്സ് പ്രായമുള്ള ഒരു പാവം പെണ്ക്കുട്ടിയെയാണ് .  തിരിച്ചു ചിന്തിക്കാൻ അവരുടെ ബുദ്ധിമണ്ഡലം പ്രവർത്തനരഹിതമായിരിക്കുകയാണ് .  ഈയിടെ ഡൽഹിയിൽ നടന്ന ഒരു കേസിന്റെ പിന്നാമ്പുറ കാഴ്ചകളാണ് ഞാനിവിടെ പറഞ്ഞത് .

പോലിസ് ഉദ്യോഗസ്ഥർക്ക് കൊടുക്കുന്ന പരിശീലനത്തെക്കുറിച്ച് റിപ്പോർട്ട് . പോലിസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടുത്താൻ പരിശീലനത്തിൽ എവിടെയാണ് മാറ്റം വേണ്ടതെന്ന്  കണ്ടെത്തണം.    ആർമിയിലും പൊലിസിലുമൊക്കെ കൈക്കുലി മേടിച്ച് കടത്തി വിടുന്ന ഒരുപാട് കേസുകൾ മുൻപ് പിടിക്കപെട്ടിട്ടുണ്ട് .  ദൽഹി പൊലിസിലും ഈ  സംഭവം അരമന രഹസ്യം അങ്ങാടിപട്ടാണ് .  അവിടെയാണ് ആദ്യം മാറ്റം വരുത്തേണ്ടത് .  ലക്ഷങ്ങൾ കൈക്കൂലി കൊടുത്ത് ജോലി വാങ്ങുന്ന ഒരാൾ അതിനിരട്ടി ഉണ്ടാക്കാൻ നോക്കുന്നത് സോഭാവികം. ഒരു നൂറു രൂപ കൈയിൽ ഉണ്ടെങ്കിൽ ഡൽഹിയിൽ നിങ്ങൾക്ക് ഏതു ട്രാഫിക്‌ നിയമങ്ങളും തെറ്റിക്കാം.   കോടികൾ ഉണ്ടെങ്കിൽ ഏതു പാവപ്പെട്ടവന്റെയും ശരീരത്തിലേക്ക് വണ്ടി ഓടിച്ച് കയറ്റാം.  കഴിഞ്ഞ 25 വർഷങ്ങളായി ഡൽഹിയിൽ ഞാനിതു കാണുന്നു ഇന്നുവരെ ഒരു മാറ്റവും ഞാൻ കണ്ടില്ല ഇനി ഉണ്ടാവുമെന്നും തോന്നുന്നില്ല .  ഭരണകൂടത്തിനോ കോടതിക്കോ ഒന്നും ചെയ്യാനും കഴിയില്ല കാരണം നമ്മുടെ ഭാരതത്തിന്റെ രാഷ്ട്രീയക്കളികൾ , നിയമങ്ങളെ ചൊൽപ്പടിക്ക് നിർത്താനുള്ള  രാഷ്ട്രീയ തന്ത്രങ്ങൾ , എന്തു വിലകൊടുത്തും വിട്ടുവീഴ്ച  ചെയ്തും കള്ളന്മാരെയം കൊള്ളക്കാരെയം കൂട്ടു പിടിച്ചും എങ്ങിനെയും ഭരണത്തിൽ കയറുന്ന രാഷ്ട്രീയ പാർട്ടികൾ  ഇതിലൊക്കെ എന്ന് മാറ്റം വരുന്നുവോ അന്നേ  നമ്മുടെ നാട് നന്നാവുകയുള്ളു .  അതുണ്ടാവുമോ ........?


























2013, മേയ് 24, വെള്ളിയാഴ്‌ച

ഒരു കൊച്ചുകഥ - അപശകുനം



അപശകുനം


ഉറക്കച്ചടവുകൊണ്ട് പാതികൂമ്പിയ കണ്ണ് പയ്യെ തുറന്ന് ജനലഴികളിലൂടെ പുറത്തേക്കു നോക്കിയപ്പോൾ ഞെട്ടിപ്പോയി.  പരിസരമാകെ ഇരുട്ടുപരന്നിരിക്കുന്നു.  ഹോ...  എന്തൊരു ഉറക്കമായിരുന്നു.  ജീവിതത്തിൽ ആദ്യമായാണ് ഇത്രയും നേരം ഉറങ്ങിയത്.  അഞ്ചു മിനുട്ടിൽ കൂടുതൽ ഉറക്കം ഞങ്ങൾക്കുള്ളതല്ലല്ലോ.  സന്ധ്യക്ക്‌ ഒന്ന് മയങ്ങാൻ കിടന്നതാണ്. കാലം മാറുംതോറും പ്രകൃതി നിയമങ്ങളും മാറുന്നുവോ ആവോ ......

മോൾ ഇതുവരെ ഉണർന്നില്ല.  തട്ടിൻപുറത്ത്  ചൂടാണെങ്കിൽ  അസഹനീയമാണ്.  ലോകം   മുഴുവൻ   ഒരു  ദിവസം  ചൂടുകൊണ്ട് ഉരുകി പോകും    എന്ന് തോന്നുന്നു.  

താഴെ അടുക്കളയിൽ  അമ്മൂട്ടിയമ്മയുടെ തട്ടലും മുട്ടലും കേൾക്കുന്നുണ്ട്.  ആ  വീട്ടിലെ  വേലക്കരിയാണ്  അമ്മുട്ടിയമ്മ.  ഇപ്പോൾ  ചെന്ന്  അവരുടെ  കാലുകളിൽ  തൊട്ടുരുമ്മി നിന്നാൽ  എന്തെങ്കിലുമൊക്കെ ഇടയ്ക്കിടെ തരും.  വയറുനിറയാൻ  അതൊക്കെ  മതി.    പാവം അമ്മുട്ടിയമ്മ  വയസ്സ് അറുപത്തഞ്ച്  കഴിഞ്ഞു.  മൂന്ന് ആണ്മക്കൾ ആയിരുന്നു അവർക്ക്.   ഓരോരുത്തർ കല്യാണം കഴിഞ്ഞു ആറു മാസത്തിൽ കൂടുതൽ വീട്ടിൽ താമസിച്ചില്ല.  അച്ഛനില്ലാതെ വളർത്തിയ മക്കൾ അമ്മയെ   സ്നേഹിക്കുന്നത് അവരുടെ ഭാര്യമാർക്ക് സഹിച്ചില്ല.  ആ  സ്നേഹംകൂടി തങ്ങൾക്കവകാശപ്പെട്ടതാണ് എന്നാണ് അവരുടെ വാദം അതിന്  അവർ കണ്ട വഴി അകലെ ഒരു ഫ്ലാറ്റോ ചെറിയൊരു വീടോ വാങ്ങി സ്വന്തം കാര്യം നോക്കി ജീവിക്കുക.  അമ്മ ഇനി എത്ര കാലം ജീവിക്കും ഭാര്യയല്ലേ മരണം വരെ കൂടെ ഉണ്ടാവുക.  പുതിയ തലമുറയുടെ പുതിയ ന്യായം. 

മോളെ ഉണർത്തി അടുക്കളയിലേക്കു നടക്കാൻ തുടങ്ങുമ്പോൾ മോൾ പറഞ്ഞു "അമ്മേ, എത്ര നാളായി നോണ്‍വെജ് കഴിച്ചിട്ട് അമ്മയെന്തിനാ ഈ വെജിറ്റേറിയൻ കുടുംബത്തിൽ വന്ന് സെറ്റിൽ ആയത്.  നാല് വീടുകൾക്കപ്പുറത്തു ഒരു പുതിയ ബംഗ്ലാവില്ലേ, അവിടത്തെ പിള്ളേരൊക്കെ  അമേരിക്കയിലാ അവിടെ മിക്ക ദിവസവും ചെമ്മീനും കരിമീനുമോക്കെയാണ്.  ഇന്ന് ഞാനവിടെ ഡിന്നർ കഴിക്കാൻ പൊയ്ക്കോട്ടേ ?  

മോളെ  സൂക്ഷിച്ചു പോകണം. മനുഷ്യർ പോകുമ്പോൾ നമ്മൾ കുറുകെ പോയാൽ അപശകുനമാണത്രെ..  പണ്ടുമുതലേ വിവരമില്ലാത്ത   മനുഷ്യർ  വിശ്വസിക്കുന്ന   ഒരു കെട്ടുകഥ.     മനുഷ്യരെ സൂക്ഷിക്കണം മൂന്ന്  വയസ്സ്  പ്രായമുള്ള  പിഞ്ചുകുഞ്ഞുങ്ങളെ  വരെ കാമവെറി പൂണ്ട  കശ് മലന്മാർ  കടിച്ച് കീറുന്നു.  സന്ധ്യ മയങ്ങിയാൽ നാട്ടിലെ ചെറുപ്പക്കാർ മദ്യലഹരിയിൽ മുങ്ങി സ്വബോധമില്ലാതെ പാതയുടെ വീതി അളന്ന്‌  അളന്നാവും വരിക.  ആരുടേയും കണ്ണിൽ പെടാതെ നോക്കണം.  പണത്തിനുവേണ്ടി സ്വന്തം പെണ്മക്കളെ കൊണ്ടുനടന്ന് വില്ക്കുന്ന മാതാപിതാക്കൾ ഉള്ള നാടാണിത്.   എതിരെ വരുന്നത് കണ്ടാൽ അപശകുനമാണെന്നു കരുതി പൂച്ചക്കുഞ്ഞായ നിന്നെവരെ പീഡിപ്പിക്കാൻ മടിക്കില്ല ഇന്നത്തെ മനുഷ്യർ.  പീഡിപ്പിക്കപ്പെട്ട് വഴിയരുകിൽ പ്രാണന് വേണ്ടി പിടയുമ്പോൾ,  തൊണ്ട പൊട്ടി കരയുമ്പോൾ ആരും നിന്നെ സഹായിക്കാൻ ഉണ്ടാവില്ല.  നിലവിളി കേട്ട് ഓടിക്കൂടിയവർ  അവസാന ശ്വാസത്തിന് വേണ്ടിയുള്ള നിന്റെ പിടച്ചിൽ മൊബൈലിൽ പകർത്തി ഫേസ്ബുക്കിൽ ആദ്യം ഇടാൻ മത്സരിക്കും. 

പ്രായപൂർത്തിയായ പെണ്മക്കൾ ജോലികഴിഞ്ഞ് വീടെത്തുന്നതുവരെ അമ്മമാരുടെ മനസ്സിൽ തീയാണ്.... കാലം മാറുകയാണ് നമ്മള്തന്നെ നമ്മളെ സൂക്ഷിക്കണം മോളെ........


                                                       *********************


2013, മേയ് 5, ഞായറാഴ്‌ച

വിവാഹം നാകമോ നരകമോ ?



വിവാഹജീവിതം നരകമാണോ സ്വർഗമാണോ ?  അത് എങ്ങിനെയാകണം എന്നും അതിൽനിന്നും മോചനം വേണോ വേണ്ടയോ എന്നും തീരുമാനിക്കേണ്ടത്  ദമ്പതികൾ തന്നെയാണ്.

പണ്ട് എൻറെ  ഒരു ബന്ധുവീട്ടിൽ വിവാഹം കഴിഞ്ഞു ആറുമാസം പോലും തികയാത്ത ദമ്പതികൾ അടിയും വഴക്കുമായി കഴിയുന്നതുകണ്ട് അവിടത്തെ മുത്തശ്ശി ഒരു ദിവസം പെണ്‍ക്കുട്ടിയെ വിളിച്ച് ഉപദേശിച്ചു. 

'മോളെ കുടുംബം എന്നത് ബലം കുറഞ്ഞ പൊട്ടാറായ രണ്ടു ചിന്തകളുടെ  കയറുക്കൊണ്ടാണ് കൂട്ടികെട്ടിയിരിക്കുന്നത് അത് പൊട്ടാതെ നോക്കേണ്ടത് പെണ്ണാണ് .  ഒരു നാഴി ഒരു നാഴിയുടെ അകത്തു ഒരിക്കലും വരില്ല.  ഒരാള് ഒരല്പ്പം തോറ്റ്കൊടുത്തേ മതിയാകു.  ഞങ്ങളും ഞങ്ങളുടെ പൂർവികരും ഒക്കെ അങ്ങിനെയായിരുന്നു അതുകൊണ്ടല്ലേ കൂട്ടുകുടംബങ്ങൾ നിലനിന്നിരുന്നത്.  കാലം എത്ര മാറിയാലും എത്ര തലമുറകൾ വന്നാലും സ്ത്രീയോ പുരുഷനോ ഒരൽപം താന്നുകൊടുക്കാതെ വിവാഹജീവിതം സ്വർഗമാക്കാൻ പറ്റില്ല അതു  മാത്രമല്ല നിങ്ങളുടെ മക്കൾ നിങ്ങളെ കണ്ടാണ്‌ വളരുക.  ഒരാൾ  പറയുന്നത്  മുഴുവൻ  കേള്ക്കാനും  മനസ്സിലാക്കാനുമുള്ള ക്ഷമ  മറ്റെയാൾ കാണിക്കണം .   നിങ്ങളുടെ സ്വകാര്യതയുടെ വേലിക്കെട്ടിനുള്ളിൽ മൂന്നാമതൊരാളെ  കടക്കാൻ  അനുവദിക്കയുമരുത്. '

മുത്തശ്ശിയുടെ കുഴിഞ്ഞ കണ്ണുകളിൽ നനവ് പടരുന്നത്‌ ഞാൻ കണ്ടു.  എനിക്ക് മുത്തശ്ശി പറഞ്ഞതൊന്നും അന്ന് മനസ്സിലായില്ല.  ഒരാഴ്ചക്ക് ശേഷം ആ കുട്ടിയുടെ വീട്ടുകാർ അവളെ രണ്ടു ദിവസത്തേക്ക് ഒരു പൂജയിൽ പങ്കെടുക്കാനായി കൂട്ടികൊണ്ടുപോയി.

അന്ന് സന്ധ്യക്ക്‌ മുത്തശ്ശി പേരക്കുട്ടിയെ വിളിച്ച് അടുത്തിരുത്തി.  അയാളുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞു "മോനെ  നിൻറെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം പോലും തികഞ്ഞിട്ടില്ല.  പൊട്ടലും ചീറ്റലും തുടങ്ങിയെന്ന് ഇവിടെ എല്ലാവർക്കും അറിയാം.  നീ പുരുഷനായതുകൊണ്ട് നീ വലുതാണ്‌ എന്ന് ചിന്തിക്കരുത്.  കുടുംബജീവിതത്തിൽ ഭാര്യക്കും ഭർത്താവിനും വലിപ്പച്ചെറുപ്പം ഇല്ല.  കാരണം നുകത്തിൽ ഒരേപോലെ കഴിവുള്ള കാളകളെ കെട്ടിയാൽ മാത്രമേ നിലം അനായാസ്സമായി ഉഴുതുമറിക്കാൻ പറ്റുകയുള്ളൂ. ഒരു കാള അൽപ്പം പുറകോട്ടാണെങ്കിൽ മറ്റെ കാള അൽപ്പം അയഞ്ഞുകൊടുത്താലേ അത് നടക്കൂ.  ഭാര്യാ ഭർത്താക്കന്മാർ അതുപോലെയാണ് ഒന്നിച്ച് ശ്രമിച്ചാലേ നല്ലൊരു ജീവിതം കിട്ടുകയുള്ളൂ.  വഴക്കും പിണക്കവുമൊക്കെ കിടപ്പുമുറിയിൽ വെച്ചുതന്നെ പറഞ്ഞു തീർക്കണം.   അങ്ങിനെ തീർക്കാവുന്ന വഴക്കും പിണക്കവുമേ പാടുള്ളൂ  
നിങ്ങളുടെ സ്വകാര്യതയുടെ വേലിക്കെട്ടിനുള്ളിൽ മൂന്നാമതൊരാളെ  കടക്കാൻ  അനുവദിക്കയുമരുത്. '  

ജീവിതാനുഭവങ്ങളിലുടെ നേടിയെടുക്കുന്ന അറിവിനേക്കാൾ  വലിയ അറിവ് ഒരു ഡിഗ്രികൊണ്ടും നേടിയെടുക്കാൻ പറ്റില്ലന്നു ആ മുത്തശ്ശിയിലുടെ ഞാൻ അറിഞ്ഞു. 

 ഭർത്താവിനും മക്കൾക്കും വേണ്ടി ഓഫീസിലും വീട്ടിലും ജോലി ചെയ്ത് തളർന്നുറങ്ങുന്ന ഭാര്യയുടെ മുഖത്തേക്ക് ഓരോ ഭർത്താവും ഒന്ന് സൂക്ഷിച്ചു നോക്കണം.  നിങ്ങളുടെ മനസ്സലിയും കുറ്റബോധം തോന്നും അങ്ങിനെ തോന്നിയില്ലയെങ്കിൽ നിങ്ങളൊരു നല്ല ഭർത്താവല്ല.   
ജീവിതത്തെ നമ്മൾ എങ്ങിനെ നോക്കി കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മളുടെ ജീവിത വിജയം .  ഒന്ന് ഉറക്കെ തുമ്മിയാൽ തീരുന്നതെ  ഉള്ളു ഒരു മനുഷ്യജീവിതം.  എന്നിട്ടും നാമൊക്കെ എന്തൊക്കയാണ് ജീവിതത്തിൽ കാട്ടികൂട്ടുന്നത്.  ഒരു മനുഷ്യൻ എങ്ങിനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് അവനവൻ  തന്നെയാണ്. സ്വന്തം ജീവിതത്തിൽ തീരുമാനെങ്ങളെടുക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട് പക്ഷെ സ്നേഹിക്കുന്നവർക്കുവേണ്ടി അല്പ്പം തോറ്റുകൊടുക്കുന്നത് പിന്നീട് ഏറെ സന്തോഷം തരുമെങ്കിൽ ജീവിതം തന്നെ മാറുമെങ്കിൽ എന്തുകൊണ്ട് ആയിക്കുട.  ഇതൊക്കെ  ചിന്തിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല അന്ന് ഞാൻ എന്ന് പിന്നീട് വിലപിച്ചിട്ട് എന്തുകാര്യം. 

പണ്ട് മരംവെട്ടുകാരനായ ഒരു അമ്മാവൻ ജീവിതത്തെക്കുറിച്ച് പറഞ്ഞത് നോക്കു " മക്കളെ ജീവിതത്തിലെ സന്തോഷം  എന്നു  പറയുന്നത്  പുറമേ  കാണുന്ന  തൊലിവെളുപ്പിലോ  , വില  കൂടിയ   ആടയാഭരണങ്ങളിലോ,    പണത്തിലോ, പ്രശസ്തിയിലൊ ഒന്നുമല്ല.  പുറമേ കാണുന്നതെല്ലാം വെറും പൊള്ളത്തരങ്ങൾ മാത്രമാണ്.  പാതയോരത്തെ ഒരു വലിയ മരത്തെ ഒന്ന് സൂക്ഷിച്ച് നോക്കു.  നല്ല വണ്ണം, ഉയരം, പടർന്നു പന്തലിച്ചു നില്ക്കുന്ന കൊമ്പുകൾ, നിറയെ ഇലകളും , പൂക്കളും കായ്കളും .  അതുപോലെ തലയെടുത്തു നില്ക്കുന്ന മരങ്ങളെ   മുറിക്കുന്ന  എനിക്ക് അറിയാം   മിക്ക  മരത്തിനകത്തും  കേടുപിടിച്ചു  പുഴു തിന്ന് പോള്ളയായിരിക്കും .   ഏതുനിമിഷവും ഒരു വലിയ കാറ്റിൽ ആടിയുലഞ്ഞ് നിലംപൊത്താറായി നിൽക്കുന്നവയായിരിക്കും.  അതുപോലെയാണ് മിക്ക മനുഷ്യരും,  അറിയാത്ത ഓരോ രോഗങ്ങളും പേറി അഹന്തയോടെ നെഞ്ചും വിരിച്ച് തല ഉയർത്തിപ്പിടിച്ച് സ്വന്തം പേരുപോലും അക്ഷരങ്ങളിൽ ഒതുക്കി ജാതിപ്പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന  ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ്.  അവരുടെ മുൻപിൽ സ്വന്തം ഭാര്യ പോലും അനുസ്സരിക്കേണ്ടവൾ  മാത്രമാണ്.  നിലം പൊത്തുന്നതിനുമുൻപ് വരെ ആർക്കെക്കയോ , അറിയുന്നവർക്കും അറിയാത്തവർക്കും അൽപ്പം തണൽ,  സ്നേഹത്തിന്റെ തണൽ കൊടുക്കാൻ ആവുന്നത്ര ശ്രമിക്കണം.  സ്വന്തം കുടുംബത്തിൽ നിന്നാവണം അതിന്റെ തുടക്കം".  

ഭര്ത്താവ് / ഭാര്യ  പറയുന്ന ചെറിയ ചെറിയ കാര്യങ്ങൾ  അനുസ്സരിച്ചാൽ താൻ ചെറുതായി പോകും എന്ന മനസ്സിന്റെ തോന്നലാണ് നമ്മളെ പ്രശ്നങ്ങളിലേക്ക് കാലെടുത്തു വെപ്പിക്കുന്നത്.  പിന്നീടത്‌ കുറേശ്ശെ കുറേശ്ശെയായി വളർന്ന് ദാമ്പത്തികജീവിതം ആടിയുലയാൻ തുടങ്ങും .  തുടക്കത്തിൽത്തന്നെ ഈഗോ വളരാതെ  നോക്കുകയും  കിടപ്പറയിൽ  വെച്ചുതന്നെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കുകയും ചെയ്യണം .  ശാരീരിക  ബന്ധത്തിന് ദാമ്പത്യ ജീവിതത്തിൽ എറ്റവും വലിയ പങ്കാണ് ഉള്ളത് .  ശാരീരിക ബന്ധം നൈമിഷികമായ സുഖത്തിന്റെ മാത്രം ബന്ധമാണെന്ന് ഉള്ള പുരുഷന്മാരുടെ ചിന്തകൾക്ക്  മാറ്റമുണ്ടാവണം.  പഴയ ഒരു മലയാള സിനിമയിലെ വില്ലൻ പറയുന്നതുപോലെ 'പെണ്ണെന്നും പെണ്ണുതന്നെയാണ് എത്ര തലകുത്തിമറിഞ്ഞാലും ഒരു പെണ്ണിന് ആണിൻറെ ഒപ്പം എത്താൻ ആവില്ല' പുരുഷൻറെ ഈ ചിന്താഗതിയാണ് ദാമ്പത്തിക ജീവിതത്തിൽ ആദ്യത്തെ വിള്ളലുണ്ടാക്കുന്നത്. 

ഭാര്യയും ഭർത്താവും ഇണചേരുന്നത് ഗര്ഭം ധരിക്കാൻ വേണ്ടി മാത്രമല്ല.  ഗർഭിണിയാകാൻ കഴിയാത്തവരും ഇണ ചേരാറില്ലേ.  ചില സ്ത്രീകള് ചിന്തിക്കുന്നത് കുട്ടികളുമായി പ്രായവും പത്തു നാല്പ്പതായി ഇനി എന്തിനാ ഇതൊക്കെ എന്നാണ് .  ഭാര്യാ ഭർത്താക്കന്മാരുടെ മാനസിക ബന്ധത്തിൻറെ കെട്ടുറപ്പിന്  ശാരിരിക ബന്ധത്തിന് തീര്ച്ചയായും നല്ലൊരു പങ്കുവഹിക്കാൻ കഴിയും എന്ന് തന്നെയാണ് മനശാസ്ത്ര വിദഗ്ദ്ധന്മാർ പറയുന്നത് .    മാത്രമല്ല സന്തോഷപ്രദമായ ലൈംഗിക ജീവിതം കൊണ്ട് ടെൻഷൻ കുറയുന്നു, കൊളസ്ട്രോൾ കുറയുന്നു, ഈസ്ട്രജൻ പോലുള്ള ഹോർമോണുകൾ വർദ്ധിക്കുന്നു ഇത് മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണം ചെയ്തു ആയുസും  വർദ്ധിക്കുന്നു.  പുരുഷൻ എപ്പോഴും ഇണചേരാൻ സന്നദ്ധനായിരിക്കും സ്ത്രീയാണ് അതിനുള്ള സൂചനകൾ കൊടുക്കേണ്ടത്.  കിടപ്പറയിൽ നോട്ടത്തിലൂടെ, ചിരിയിലൂടെ, പെരുമാറ്റത്തിലൂടെ ഒരു ഭാര്യക്ക്‌ അതിനു കഴിയണം.  അല്ലങ്കിൽ പുരുഷൻ മറ്റൊരു സ്ത്രീയുടെ സാന്നിദ്ധ്യം ആഗ്രഹിക്കും ചിലപ്പോൾ അത് യാഥാര്ത്യമാവുകയും കുടുംബ ജീവിതം താറുമാറായി വിവാഹ ജീവിതം നരകമാവുകയും അതിൽ നിന്നും മോചനത്തിനുവേണ്ടി കുടുംബകോടതിയിൽ എത്തുകയും ചെയ്യും.   പല പ്രശസ്തർക്കും  ചിന്നവീട് ഉള്ളത് അതുകൊണ്ടാണ്. 

സിനിമയെന്ന മായലോകത്തിന്റെ വർണപ്പകിട്ടിൽ കുടുങ്ങി അഭിമന്യുവിനെപ്പോലെയായ കുറേപ്പേർ വിവാഹ മോചനമെന്ന   ഇന്നത്തെ  ഫാഷൻറെ ക്യുവിലാണ്.   വിവാഹമെന്നത് അവർക്കൊക്കെ നരകമായത് എങ്ങിനെ ?

പല്ലാറോഡു എന്ന എന്റെ ഗ്രാമത്തിൽ പണ്ട് വേലായുധൻ എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു.  എന്നും സന്ധ്യക്ക്‌ മദ്യപിച്ചു വന്ന് നീണ്ട മുടിയുള്ള ഭാര്യയുടെ മുടി കൈയ്യിൽ ചുരുട്ടിപ്പിടിച്ച് ഇടിക്കുമായിരുന്നു.  ചില ദിവസങ്ങളിൽ ഉറക്കെയുള്ള കരച്ചിൽ കേൾക്കുമെങ്കിലും വേലായുധനെ പേടിച്ച് അയൽവക്കക്കാർ ആരുംതന്നെ അവിടെ പോകാറില്ലായിരുന്നു.  ഒരു ദിവസം, ആരെങ്കിലും വന്നെന്നെ രക്ഷിക്കണേ ഈ കാലമ്മാടൻ എന്നെ കൊല്ലുന്നേ എന്ന  നിലവിളി  കേട്ട്  കുറെ  ചെറുപ്പക്കാർ ഓടിക്കുടി .  അതിലൊരാൾ  ദേഷ്യത്തോടെ   പറയുന്നുണ്ടായിരുന്നു 'കുറെ നാളായി ഇതു കേൾക്കുന്നു ഇന്നു അയാൾക്കിട്ട്‌ രണ്ടു കൊടുത്തിട്ടേ ബാക്കി കാര്യമുള്ളൂ'.    വേലായുധനെ അടിക്കനോരുങ്ങുന്ന ചെറുപ്പക്കാരെ നോക്കി ഭാര്യ അലറി " എൻറെ കെട്ടിയോനെ തൊട്ടുപോകരുത്‌ അയാളെന്നെ തല്ലും ചിലപ്പോൾ കൊല്ലും സാരമില്ല ഞാൻ സഹിച്ചോളാം. '  ഇത്രയും പറഞ്ഞ്  അവർ പൊട്ടിക്കരഞ്ഞു.  പിറ്റെ ദിവസം പ്രേമ്നസ്സിറിന്റെ സിനിമ കാണാൻ വേലായുധനും ഭാര്യയും പോയി .  പിന്നീട് ദേഷ്യത്തോടെ വേലായുധൻ ഭാര്യയുടെ മുടി ചുരുട്ടി പിടിക്കുമെങ്കിലും മരിക്കുന്നതുവരെ തല്ലിയില്ല .


"കാലമിനിയുമുരുളും വിഷു വരും
വര്ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്ക്കറിയാം
നമുക്കിപ്പോഴീ ആര്ദ്രയെ ശാന്തരായി
സൗമ്യരായി എതിരേല്ക്കാം
വരിക സഖീ അരികത്തു ചേര്ന്ന് നില്ക്കൂ . . .
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര"

പ്രശസ്ത കവി ശ്രീ എൻ എൻ കക്കാടിന്റെ സഫലീമിയാത്ര എന്ന കവിതയിലെ ചില വരികളാണ് മുകളിൽ .  "അന്യോന്യം ഊന്നുവടികളായി നില്ക്കാം"‌   സ്നേഹത്തിന്റെ, വിശ്വാസത്തിന്റെ, ഓർമ്മകളുടെ, വേദനയുടെ എന്തിന് ജീവിതത്തിന്റെതന്നെ ഒരു അനുഭവം  നമുക്കീ കവിതയിൽ കാണാൻ കഴിയും.


നമ്മളെ പിന്തുടരുന്ന നമ്മളുടെ നിഴൽ മരണമാണ് അത് ഏതു നിമിഷവും നമ്മെ പിടികൂടാം.  എത്ര അഹങ്കരിച്ചാലും എത്ര പ്രശസ്തിയിൽ മുങ്ങി കുളിച്ചാലും ഒരു ദിവസം എല്ലാവരും മരിക്കും അതുവരെ സ്നേഹത്തോടെ ഒന്ന് തലോടാൻ അന്യോന്യം ഊന്നുവടികളായി നില്ക്കാൻ ഒരാൾക്ക്‌ ഒരാള് വേണ്ടേ.  മറക്കാനും പൊറുക്കാനും മനുഷ്യന് കഴിവില്ലായിരുന്നു എങ്കിൽ ഇന്ന് കാണുന്ന ലോകം ഉണ്ടാകുമായിരുന്നില്ല.   അതുകൊണ്ട് നമ്മൾക്ക് സ്വന്തം കുടുംബത്തിൽ അൽപ്പം ചെറുതാകാം ധാമ്പതിക ജീവിതം മധുരമുള്ളതാക്കാം.........


2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

ടി വി റിമോട്ടും കുടുംബാംഗങ്ങളും

മാർപാപ്പയുടെ  തിരഞ്ഞെടുപ്പിനെക്കുറിച്ച് എഴുതണോ മാണിസ്സാറിന്റെ ബജറ്റിനെക്കുറിച്ച് എഴുതണോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മകളുടെ അനോൻസ്മെന്റ്റ് കേട്ടത് ടി  വി യിൽ കൊമഡി ഷോ തുടങ്ങി.  ഭാര്യ അടുക്കളയിൽ  നിന്നും ടി വി യിലേക്ക് ഒന്ന് എത്തിനോക്കി പിന്നെ പത്തുമിനിട്ട് പരസ്യം കഴിഞ്ഞേ തുടങ്ങു എന്നും പറഞ്ഞ് അടുക്കളയിലേക്ക് വലിഞ്ഞു .

കുറച്ചു കാലം മുമ്പ് പ്രിൻസ് എന്ന പേരുള്ള ഒരു കുട്ടി കുഴൽ കിണറിൽ വീഴുകയും രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയും മിക്ക ടി വി ചാനലുകളുംഅത് ലൈവായി കാണിക്കുകയും അത് കണ്ട് ജനങ്ങൾ അവനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു .  ആ  സമയത്ത് ഒരു അമ്മാവൻ പറഞ്ഞത് ഓർക്കുന്നു .  "ഹോ ഈ ടി വി ഇല്ലായിരുന്നുവെങ്കിൽ മനുഷ്യർ ടെൻഷൻ എടുത്ത് ഉറക്കവും നഷ്ടപ്പെട്ട് കഷ്ടപെട്ടുപോയേനെ".  പത്രമാധ്യമങ്ങൾ മാത്രമുള്ള സമയമായിരിന്നുവെങ്കിൽ ആ കുട്ടി രക്ഷപെട്ടോ ഇല്ലയോ എന്നറിയാൻ പിറ്റെ ദിവസം വരെ കാത്തിരിക്കണം . ഹോ ഓർക്കാൻപോലും പറ്റുന്നില്ല .  പക്ഷെ സ്ത്രീകൾക്കും പെണ്ക്കുട്ടികൾക്കും അന്നും ഇന്നും ടെൻഷൻ ആണ് .   പണ്ട് വാരികകളിൽ വന്നിരുന്ന നീണ്ടകഥകളിൽ അവസാനം ഒരു കോമയിട്ടു നിർത്തും പിന്നെ ഒരാഴ്ച്ച ഊണിലും ഉറക്കത്തിലും അവർ അനുഭവിക്കുന്ന ടെൻഷൻ.......  ഇന്നാണെങ്കിൽ ടി വി പരമ്പരകൾ.  

ഭാര്യയുടെ കന്നിപ്രസവം.  എന്ത് വന്നാലും ശരി പ്രസവ സമയത്ത് ഞാനിവിടെ എത്തിയിരിക്കും എന്ന് പറഞ്ഞ് ഭാര്യയെ ആശ്വസിപ്പിച്ച് (അമ്മായിയമ്മ പോര് അത്രയ്ക്ക് കഠിനവും അസഹനീയമാണ് ഭർത്താവിന്റെ വീട്ടിൽ) ഗൾഫിൽ പോയ ഭർത്താവ്.  നീരു വന്നു വീർത്ത  കാലുകളും, തോരാത്ത കണ്ണീരുമായി കഴിയുന്ന പൂർണ ഗർഭിണിയായ ഭാര്യ.  കഴിഞ്ഞ രണ്ടു മാസങ്ങളായി ഭർത്താവി നെപ്പറ്റി ഒരു വിവരവും ഇല്ല .  

ഇനി ടി വി പരസ്യം "അച്ഛനും അമ്മയ്ക്കും ആറ്റു നൊറ്റുണ്ടായ ഒരേ ഒരു മകളാണ് സീത.  ഒന്ന് നുള്ളിനോവിക്കുക പോലും ചെയ്യാതെ വളർത്തിയ പോന്നു മകളാണ് സീത.  ഇന്നവൾ പൂർണ ഗർഭിണിയാണ്.  (ഗർഭിണിയാണെന്ന് അറിഞ്ഞിട്ട് പതിനഞ്ച് മാസമായി, ടി വി സീരിയൽ പ്രസവമല്ലേ)  .  അവളുടെ കണ്ണുനീരിന് ഒരു അവസാനം ഉണ്ടാവുമോ ?  അവളുടെ പ്രിയപ്പെട്ട ഭർത്താവ് പ്രസവ സമയത്തിന് മുമ്പ് എത്തിച്ചേരുമോ ?  വീൽ ചെയറിൽ ഇരുന്ന് ഭർത്താവിന്റെ കൈയും പിടിച്ച് ലേബർ റൂമിലേക്ക് 
പോകാൻ ആ   പാവത്തിന് കഴിയുമോ?  അങ്ങിനെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾക്ക് ഉത്തരവുമായി നിങ്ങളുടെ മുന്നിലേക്ക്‌ ഇതാ ഞങ്ങൾ എത്തുന്നു.  മുടങ്ങാതെ കാണുക തിങ്കൾ  മുതൽ വെള്ളി വരെ നിങ്ങളുടെ പ്രിയപ്പെട്ട ചാനലിൽ "അവൾ പ്രസവിക്കുമോ" ഒരു .....   പരമ്പര .  

ആർത്തു അട്ടഹസ്സിച്ചുകൊണ്ട് കോമഡിഷോ അവതാരിക വന്നു. തക്ക സമയത്തുതന്നെ 
എൻറെ  ഭാര്യയും അടുക്കളയിൽ നിന്നും  ഇറങ്ങി വന്നു.  ടി വി റിമോട്ടിനുവേണ്ടി പിടിവലികൂടാത്ത കുടുംബം ഉണ്ടെങ്കിൽ ഹോ....  ആ കുടുംബകാർക്ക് ഒരു സലാം.....


ഒരു ടീമിന്റെ സ്കിറ്റിന്റെ ക്ല്യ്മാക്സ് കർത്താവിനു എന്തിനാ പൊന്നും കുരിസ്സ് അത് വിറ്റു ഞാൻ പാവങ്ങള്ക്ക് ആഹാരവും വസ്ത്രവും വാങ്ങി കൊടുത്തു എന്നാണു.  അത് കണ്ടപ്പോൾ വീണ്ടും മാർപാപ്പയുടെ തിരഞ്ഞെടുപ്പിനെപ്പറ്റി ഓർത്തു .

മാർപാപ്പയുടെ തിരഞ്ഞെടുപ്പ് ഫലം പുകയായാണ് പുറത്ത് വരുന്നത് എന്ന്...  എല്ലാം ഒരുതരം പുകമറ..... ഇതു തിരുവല്ലക്കാരൻ കുഞ്ഞുമോൻ അച്ചായൻറെ കമൻറ് ആണ് കേട്ടോ ..  പരസ്പ്പരം പാര വെച്ചും കുതികാൽ വെട്ടിയും രാഷ്ട്രീയക്കരെപോലെ തിരഞ്ഞെടുപ്പ് നടത്തി അവസാനം ഫലം പുക....  മത്സരിക്കുന്നവരുടെ പേരുകൾ എഴുതിയ തുണ്ട് കടലാസ്സുകൾ ഒരു കുടത്തിലിട്ടു ദൈവത്തിൻറെ പ്രതിരൂപങ്ങൾ ആയ കൊച്ചു കുട്ടികളെ കൊണ്ട് ഒരെണ്ണം എടുപ്പിച്ചാൽ പോരെ....    നമ്മുടെ നായനാർ സഹാവ് പറഞ്ഞതുപോലെ ഓൻ (കുഞ്ഞുമോൻ)മറ്റവരുടെ ആളാ.....


മാർപാപ്പയെ  തിരഞ്ഞെടുക്കുക, ആ സ്ഥാനത്തിരിക്കുക അതൊരു കോമഡി അല്ല.  ലാറ്റിനമേരിക്കയിൽ നിന്നും കത്തോലിക്ക സഭയുടെ തലവനായി വന്ന ആദ്യത്തെ പോപ്പിന് സഭയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുവാൻ കഴിയും അതോടൊപ്പം ഇന്നത്തെ ലോകത്തിനും ഒരു പിടി നന്മകൾ നല്കാൻ കഴിയുമെന്നുതന്നെയാണ് ലോകജനത വിശ്വസിക്കുന്നത്.  പാവപ്പെട്ടവരോടൊപ്പം ജീവിച്ച, അവരെ അടുത്തറിഞ്ഞ പോപ്പ് ഫ്രാൻസിസിൽ ആ  ലാളിത്യം ഇപ്പോഴേകണ്ടുതുടങ്ങിയിരിക്കുന്നു .  അധികാരത്തിന്റെയും സമ്പത്തിന്റെയും ലഹരിയിൽ മുങ്ങിപ്പോയിരിക്കുന്നു  സഭ. ആ ലഹരിക്കെതിരായി ഒരു തീരുമാനം എടുക്കുക എന്നത് സഭയിൽ
 വിള്ളലുണ്ടാക്കും , കൊഴിഞ്ഞുപോക്ക് തുടരും യുറോപ്പിൽ അത്  വ്യക്തമായിതുടങ്ങിയതോടുകുടി   ലോകമെൻപാടും അത് വ്യാപിക്കും എന്നതിന് തർക്കമില്ല .  ബെനഡിക്റ്റ് പതിനാറാമൻ മാര്പ്പാപ്പ സ്ഥാനമൊഴിഞ്ഞതിൽ  സഭയുടെ അകത്ത് തന്നെ സഭ നേരിടുന്ന പ്രതിസന്ധികളുടെ ചിത്രം വ്യക്തമാക്കുന്നു.  ലോകജനതയ്ക്ക് സ്വയം എളിമപ്പെടുക എന്ന വചനം തന്റെ പ്രവൃത്തികളിലുടെ പോപ്പ് ഫ്രാൻസിസ് കാണിച്ചുകൊടുത്തിട്ടുള്ളതാണ് അത് സഭയുടെ അധികാര ലഹരിയിൽ വിരാജിക്കുന്നവര്ക്ക് ഒരു പാഠമാകട്ടെ.....  പൊന്നിൻ കുരിസ്സുകളെക്കാൾ വലുതാണ്‌ പാവപെട്ടവന്റെ വിശപ്പു എന്ന് പോപ്പിന് അറിയാം .


സഭയിൽ ഒരു മാറ്റം അനിവാര്യമായിരിക്കുന്നു എന്ന് സാധാരണക്കാർ പോലും പറഞ്ഞു തുടങ്ങിയിരിക്കുന്നു.   പോപ്പ് അത് അറിയും കാരണം ഈ പോപ്പിൻറെ കണ്ണുകൾ ഇതുവരെ പാവപ്പെട്ടവരുടെ കണ്ണുകളിൽ അവരുടെ മനസ്സ് വായിക്കുകയായിരുന്നു .   




2013, മാർച്ച് 7, വ്യാഴാഴ്‌ച

ലഹരി ലഹരി





ലഹരി എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം  ഓടിയെത്തുന്നത് മദ്യപാനമയിരിക്കും.  നിയമപരവും അല്ലാത്തതുമായ ഒരുപാട് ലഹരി പദാര്‍ത്ഥങ്ങളുണ്ട്‌.  ഇന്ത്യയില്‍ പൊതുവായി ഉപയോഗിച്ചുവരുന്ന നിയമപരമായ ലഹരി പദാര്‍ത്ഥങ്ങള്‍ പുകവലിയും പുകയില ഉല്‍പ്പന്നങ്ങളും മദ്യവുമാണ്.  നിയമപരമല്ലാത്ത ചിലതാണ് കഞ്ചാവ്, സാങ്ങ്, ചരസ്സ്, ഹെറോയിന്‍, ഓപ്പിയം, ചില അല്ലോപ്പതി മരുന്നുകളുടെ ഓവര്‍ഡോസ്, ചുമക്കുള്ള  സിറപ് മുതലായവ.  ഇവയില്‍ പലതും ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ സുലഭമായി ലഭ്യമാണന്നു കേള്‍ക്കുന്നു.   

ഡല്‍ഹിയില്‍ മന്ത്രി മന്ദിരങ്ങളുടെയും പാര്‍ലിയമെന്റിന്റെയും തൊട്ടടുത്ത്‌ കിടക്കുന്ന കോണാട്ട് പ്ലേസില്‍ എന്നെങ്കിലും ഒരു ദിവസം ഓരോ മുക്കിലും മൂലയിലും വെറുതെ ഒന്ന് പരതി  നോക്കു ഒരു തുണ്ട് അലുമിനിയം പേപ്പറും തീപ്പെട്ടിയുമായി സ്മാക്ക്  എന്ന  മാരകമായ വിഷം മൂക്കിലുടെ  വലിച്ചു കയറ്റി തലച്ചോറിനെ മരവിപ്പിച്ചു ലഹരി അനുഭവിക്കുന്ന കുറെ അത്താഴ പട്ടിണിക്കാരെ കാണാന്‍ കഴിയും.   വലിയ വിലയുള്ള ഈ മയക്കുമരുന്ന് എങ്ങിനെ കിട്ടുന്നുവെന്നോ എവിടെനിന്ന് കിട്ടുന്നുവെന്നോ ഇതിന്റെ ഉറവിടം എവിടെനിന്നാണ് എന്നൊക്കെ അറിയാന്‍ ഇവരില്‍ ഒരാളെ പിടിച്ച് അകത്തിട്ട് നാല് ചാര്‍ത്ത്  ചാര്‍ത്തിയാല്‍ കണ്ടുപിടിക്കാന്‍ കഴിയുമെന്നു കരുതിയാല്‍ തെറ്റി.  സുരേഷ് ഗോപിയുടെ സ്റ്റൈലില്‍ പറഞ്ഞാല്‍ "  ഒരു നേരത്തെ ആഹാരത്തിനുവേണ്ടി കാലി കുപ്പികളും കടലാസും പെറുക്കി വിറ്റു മരിച്ചു ജീവിക്കുന്ന ഇവരെയൊക്കെ പൊക്കിയെടുത്ത് കൂമ്പിനിട്ടു ഇടിച്ചിട്ട്‌ ഒരു കാര്യവും ഇല്ല .  ഒരു ഇന്‍ഫര്‍മേഷനും കിട്ടാനും പോകുന്നില്ല കാരണം ഇവരൊക്കെ ആ ചങ്ങലയിലെ അവസാനത്തെ കണ്ണികളാണ്.  മറ്റെ  അറ്റത്ത്‌ ഉള്ളവരെ തപ്പി പോയിട്ടും ഒരു വിശേഷവും ഉണ്ടാവില്ല അവരൊക്കെ എട്ടു വിരലിലും വജ്രമോതിരങ്ങളും അണിഞ്ഞ് കോടികള്‍ വിലയുള്ള കാറുകളില്‍ സഞ്ചരിച്ച്‌ മന്ത്രി മന്ദിരങ്ങളില്‍കയറിയിറങ്ങുന്നവരാണ് അവരുടെയൊക്കെ ഒരു രോമത്തില്‍ പോലും തൊടാന്‍ ഇവിടത്തെ പോലീസിനോ നിയമത്തിനോ കഴിയില്ല."    സത്യം ഇതൊക്കെയാണോ ആവോ എന്തായാലും ആ  പാവങ്ങളോട് സഹതപിക്കാം . 

ഇനി മദ്യലഹരി .  മദ്യം മലയാളിയുടെ നിത്യജീവിതത്തില്‍ ഒഴിചുകൂടാന്‍ ആവാത്ത ഒന്നായി തീര്‍ന്നിരിക്കുന്നു.  മരണം മുന്നില്‍വന്നു പല്ലിളിച്ചു കാണിച്ചാലും മലയാളിക്ക് അതൊക്കെ ഒരു  ലഹരിയാണ്.  അവസാനം മരണം കഴുത്തില്‍ പിടി മുറുക്കുമ്പോള്‍, ജിവിതം കാറ്റിലുലയുന്ന മെഴുകുതിരി വെട്ടം പോലെയാകുമ്പോള്‍  വാവിട്ടു കരയുന്ന കുടുംബാങ്ങങ്ങളെ നോക്കി നിശബ്ധമായി കരയുന്ന പാവം മലയാളി.  

ലഹരി എന്നത് എല്ലാ മനുഷ്യരിലും ഉണ്ടാവേണ്ട ഒരു സംഗതി ആണ്.  അതില്‍ ഒന്നാമത്തേത് പ്രണയം എന്ന ലഹരിയാണ്.  പ്രണയം ... അവര്‍ണനീയമായ ഒരു ലഹരി....  ഈ പ്രണയം നമ്മള്‍ക്ക് എല്ലാ നല്ല കാര്യങ്ങളിലും ഉണ്ടാകണം മനസ്സില്‍ ഉണ്ടാക്കി എടുക്കണം.  പ്രകൃതിയോടുള്ള പ്രണയമാണ് ഇതില്‍ ഒന്നാമത്തേത്.  പൂക്കളെ, കായ്കളെ, മരങ്ങളെ എന്തിന് സര്‍വ ചരാചരങ്ങളെയും ആത്മാര്‍ഥമായി പ്രണയിക്കു അപ്പോള്‍ പ്രണയത്തിന്‍റെ ലഹരി എന്താണന്നു മനസ്സിലാകും.  ആ ലഹരിയിലാണ് മനസ്സില്‍ നന്മ ഉണ്ടാക്കു ന്നത്.  

ചില സ്ത്രീകളുടെ ലഹരി വളരെ ലളിതവും വിചിത്രവുമാണ്.  ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പതിനായിരം രൂപയുടെ
പട്ടുസാരി തന്നെ വേണമെന്ന് വാശി  പിടിക്കുന്ന ഭാര്യ.  ഇടത്തരക്കാരന് താങ്ങാന്‍ അല്പം പ്രയാസമുള്ള ബജറ്റ് ആണ് പക്ഷെ ഭാര്യക്ക്‌ പറയാനുള്ളതും കൂടെ കേള്‍ക്കണം "എത്ര ആളുകള്‍ പങ്കെടുക്കുന്ന ഒരു ചടങ്ങാണ് പഴയൊരു കോട്ടന്‍ സാരിയുമുടുത്തു അവരുടെ മുമ്പില്‍ ചെല്ലാന്‍ എന്നെ കിട്ടില്ല.  ക്ഷണിച്ചിട്ടു പോകാതിരിക്കാനും പറ്റില്ല.  ചേട്ടനും പിള്ളരും കൂടെ ചെല്ല് ആരെങ്കിലും ചോദിച്ചാല്‍ എനിക്ക് തലവേദന ആണന്നു പറഞ്ഞാല്‍ മതി.

പാവം ഭര്‍ത്താവ് ക്രെഡിറ്റ്‌ കാര്‍ഡില്‍ സാരി വാങ്ങുന്നു.  വിവാഹ ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരും തന്റെ സാരി ശ്രധ്യ്ച്ചുകാണും എന്ന  ചിന്തയില്‍ സന്തോഷത്തിന്റെ ലഹരി കണ്ടെത്തുന്ന ഭാര്യ.  

ഈയിടെ ലണ്ടനില്‍ ബോണ്‍ യുനിവെര്‌സിറ്റിയിലെ പഠനമനുസരിച്ച് ഫേസ്ബുക്ക്‌ ലഹരി കുടുതലും പിടികുടുന്നത് സ്ത്രീകളെയാണ് എന്ന് കണ്ടെത്തിയിരിക്കുന്നു.  ജീനുകളുടെ പ്രശ്നം കാരണമാണിതെന്നും പഠനത്തില്‍ പറയുന്നു. 

പല്ലാറോഡില്‍ പണ്ട് എല്ലാ വര്‍ഷവും കൊടുങ്ങല്ലൂര്‍ ഭരണിക്ക് മുന്‍പായി ചുവന്ന പട്ടുടുത്തു കൈയില്‍ വാളുമേന്തി വീടുകള്‍തോറും കയറിയിറങ്ങുന്ന വെളിച്ചപ്പാടുകളെ കാണുമായിരുന്നു.  വെളിച്ചപ്പാടുകള്‍ ഉറഞ്ഞുതുള്ളി നെറ്റിയിലും തലയിലും വാളു കൊണ്ട് മെല്ലെ മെല്ലെ വെട്ടി മുറിവുണ്ടാക്കുകയും,  ചോര കിനിയുന്ന മുറിവില്‍ മഞ്ഞള്‍ പൊടിയും തുളസിയിലയും ഞെരടി പുരട്ടുകയും ചെയ്യുമായിരുന്നു.  ഇതാണ് ചെറിയ ഭക്തി ലഹരി.  


ഡല്‍ഹിയില്‍ ഭക്തി ലഹരിയേക്കാള്‍ ഭക്തി കച്ചവട ലഹരിയാണ് കുടുതലും.  ഇവിടെ പല സ്ഥലങ്ങളിലും കൊച്ചു കൊച്ചു പ്രതിമകള്‍ വെച്ച് ഒന്നും രണ്ടും പേര്‍ ചേര്‍ന്ന് തുടങ്ങുന്ന കച്ചവടം.  ഭക്തി ലഹരി മുത്ത്‌ ജനങ്ങള്‍ അതിനുമുന്‍പില്‍പ്രാര്‍ത്ഥിക്കാന്‍ വന്നുതുടങ്ങുന്നതോടുകുടി പണത്തിന്റെ വരവും തുടങ്ങുകയായി.  കുറേശ്ശെയായി അവിടെ ഒരു ചെറിയ അമ്പലവും അതിനു പുറകില്‍ ചെറിയൊരു മുറിയും പണിയുന്നു.  സര്‍ക്കാര്‍ സ്ഥലം കൈയേറി തുടങ്ങുന്ന കച്ചവടമായതിനാല്‍ മുതല്‍മുടക്ക് സീറോ വരുമാനത്തിന് ഒരു കണക്കുമില്ല. 


ഗരുഡന്‍ തൂക്കത്തെക്കുറിച്ച് കേട്ടിരിക്കുമല്ലോ.  മനുഷ്യന്റെ ചര്‍മ്മത്തിലേക്ക് കൊളുത്തുകള്‍ കുത്തികയറ്റിയുള്ള ഈ ക്രൂരമായ പീഡനം  ഏതു ലഹരിയില്‍ ഉള്‍പ്പെടുത്തണം. 




ശബരിമലയില്‌ മകര വിളക്കിനു എത്തുന്ന ജനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണത്തെപ്പറ്റി ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.  ത്രിവേണിയിലും, പമ്പയിലും അഴുതയിലും അടിഞ്ഞുകൂടുന്ന മലം ടണ്‍ കണക്കിനാണ്.    ശബരിമലയില്‌ നിന്ന് പമ്പയില്‍ തള്ളുന്ന മാലിന്യം കോടികണക്കിന് ലിറ്ററാണ്.  ഭക്തി   ലഹരിയില്‍ മനുഷ്യന്‍ എല്ലാം മറക്കുന്നു  







ലോകത്തെ എറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഉത്സവം എന്ന  പേരില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച ആറ്റുകാല്‍ പൊങ്കാല ഒരു അത്മസമര്‌പ്പണവും അതിലുപരി  മനസ്സിലുള്ള ആഗ്രഹങ്ങള്‍ സാധിച്ചു തരും എന്നുള്ള ഉറപ്പും ആണത്രേ പൊങ്കാലയിലെക്കു സ്ത്രീകളെ ആകര്‍ഷിക്കുന്നത്. 35 ലക്ഷം പേര്‍ പങ്കെടുത്തുവെന്ന് അവകാശപ്പെടുന്ന ഈ
വര്‍ഷത്തെ പൊങ്കാല  (അവകാശം ക്ഷേത്ര ട്രസ്റ്റി ന്റെതാണ് ) ഹോമപ്പുകകൊണ്ട് ആകാശത്ത് മേലാപ്പ് തീര്‍ത്തു എന്ന് പത്രങ്ങള്‍
റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു .





 കേരളത്തിലെ സ്ത്രീകളുടെ  കണക്കെടുത്താല്‍ പോലും 35 ലക്ഷം എന്നത്.........
ഭക്തി ലഹരിയോ അതോ അടുത്ത വര്‍ഷത്തിനുവേണ്ടിയുള്ള ഡല്‍ഹി മോഡല്‍ ഭക്തി ലഹരിയൊ......

ഇത്രയും കാര്യങ്ങള്‍ മുകളില്‍ പറഞ്ഞത് ലോകത്തിലെ എറ്റവും അപകടകാരിയായ  ലഹരി എതാണ് എന്ന് ചൂണ്ടിക്കാട്ടാനാണ്.  ഞാന്‍ ആരുടെയും ഭക്തിയെയോ വിശ്വാസത്തെയോ അല്ലങ്കില്‍ ജാതി മതങ്ങളേയോ ചോദ്യം ചെയ്യുകയോ വിമര്‌ശിക്കുകയൊ അല്ല. 
ലോകത്തിലെ എറ്റവും ക്രൂരമായ ലഹരി ജാതി മത ഭ്രാന്തു തന്നെയാണെന്ന് പറയാതിരിക്കാന്‍ വയ്യ.  ജനങ്ങള്‍ക്ക്‌ സമാധാനമായി ജീവിക്കാന്‍ പറ്റാത്ത ഒരു സാഹചര്യമാണ് ഇന്ന് ലോകത്തില്‍ .  ആര്‍ക്കും ആരെയും കുറിച്ച് ചിന്തിക്കാന്‍ മനസ്സില്ല എല്ലാവര്ക്കും മറ്റുള്ളവരെ തട്ടിമാറ്റി മുന്‍പില്‍ എത്തണം അതിനു ജാതിയെയം മതത്തെയും ദൈവങ്ങളെയും കൂട്ടുപിടിച്ച് മനുഷ്യര്‍ തന്നെ മനുഷ്യമനസ്സുകളില്‍ മതില്‍ക്കെട്ടുകള്‍ തീര്‌ക്കുന്നു.  പാവം ജനങ്ങള്‍ ഉയര്‍ന്ന ജീവിത സാഹചര്യങ്ങള്‍ ഉണ്ടാവാന്‍ അവസാന മാര്‍ഗമാണെന്ന് ധരിച്ചു ജാതി മത ഭക്തി ലഹരി കച്ചവടക്കാരുടെ മുന്‍പില്‍ തന്റെ ചിന്തകളെ, മനസ്സിനെത്തന്നെ പറിച്ചെറിഞ്ഞു കൊടുക്കുന്നു.  മരണം വരെ കാത്തിരിക്കുന്നു .....

തൂണിലും തുരുമ്പിലും  ദൈവമുണ്ടെന്നു പറയുകയും പതിനൊന്നു രൂപ മുതല്‍ ലക്ഷങ്ങള്‍ വരെയുള്ള വിലവിവരപ്പട്ടിക എഴുതിവെച്ചിട്ടുള്ള അമ്പലങ്ങളില്‍ പോയി തന്റെ വരുമാനത്തിന് വാങ്ങാന്‍ കഴിയുന്ന അനുഗ്രഹവും വാങ്ങി സന്തോഷത്തിന്റെ ലഹരി അനുഭവിക്കുന്ന മാന്യമഹാ ജനങ്ങളെ അമ്പലങ്ങളിലും പള്ളികളിലും നിന്ന് കിട്ടുന്ന ആ  ലഹരിയും സമാധാനവും  നിങ്ങളുടെ വീടുകളില്‍ ഇരുന്നു പ്രാര്‍ത്ഥിച്ചാലും കിട്ടും അതിനു മനുഷ്യന്‍ മനുഷ്യനെ അറിയണം, സ്നേഹിക്കാന്‍ പഠിക്കണം പുതിയ തലമുറയെ പഠിപ്പിക്കണം . 

നമ്മുടെ ബന്ധുക്കളയോ  സുഹൃത്തുക്കളയോ  പെട്ടന്ന്  മരണം തട്ടിയെടുക്കുമ്പോള്‍ ഒന്നോ രണ്ടോ ദിവസം മാത്രം ജീവിതം ഇത്രയേയുള്ളൂ എന്ന് ചിന്തിക്കുകയും മൂന്നാം ദിവസം മുതല്‍ നെഞ്ചു വിരിച്ച് എന്റെ മതവും എന്റെ ജാതിയും ഞാനുമാണ് ലോകത്തില്‍ എറ്റവും വലിയത് എന്ന് ചിന്തിക്കുന്ന പാവം മനുഷ്യാ ജീവിതത്തില്‍ എല്ലാവരും ഓടിയെത്തുന്ന ഫിനിഷിംഗ് പോയിന്റ്‌ മരണമാണ്. ചിലര്‍ നൂറു മീറ്ററും ചിലര്‍ മാരത്തോണും ഓടുന്നു എന്ന് മാത്രം . 

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ലഹരി നുണയാന്‍ സ്വയം അറിയൂ  മനസ്സില്‍ എന്നും നന്മ കൈമോശം വരാതെ സൂക്ഷിക്കു ......