പേജുകള്‍‌

2013, ജൂൺ 13, വ്യാഴാഴ്‌ച

കമ്പിയില്ലാകമ്പി നാടുനീങ്ങുന്നു




കമ്പി വന്നേ  കമ്പി വന്നേ എന്ന് ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട്  ഓടുന്നു.  കേട്ടവർ കേട്ടവർ പുറകെ ഓടുന്നു.  ഏതു വീട്ടിലേക്കാണോ അയാൾ  ഓടിക്കയറിയത് ആ വീട്ടിലെ കുടുംബനാഥ കേട്ടതും തലചുറ്റി വീഴുന്നു. കുടുംബനാഥൻ ചാരുകസേരയിൽ തളർന്നിരിക്കുന്നു.  ഓടികൂടിയവർ പരസ്പ്പരം നോക്കി നില്ക്കുന്നു.  അവസാനം അയൽപക്കത്തെ പള്ളിക്കൂടം വാദ്ധ്യാർ കമ്പി വായിക്കുന്നു.  പട്ടാളത്തിൽ പോയ മകൻ നാളെ ലീവിന് വരുന്നു.  എല്ലാവർക്കും  ആശ്വാസം സന്തോഷം.  എല്ലാവരും കട്ടൻചായ കുടിച്ച്  പിരിയുന്നു.  കമ്പിയില്ലാ  കമ്പി എന്ന് വിളിക്കുന്ന ടെലിഗ്രാം ഇതുപോലെതന്നെ  ഒരുപാട് ജനന മരണ അറിയിപ്പുകളുടെയും  കഥകളുണ്ട്.  ആ  പാവം ടെലിഗ്രാം അടുത്ത മാസം നാടുനീങ്ങുന്നു.  പഴയ  തലമുറകൾക്ക്  ഇതൊരോർമ്മയും   പുതിയ തലമുറക്ക്‌ ഒരു തമാശയുമാകും  ടെലിഗ്രാം. 

1920  - 1930 കാലഘട്ടത്തിൽ വളരെ ചുരുങ്ങിയ ചിലവിൽ എത്ര ദൂരത്തേക്കും ടെലിഗ്രാം അയക്കാമായിരുന്നു. 

രണ്ടാം ലോകമഹാ യുദ്ധകാലത്ത്  ഓരോ ഗ്രാമങ്ങളിലും  ജനങ്ങൾ ഭയത്തോടെ ദിവസങ്ങൾ തള്ളിനീക്കിയിരുന്നു .  യുദ്ധത്തിൽ പങ്കെടുക്കാൻ പോയ ജവാന്മാരുടെ മരണവാർത്ത നാട്ടിൽ അറിയിച്ചിരുന്നത്‌ കമ്പിയില്ലാ കമ്പി വഴിയായിരുന്നു.  കമ്പി എന്നാൽ മരണവാർത്ത എന്ന് അന്നുമുതൽ  കുറെ കാലം ജനങ്ങളുടെ മനസ്സിൽ  തങ്ങി നിന്നിരുന്നു. 

160 വർഷക്കാലമായി നമ്മോടൊപ്പമുണ്ടായിരുന്ന ടെലിഗ്രാം നമ്മളോട്‌  വിട പറയുന്നു.  

ഒന്ന് എന്നത് മ്മിണി ബല്യ ഒന്ന് വന്നപ്പോൾ ഇല്ലാതാവുകയാണ്...  നാടുനീങ്ങുകയാണ്......