പേജുകള്‍‌

2012, ഡിസംബർ 2, ഞായറാഴ്‌ച

മലയാളികള്‍ പുലികള്തന്നെ (ചില കാര്യങ്ങളില്‍)



പല്ലാറോഡില്‍ കാളിക്കുട്ടി എന്ന് പേരുള്ള ഒരു മുത്തശ്ശി ഉണ്ടായിരുന്നു.  എന്റെ ചെറുപ്പത്തിലെ കാര്യമാണ്  കേട്ടോ  ഞങ്ങള്‍ കാളി മുത്തശ്ശി എന്നാണ് വിളിച്ചിരുന്നത് .   പ്രായം കൃത്യമായി അവര്‍ക്കും അറിയില്ലായിരുന്നു. ഏകദേശം ഒരു എഴുപത്തന്ച്   എണ്‍പത് വരുമെന്നാണ് അവരുതന്നെ പറഞ്ഞിരുന്നത്.  കണ്ണിന്റെ കാഴ്ച്ച അല്പം മങ്ങിയെന്നതോഴിച്ചാല്‍ മുത്തശ്ശി  സുപ്പര്‍   . മുടി പകുതിയോളം നരച്ചെങ്കിലും നാലഞ്ചു നര മാറ്റിവെച്ചു ബാക്കി കറുത്ത പെയിന്റടിക്കാനൊന്നും അന്നത്തെ കാലത്ത് സൗകര്യം ഇല്ലായിരുന്നു. മുത്തശ്ശിയുടെ കേള്‍വി അപാരമായിരുന്നു. ഒരു ഒറ്റമുണ്ടും തോളിലൊരു തോര്തുമാണ് വേഷം.  പാലക്കാടിന്റെ പൊള്ളുന്ന ചുടിനെ പ്രാകിക്കൊണ്ട്‌ തോളിലെ തോര്‍ത്തെടുത്ത് രണ്ടാക്കി മടക്കി നഗ്നമായ മാറില്‍ വീശിക്കൊണ്ട് ഉമ്മറത്തിണ്ണയില്‍ അങ്ങിനെ ഇരിക്കും.  വെയിലാറിയാല്‍ മുറ്റത്ത്‌കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും.  കാറ്റത്തു കിളിച്ചുണ്ടന്‍ ‍ മാങ്ങകള്‍ ആടുന്നതുപോലെ മുത്തശ്ശിയുടെ മുലകള്‍ ആടിക്കൊണ്ടിരിക്കും.

പതിമുന്നാം വയസ്സിലാണത്രേ അവരുടെ വേളി കഴിഞ്ഞത്.  പതിനാറാം വയസ്സില്‍ ആദ്യത്തെ പേറു  നടന്നു  പിന്നെ പേറോടു   പേറായിരുന്നു.  മൊത്തത്തില്‍ പതിന്നാറു പെറ്റു നാലെണ്ണം പ്രസവത്തില്‍ തന്നെ മരിച്ചുപോയി. ആണും പെണ്ണുമായി പന്ത്രണ്ടു മക്കള്‍.  ഇളയ മകെന്റെ കൂടെ താമസം. 

ചില സന്ധ്യകളില്‍ രണ്ടു മൊന്ത അന്തിക്കള്ള് (അന്ന് കരിമ്പനക്കള്ള്  മാത്രമേ പല്ലാറോഡില് കിട്ടുമായിരുന്നുള്ളൂ ) അകത്താക്കിയാല്‍ മകന് അമ്മയോട് സ്നേഹം അല്പം കൂടും ഒരു മൊന്ത അമ്മയ്ക്കും വാങ്ങും. ആ അന്തിക്കള്ള് അകത്തുചെന്നാല്‍ ഉമ്മറക്കോലായില്‍  കാലും നീട്ടിയിരുന്ന് മുത്തശ്ശിയുടെ മാസ്ടര്പീസായ കോവിലന്റെയും കണ്ണകിയുടെയും തോറ്റംപ്പാട്ട്
നല്ല ഈണത്തില്‍ പാടാന്‍ തുടങ്ങും.

മുത്തശ്ശിയുടെ വീട് റോഡരുകില്‍ ആയിരുന്നതുകൊണ്ട് ജോലിയും കഴിഞ്ഞ് ആ വഴിയെ പോകുന്ന എല്ലാവരുംതന്നെ ആ പാട്ടുകേട്ട് കൊടുങ്ങല്ലുരമ്മയെ മനസ്സില്‍ ധ്യാനിച്ച് ദേവിയെ അമ്മെ എന്ന് പറഞ്ഞാണ് പോകാറ്‌ . 

രാവിലെ കുളികഴിഞ്ഞ്  ചന്ദനക്കുറിയും തൊട്ട്  ഉമ്മറപ്പടിയില്‍ ഇരിക്കുന്ന മുത്തശ്ശിയോട് പലരും പറയും ഇന്നലെ പാട്ട് കലക്കി കേട്ടോ.  കേള്‍വിശക്തി കൂടുതലായതിനാല്‍ ശബ്ദം കേട്ട് ആളെ മനസ്സിലാക്കുകയും എല്ലാവരോടുംതന്നെ കുശലം ചോദിക്കുകയും ചെയ്യും .  രാമനും കൃഷ്ണനും വേലായുധനും ഔസേപ്പും തങ്ങളുക്കുട്ടിയും ഒക്കെ ചിലപ്പോഴൊക്കെ മുത്തശ്ശിയെ കാണാന്‍ വരുകയും കുറെ നേരം വര്‍ത്തമാനം പറഞ്ഞിരിക്കുകയും പതിവാണ്.  ഈ പറഞ്ഞ ആര്‍ക്കുംതന്നെ വലിയ വിദ്യാഭ്യാസം ഇല്ലതിരുന്നതുകൊണ്ടും, വിഡ്ഢിപ്പെട്ടി എന്നറിയപ്പെടുന്ന ടിവി അന്നില്ലാതിരുന്നതുകൊണ്ടും ആയിരിക്കാം അവരാരും  മുത്തശ്ശിയുടെ നഗ്നമായ മാറിലേക്ക്‌ തുറിച്ചുനോക്കാതിരുന്നതും മുത്തശ്ശി പാട്ടു  പാടുന്നത് കാമറയില്‍ പകര്‍ത്തി ചാനലുകളിളുടെ കാണിക്കതിരുന്നതും .

കാലം മാറി കഥ മാറി.  പുതിയ പുതിയ തലമുറകള്‍ വന്നു ടെക്നോളജി വളര്‍ന്നു.  ഏത് മാര്‍ഗത്തിലൂടെയും പണം ഉണ്ടാക്കണം എന്ന ഒറ്റ വിചാരമേ ഇപ്പോള്‍  മനുഷ്യമനസ്സുകളില്‍ ഉള്ളു. ഒരപകടം ഉണ്ടായാല്‍  ഉടനെ ‍ രക്ഷിക്കാന്‍ നോക്കാതെ മരണത്തോട് മല്ലടിക്കുന്ന  അവരുടെ ലൈവ് കാണിച്ചു കാശുണ്ടാക്കാന്‍ നോക്കും.  എണ്ണിയാല്‍ തീരാത്ത അത്രയും ചാനലുകളും അതില്‍ എണ്ണിയാല്‍ തീരാത്തത്ര പരസ്യങ്ങളും പിന്നെ ചില പ്രോഗ്രാം കണ്ടാല്‍ ......  ഹോ...   മാ നിഷാദ .....  ഓണത്തിനും വിഷുവിനും ക്രിസ്തുമസ്സിനും ചാനലില്‍ കാണിക്കുന്ന സിനിമകള്‍... ഇടക്ക് പരസ്യം തുടങ്ങുമ്പോള്‍  എന്റെ ഭാര്യ പറയും ഇതാ നല്ലത് എന്റെ അടുക്കളപ്പണിയും നടക്കും സിനിമയും കാണാം എന്ന്. 

കുറച്ചു നാളുകള്‍ക്കുമുമ്പ് ഒരു മലയാളം ചാനലില്‍ ഒരു ചര്‍ച്ച നടക്കുന്നു.  ചുടന്‍  ചര്‍ച്ച.  സ്ത്രീപീഡനമാണ്  വിഷയം.  സ്ത്രീകള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കും   പുറത്തിറങ്ങാന്‍  പറ്റാത്ത അവസ്ഥയാണ് ഇന്ന് കേരളത്തില്‍, ട്രെയിനില്‍, ബസ്സില്‍, റോഡില്‍ , ഇടവഴികളില്‍, ഓഫീസ്സുകളില്‍ എന്തിനു പറയണം സ്വന്തം വീട്ടില്‍പോലും പെണ്‍ക്കുട്ടികള്‍  സുരക്ഷിതരല്ല. നൂറുശതമാനം സാക്ഷരത നേടിയെന്നു അഹങ്കരിക്കുന്ന കേരളജനതയുടെ ഭാവി എങ്ങോട്ടാണ്‌ ....  എവിടെ ചെന്ന് നില്‍ക്കും ഇങ്ങനെ പോയാല്‍ ... എന്താണ് ഇതിനൊരു പോംവഴി ?  ചര്‍ച്ച നയിക്കുന്ന നമ്മുടെ നായകന്‍  തുടക്കം കുറിച്ചുകൊണ്ട് തുറുപ്പുഗുലാന്‍ ഇട്ടുക്കൊടുത്തു. വേദിയില്‍  ഇരിക്കുന്നവരാകട്ടെ സമൂഹത്തിലെ അറിയപ്പെടുന്നവര്‍ .  ചര്‍ച്ച തുടങ്ങിയതും സദസ്സില്‍ ഇരിക്കുന്നവര്‍  മൈക്കിനുവേണ്ടി പിടിവലിയായി.  എല്ലാവര്ക്കും (പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും) ഒരുപാട് പറയാനുണ്ട് അതിന് സമയവുമില്ല നായകന്റെ തുരുപ്പുഗുലനെ വെട്ടാന്‍ വെറുതെ പലരും ശ്രമിക്കുന്നുണ്ടായിരുന്നു എങ്ങിനെ വെട്ടാന്‍.   അവിടെ നടന്ന ചര്‍ച്ചയുടെ ചില ഭാഗങ്ങള്‍   ഇതാണ് :

പുരുഷന്മാര്‍ :   

സ്ത്രീകള്‍ മാന്യമായ രീതിയില്‍  വസ്ത്രധാരണം ചെയ്യണം ഇന്നത്തെ തലമുറയുടെ രീതി തികച്ചും തെറ്റാണ് .  ശരീരത്തിന്റെ പകുതിയും പുറത്തു കാണത്തക്കവിധത്തിലാണ്  ഇന്നത്തെ ചെറുപ്പക്കാരായ പെണ്‍ക്കുട്ടികള്‍   വസ്ത്രം ധരിക്കുന്നത്.   പുരുഷന്മാരെ ആകര്ഷിക്കനല്ല എങ്കില്‍ പിന്നെന്തിനാണ് .  മദ്ധ്യവയസ്ക്കരും ചെരുപ്പക്കരുമൊക്കെ തട്ടുകയും മുട്ടുകയും ഒക്കെ ചെയ്യുന്നത് അതുകൊണ്ടല്ലേ . 

സ്ത്രീകള്‍:

ഞങ്ങള്‍ക്ക് കംഫര്‍ട്ട് ആയ വസ്ത്രങ്ങളാണ് ഞങ്ങള്‍ ധരിക്കുന്നത്.  കോളേജിലും ഓഫീസിലും ഒക്കെ പോകുമ്പോള്‍ ബസ്സിലും ട്രെയിനിലും പോകേണ്ടി വരും.  സാരിയുടുക്കുംപോള്‍ തട്ടിവീഴാന്‍ സാദ്ധ്യത കൂടുതലാണ് പിന്നെ സാരിയുടുത്താല്‍  ശരീരഭാഗങ്ങള്‍ പുറത്തുകാണില്ലേ.  ജീന്‍സും  ടോപ്പും ടീഷര്‍ട്ടും ഒക്കെ ധരിച്ചാല്‍ എന്താ കുഴപ്പം.  പ്രശ്നം അതൊന്നുമല്ല, എന്ത് വസ്ത്രം ധരിച്ചാലും ഞരമ്പുരോഗികളായ പുരുഷന്മാര്‍ തുറിച്ചുനോക്കുകയും തട്ടുകയും മുട്ടുകയും ചെയ്യും.  (തുറിച്ചുനോട്ടം എന്ന് കേട്ടപ്പോള്‍ ഇതു എന്നെ ഉദ്യേശിച്ചാണ്  എന്നെ  മാത്രം ഉദ്യേശിച്ചാണ്  എന്ന് ജഗതി ഒരു സിനിമയില്‍ പറയുന്നതുപോലെ നിങ്ങള്‍ ചിന്തിക്കല്ലേ മലയാള പത്രചാനലുകാരെ).


ഡല്‍ഹിയിലെ ഒരു ഫ്ലാറ്റില്‍ ഇരുന്ന് രണ്ടെണ്ണം അടിച്ച് മേല്‍പ്പറഞ്ഞ ചര്‍ച്ച കണ്ടുകൊണ്ടിരിക്കുകയയിരുന്ന  എന്റെ ഒരു സുഹുര്ത്തിനു ഒരു ആഗ്രഹം. അല്പവസ്ത്രധാരികളായി,അതായത് ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നതുപോലെ,ഡല്‍ഹിയിലെ കൊണാട്ട്പ്ലേസ്, ഖാന്‍  മാര്‍ക്കറ്റ്‌, സൌത്ത് എക്സ്ടെന്‍ഷന് മുതലായ മാര്‍ക്കറ്റുകളിലും, മാളുകളിലും സന്ധ്യാസമയങ്ങളില്‍  ഐസ്ക്രീമും, മോമോസും (കോഴിയുടെ നല്ലതും ചീത്തയുമായ (വേസ്റ്റ് ) എല്ലില്ലാത്ത ഭാഗങ്ങള്‍  എല്ലാംകൂടെ നല്ലപോലെ കഴുകി കൊത്തിയരിഞ്ഞു മസാല ചേര്‍ത്ത് ചെറിയ ചെറിയ ഉരുളകളാക്കി കട്ടികുറഞ്ഞ  മൈദ ദോശയുടെ ഒരു പീസില്‍ പൊതിഞ്ഞ് ആവി കയറ്റി എടുക്കുന്ന ഒരു മഹത്തായ സാധനം ) തിന്ന് നടക്കുന്ന പെണ്‍ക്കുട്ടികളുടെ അഭിപ്രായം ഒന്നറിയണം.  

(ഡല്‍ഹിയിലെ മലയാളി പെണ്‍ക്കുട്ടികള്‍ അത്തരക്കാരല്ല കേട്ടോ പിന്നെ ചുരുക്കം ചിലരുണ്ട് അതവരുടെ കുറ്റമല്ല കഴിഞ്ഞ സര്‍ക്കാര്‍ പേ കമ്മിഷന്‍ അവരില്‍ ചില  മാറ്റങ്ങള്‍ ഉണ്ടാക്കി എന്നേയുള്ളു.  ഇവരൊക്കെ ചുരിദാര്‍ കുറച്ചു മുകളിലേക്ക് വലിച്ചുച്ചുരുട്ടി വെച്ചാണ് നടക്കാറു
എന്നാലല്ലേ കാലില്‍ അണിഞ്ഞിരിക്കുന്ന സ്വര്‍ണക്കൊലുസ്സു  കാണുകയുള്ളൂ. ഇവരൊക്കെ സ്വര്ണ  അരഞ്ഞാണം അണിയാന്‍ തുടങ്ങിയാലത്തെ അവസ്ഥ .....)


അങ്ങിനെ ഒരുകൂട്ടo  പെണ്‍ക്കുട്ടികള്‍  ഒരിടത്തും  അവരുടെ അമ്മമാര്‍  (സോറി മമ്മിമാര്‍ ) മറ്റൊരിടത്തും  ഇരുന്ന്  ഐസ്ക്രീം തിന്ന്  വെടിപ്പറഞ്ഞിരിക്കുന്ന സമയത്താണ് ‌  എന്റെ  സുഹൃത്ത്‌ ഭവ്യതയോടെ പെണ്‍ക്കുട്ടികളുടെ അടുത്തേക്ക് ചെന്നത്.   ഒരു ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ആണന്നും തന്റെ ആഗമന ഉദ്യേശം  ഇന്നതാണ് എന്നും അറിയിച്ചപ്പോള്‍  അവര്‍ പ്രതികരിച്ചത് ഇങ്ങനെ:


ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ് ഇവിടെ ആണുങ്ങള്‍ക്ക് മാത്രമല്ല സ്വാതന്ത്ര്യം.  ഞങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ഞങ്ങള്‍ ധരിക്കും .  തുറിച്ചുനോക്കുന്നവര്‍ നോക്കട്ടെ അത് അവരുടെ ഇഷ്ടം അതുകൊണ്ട് ശരീരത്തിലെ ഒന്നും തന്നെ ഇടിഞ്ഞു വീഴാന്‍ പോകുന്നില്ല .  ഇന്നേവരെ തുറിച്ചുനോക്കിയ കുറ്റത്തിന് ആരുടെ പേരിലും കേസ് എടുത്തതായി കേട്ടിട്ടില്ല പിന്നെ തട്ടാനും മുട്ടാനും വന്നാല്‍ വിവരമറിയും.  തനിയെ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ഞങ്ങള്‍ സേഫ്റ്റി പിന്‍ മുതല്‍ പേപ്പര്‍ കട്ടറുവരെ കൈയില്‍ കൊണ്ടുനടക്കാറുണ്ട്.  നമ്മളോട് എങ്ങിനെ പെരുമാറുന്നുവോ അതനുസരിച്ചാവും ഞങ്ങള്‍ എന്തെടുത്തു പെരുമാറണം എന്ന് തീരുമാനിക്കുക (നാട്ടിലെ പെന്ക്കുട്ടികള്‍ക്കും ഇതൊക്കെ നോക്കാവുന്നതാണ്).  സുഹൃത്ത്‌ പത്തി  മടക്കി.

ലോകത്തില്‍ മലയാളികള്‍ കയറിപ്പറ്റാത്ത ഇടമില്ല അവിടെയൊക്കെ വിജയം കൈയാളുന്നുമുണ്ട് പക്ഷെ ഈ ചൈനക്കാരെക്കൊണ്ട്  പൊറുതിമുട്ടിയെന്നു പറഞ്ഞാമതിയല്ലോ.  2012 ലെ ജനസംഖകണക്കനുസരിച്ച് ഇന്ത്യ 1.22 ബില്ല്യന്‍ ചൈന 1.36 ബില്ല്യന്‍ എന്നാല്‍ 2040 ല്‍  ഇന്ത്യ 1.52 ബില്ല്യന് ചൈന 1.45 ബില്ല്യന്‍ ആകുമെന്നാണ് കണക്ക്.  1962ല്  അവര്‍ നമ്മളെ യുദ്ധത്തില്‍ തോല്‍പ്പിച്ചു ഇപ്പോള്‍  ഇതാ ചൈനയിലെ ഒരു ലിയു പെങ്ങള് (ഇന്ത്യ ചൈന ഭായി ഭായി) നമ്മളെ അതായതു പുലികളായ മലയാളികളെ തോല്‍പ്പിച്ചിരിക്കുന്നു.  ഒരു രാജകുടുംബത്തില്‍ ജനിച്ച 26 കാരിയായ അവര്‍ കല്യാണത്തിന് അണിഞ്ഞത് അഞ്ചു കിലോ സ്വര്‍ണാഭരണം.  അവരുമായി ഒരു ഇന്റര്‍വ്യൂ തരപ്പെടുത്തുക പറ്റുമെങ്കില്‍ അവരോടു പറയണം മലയാളികളെ സ്വര്‍ണത്തിന്റെ കാര്യത്തില്‍ തോല്പ്പിക്കരുതെന്നം വേണ്ടിവന്നാല്‍ 10 കിലോ സ്വര്‍ണം അണിയിച്ചു ഞങ്ങള്‍ ഞങളുടെ പെണ്‍ക്കുട്ടികളെ കേട്ടിച്ചു വിടും എന്ന്.

അല്ലങ്കില്‍ കാലിനുമുകളില്‍ കാലും വെച്ച് മുഖത്തേക്ക് വീഴുന്ന മുടി അരമണിക്കൂര്‍ ഇന്റര്‍വ്യൂ സമയത്ത് അറുപതു തവണ പുറകോട്ടു പിടിച്ചിടുന്ന, ഓരോരോ വാക്കുകള്‍ ഇടവിട്ട്‌ ഇംഗ്ലീഷ് പറയുന്ന, ഒന്ന് തുറിച്ചു നോക്കാന്‍പോലും സമയം തരാതെ സംസാരിക്കുന്ന എത്ര പേരുണ്ട് നമ്മളുടെ നാട്ടില്‍ അവരെ ഇന്റര്‍വ്യൂ ചെയ്തു ചാനല്കളിലൂടെ കാണിക്കുന്നേ.. എന്തിനാ നമ്മുടെ  പ്രിയപ്പെട്ട  പാവം എഴുത്തുക്കാരെ ഇന്റര്‍വ്യൂ ചെയ്തു ആവിടെയും ഇവിടെയും ഒക്കെ  നോക്കാന്‍ പോണത്. നമ്മള് പുലികള് തന്നല്ലേ.....





1 അഭിപ്രായം: