പേജുകള്‍‌

2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

ടി വി റിമോട്ടും കുടുംബാംഗങ്ങളും

മാർപാപ്പയുടെ  തിരഞ്ഞെടുപ്പിനെക്കുറിച്ച് എഴുതണോ മാണിസ്സാറിന്റെ ബജറ്റിനെക്കുറിച്ച് എഴുതണോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മകളുടെ അനോൻസ്മെന്റ്റ് കേട്ടത് ടി  വി യിൽ കൊമഡി ഷോ തുടങ്ങി.  ഭാര്യ അടുക്കളയിൽ  നിന്നും ടി വി യിലേക്ക് ഒന്ന് എത്തിനോക്കി പിന്നെ പത്തുമിനിട്ട് പരസ്യം കഴിഞ്ഞേ തുടങ്ങു എന്നും പറഞ്ഞ് അടുക്കളയിലേക്ക് വലിഞ്ഞു .

കുറച്ചു കാലം മുമ്പ് പ്രിൻസ് എന്ന പേരുള്ള ഒരു കുട്ടി കുഴൽ കിണറിൽ വീഴുകയും രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയും മിക്ക ടി വി ചാനലുകളുംഅത് ലൈവായി കാണിക്കുകയും അത് കണ്ട് ജനങ്ങൾ അവനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു .  ആ  സമയത്ത് ഒരു അമ്മാവൻ പറഞ്ഞത് ഓർക്കുന്നു .  "ഹോ ഈ ടി വി ഇല്ലായിരുന്നുവെങ്കിൽ മനുഷ്യർ ടെൻഷൻ എടുത്ത് ഉറക്കവും നഷ്ടപ്പെട്ട് കഷ്ടപെട്ടുപോയേനെ".  പത്രമാധ്യമങ്ങൾ മാത്രമുള്ള സമയമായിരിന്നുവെങ്കിൽ ആ കുട്ടി രക്ഷപെട്ടോ ഇല്ലയോ എന്നറിയാൻ പിറ്റെ ദിവസം വരെ കാത്തിരിക്കണം . ഹോ ഓർക്കാൻപോലും പറ്റുന്നില്ല .  പക്ഷെ സ്ത്രീകൾക്കും പെണ്ക്കുട്ടികൾക്കും അന്നും ഇന്നും ടെൻഷൻ ആണ് .   പണ്ട് വാരികകളിൽ വന്നിരുന്ന നീണ്ടകഥകളിൽ അവസാനം ഒരു കോമയിട്ടു നിർത്തും പിന്നെ ഒരാഴ്ച്ച ഊണിലും ഉറക്കത്തിലും അവർ അനുഭവിക്കുന്ന ടെൻഷൻ.......  ഇന്നാണെങ്കിൽ ടി വി പരമ്പരകൾ.  

ഭാര്യയുടെ കന്നിപ്രസവം.  എന്ത് വന്നാലും ശരി പ്രസവ സമയത്ത് ഞാനിവിടെ എത്തിയിരിക്കും എന്ന് പറഞ്ഞ് ഭാര്യയെ ആശ്വസിപ്പിച്ച് (അമ്മായിയമ്മ പോര് അത്രയ്ക്ക് കഠിനവും അസഹനീയമാണ് ഭർത്താവിന്റെ വീട്ടിൽ) ഗൾഫിൽ പോയ ഭർത്താവ്.  നീരു വന്നു വീർത്ത  കാലുകളും, തോരാത്ത കണ്ണീരുമായി കഴിയുന്ന പൂർണ ഗർഭിണിയായ ഭാര്യ.  കഴിഞ്ഞ രണ്ടു മാസങ്ങളായി ഭർത്താവി നെപ്പറ്റി ഒരു വിവരവും ഇല്ല .  

ഇനി ടി വി പരസ്യം "അച്ഛനും അമ്മയ്ക്കും ആറ്റു നൊറ്റുണ്ടായ ഒരേ ഒരു മകളാണ് സീത.  ഒന്ന് നുള്ളിനോവിക്കുക പോലും ചെയ്യാതെ വളർത്തിയ പോന്നു മകളാണ് സീത.  ഇന്നവൾ പൂർണ ഗർഭിണിയാണ്.  (ഗർഭിണിയാണെന്ന് അറിഞ്ഞിട്ട് പതിനഞ്ച് മാസമായി, ടി വി സീരിയൽ പ്രസവമല്ലേ)  .  അവളുടെ കണ്ണുനീരിന് ഒരു അവസാനം ഉണ്ടാവുമോ ?  അവളുടെ പ്രിയപ്പെട്ട ഭർത്താവ് പ്രസവ സമയത്തിന് മുമ്പ് എത്തിച്ചേരുമോ ?  വീൽ ചെയറിൽ ഇരുന്ന് ഭർത്താവിന്റെ കൈയും പിടിച്ച് ലേബർ റൂമിലേക്ക് 
പോകാൻ ആ   പാവത്തിന് കഴിയുമോ?  അങ്ങിനെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾക്ക് ഉത്തരവുമായി നിങ്ങളുടെ മുന്നിലേക്ക്‌ ഇതാ ഞങ്ങൾ എത്തുന്നു.  മുടങ്ങാതെ കാണുക തിങ്കൾ  മുതൽ വെള്ളി വരെ നിങ്ങളുടെ പ്രിയപ്പെട്ട ചാനലിൽ "അവൾ പ്രസവിക്കുമോ" ഒരു .....   പരമ്പര .  

ആർത്തു അട്ടഹസ്സിച്ചുകൊണ്ട് കോമഡിഷോ അവതാരിക വന്നു. തക്ക സമയത്തുതന്നെ 
എൻറെ  ഭാര്യയും അടുക്കളയിൽ നിന്നും  ഇറങ്ങി വന്നു.  ടി വി റിമോട്ടിനുവേണ്ടി പിടിവലികൂടാത്ത കുടുംബം ഉണ്ടെങ്കിൽ ഹോ....  ആ കുടുംബകാർക്ക് ഒരു സലാം.....


ഒരു ടീമിന്റെ സ്കിറ്റിന്റെ ക്ല്യ്മാക്സ് കർത്താവിനു എന്തിനാ പൊന്നും കുരിസ്സ് അത് വിറ്റു ഞാൻ പാവങ്ങള്ക്ക് ആഹാരവും വസ്ത്രവും വാങ്ങി കൊടുത്തു എന്നാണു.  അത് കണ്ടപ്പോൾ വീണ്ടും മാർപാപ്പയുടെ തിരഞ്ഞെടുപ്പിനെപ്പറ്റി ഓർത്തു .

മാർപാപ്പയുടെ തിരഞ്ഞെടുപ്പ് ഫലം പുകയായാണ് പുറത്ത് വരുന്നത് എന്ന്...  എല്ലാം ഒരുതരം പുകമറ..... ഇതു തിരുവല്ലക്കാരൻ കുഞ്ഞുമോൻ അച്ചായൻറെ കമൻറ് ആണ് കേട്ടോ ..  പരസ്പ്പരം പാര വെച്ചും കുതികാൽ വെട്ടിയും രാഷ്ട്രീയക്കരെപോലെ തിരഞ്ഞെടുപ്പ് നടത്തി അവസാനം ഫലം പുക....  മത്സരിക്കുന്നവരുടെ പേരുകൾ എഴുതിയ തുണ്ട് കടലാസ്സുകൾ ഒരു കുടത്തിലിട്ടു ദൈവത്തിൻറെ പ്രതിരൂപങ്ങൾ ആയ കൊച്ചു കുട്ടികളെ കൊണ്ട് ഒരെണ്ണം എടുപ്പിച്ചാൽ പോരെ....    നമ്മുടെ നായനാർ സഹാവ് പറഞ്ഞതുപോലെ ഓൻ (കുഞ്ഞുമോൻ)മറ്റവരുടെ ആളാ.....


മാർപാപ്പയെ  തിരഞ്ഞെടുക്കുക, ആ സ്ഥാനത്തിരിക്കുക അതൊരു കോമഡി അല്ല.  ലാറ്റിനമേരിക്കയിൽ നിന്നും കത്തോലിക്ക സഭയുടെ തലവനായി വന്ന ആദ്യത്തെ പോപ്പിന് സഭയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുവാൻ കഴിയും അതോടൊപ്പം ഇന്നത്തെ ലോകത്തിനും ഒരു പിടി നന്മകൾ നല്കാൻ കഴിയുമെന്നുതന്നെയാണ് ലോകജനത വിശ്വസിക്കുന്നത്.  പാവപ്പെട്ടവരോടൊപ്പം ജീവിച്ച, അവരെ അടുത്തറിഞ്ഞ പോപ്പ് ഫ്രാൻസിസിൽ ആ  ലാളിത്യം ഇപ്പോഴേകണ്ടുതുടങ്ങിയിരിക്കുന്നു .  അധികാരത്തിന്റെയും സമ്പത്തിന്റെയും ലഹരിയിൽ മുങ്ങിപ്പോയിരിക്കുന്നു  സഭ. ആ ലഹരിക്കെതിരായി ഒരു തീരുമാനം എടുക്കുക എന്നത് സഭയിൽ
 വിള്ളലുണ്ടാക്കും , കൊഴിഞ്ഞുപോക്ക് തുടരും യുറോപ്പിൽ അത്  വ്യക്തമായിതുടങ്ങിയതോടുകുടി   ലോകമെൻപാടും അത് വ്യാപിക്കും എന്നതിന് തർക്കമില്ല .  ബെനഡിക്റ്റ് പതിനാറാമൻ മാര്പ്പാപ്പ സ്ഥാനമൊഴിഞ്ഞതിൽ  സഭയുടെ അകത്ത് തന്നെ സഭ നേരിടുന്ന പ്രതിസന്ധികളുടെ ചിത്രം വ്യക്തമാക്കുന്നു.  ലോകജനതയ്ക്ക് സ്വയം എളിമപ്പെടുക എന്ന വചനം തന്റെ പ്രവൃത്തികളിലുടെ പോപ്പ് ഫ്രാൻസിസ് കാണിച്ചുകൊടുത്തിട്ടുള്ളതാണ് അത് സഭയുടെ അധികാര ലഹരിയിൽ വിരാജിക്കുന്നവര്ക്ക് ഒരു പാഠമാകട്ടെ.....  പൊന്നിൻ കുരിസ്സുകളെക്കാൾ വലുതാണ്‌ പാവപെട്ടവന്റെ വിശപ്പു എന്ന് പോപ്പിന് അറിയാം .


സഭയിൽ ഒരു മാറ്റം അനിവാര്യമായിരിക്കുന്നു എന്ന് സാധാരണക്കാർ പോലും പറഞ്ഞു തുടങ്ങിയിരിക്കുന്നു.   പോപ്പ് അത് അറിയും കാരണം ഈ പോപ്പിൻറെ കണ്ണുകൾ ഇതുവരെ പാവപ്പെട്ടവരുടെ കണ്ണുകളിൽ അവരുടെ മനസ്സ് വായിക്കുകയായിരുന്നു .