പേജുകള്‍‌

2013, മേയ് 24, വെള്ളിയാഴ്‌ച

ഒരു കൊച്ചുകഥ - അപശകുനം



അപശകുനം


ഉറക്കച്ചടവുകൊണ്ട് പാതികൂമ്പിയ കണ്ണ് പയ്യെ തുറന്ന് ജനലഴികളിലൂടെ പുറത്തേക്കു നോക്കിയപ്പോൾ ഞെട്ടിപ്പോയി.  പരിസരമാകെ ഇരുട്ടുപരന്നിരിക്കുന്നു.  ഹോ...  എന്തൊരു ഉറക്കമായിരുന്നു.  ജീവിതത്തിൽ ആദ്യമായാണ് ഇത്രയും നേരം ഉറങ്ങിയത്.  അഞ്ചു മിനുട്ടിൽ കൂടുതൽ ഉറക്കം ഞങ്ങൾക്കുള്ളതല്ലല്ലോ.  സന്ധ്യക്ക്‌ ഒന്ന് മയങ്ങാൻ കിടന്നതാണ്. കാലം മാറുംതോറും പ്രകൃതി നിയമങ്ങളും മാറുന്നുവോ ആവോ ......

മോൾ ഇതുവരെ ഉണർന്നില്ല.  തട്ടിൻപുറത്ത്  ചൂടാണെങ്കിൽ  അസഹനീയമാണ്.  ലോകം   മുഴുവൻ   ഒരു  ദിവസം  ചൂടുകൊണ്ട് ഉരുകി പോകും    എന്ന് തോന്നുന്നു.  

താഴെ അടുക്കളയിൽ  അമ്മൂട്ടിയമ്മയുടെ തട്ടലും മുട്ടലും കേൾക്കുന്നുണ്ട്.  ആ  വീട്ടിലെ  വേലക്കരിയാണ്  അമ്മുട്ടിയമ്മ.  ഇപ്പോൾ  ചെന്ന്  അവരുടെ  കാലുകളിൽ  തൊട്ടുരുമ്മി നിന്നാൽ  എന്തെങ്കിലുമൊക്കെ ഇടയ്ക്കിടെ തരും.  വയറുനിറയാൻ  അതൊക്കെ  മതി.    പാവം അമ്മുട്ടിയമ്മ  വയസ്സ് അറുപത്തഞ്ച്  കഴിഞ്ഞു.  മൂന്ന് ആണ്മക്കൾ ആയിരുന്നു അവർക്ക്.   ഓരോരുത്തർ കല്യാണം കഴിഞ്ഞു ആറു മാസത്തിൽ കൂടുതൽ വീട്ടിൽ താമസിച്ചില്ല.  അച്ഛനില്ലാതെ വളർത്തിയ മക്കൾ അമ്മയെ   സ്നേഹിക്കുന്നത് അവരുടെ ഭാര്യമാർക്ക് സഹിച്ചില്ല.  ആ  സ്നേഹംകൂടി തങ്ങൾക്കവകാശപ്പെട്ടതാണ് എന്നാണ് അവരുടെ വാദം അതിന്  അവർ കണ്ട വഴി അകലെ ഒരു ഫ്ലാറ്റോ ചെറിയൊരു വീടോ വാങ്ങി സ്വന്തം കാര്യം നോക്കി ജീവിക്കുക.  അമ്മ ഇനി എത്ര കാലം ജീവിക്കും ഭാര്യയല്ലേ മരണം വരെ കൂടെ ഉണ്ടാവുക.  പുതിയ തലമുറയുടെ പുതിയ ന്യായം. 

മോളെ ഉണർത്തി അടുക്കളയിലേക്കു നടക്കാൻ തുടങ്ങുമ്പോൾ മോൾ പറഞ്ഞു "അമ്മേ, എത്ര നാളായി നോണ്‍വെജ് കഴിച്ചിട്ട് അമ്മയെന്തിനാ ഈ വെജിറ്റേറിയൻ കുടുംബത്തിൽ വന്ന് സെറ്റിൽ ആയത്.  നാല് വീടുകൾക്കപ്പുറത്തു ഒരു പുതിയ ബംഗ്ലാവില്ലേ, അവിടത്തെ പിള്ളേരൊക്കെ  അമേരിക്കയിലാ അവിടെ മിക്ക ദിവസവും ചെമ്മീനും കരിമീനുമോക്കെയാണ്.  ഇന്ന് ഞാനവിടെ ഡിന്നർ കഴിക്കാൻ പൊയ്ക്കോട്ടേ ?  

മോളെ  സൂക്ഷിച്ചു പോകണം. മനുഷ്യർ പോകുമ്പോൾ നമ്മൾ കുറുകെ പോയാൽ അപശകുനമാണത്രെ..  പണ്ടുമുതലേ വിവരമില്ലാത്ത   മനുഷ്യർ  വിശ്വസിക്കുന്ന   ഒരു കെട്ടുകഥ.     മനുഷ്യരെ സൂക്ഷിക്കണം മൂന്ന്  വയസ്സ്  പ്രായമുള്ള  പിഞ്ചുകുഞ്ഞുങ്ങളെ  വരെ കാമവെറി പൂണ്ട  കശ് മലന്മാർ  കടിച്ച് കീറുന്നു.  സന്ധ്യ മയങ്ങിയാൽ നാട്ടിലെ ചെറുപ്പക്കാർ മദ്യലഹരിയിൽ മുങ്ങി സ്വബോധമില്ലാതെ പാതയുടെ വീതി അളന്ന്‌  അളന്നാവും വരിക.  ആരുടേയും കണ്ണിൽ പെടാതെ നോക്കണം.  പണത്തിനുവേണ്ടി സ്വന്തം പെണ്മക്കളെ കൊണ്ടുനടന്ന് വില്ക്കുന്ന മാതാപിതാക്കൾ ഉള്ള നാടാണിത്.   എതിരെ വരുന്നത് കണ്ടാൽ അപശകുനമാണെന്നു കരുതി പൂച്ചക്കുഞ്ഞായ നിന്നെവരെ പീഡിപ്പിക്കാൻ മടിക്കില്ല ഇന്നത്തെ മനുഷ്യർ.  പീഡിപ്പിക്കപ്പെട്ട് വഴിയരുകിൽ പ്രാണന് വേണ്ടി പിടയുമ്പോൾ,  തൊണ്ട പൊട്ടി കരയുമ്പോൾ ആരും നിന്നെ സഹായിക്കാൻ ഉണ്ടാവില്ല.  നിലവിളി കേട്ട് ഓടിക്കൂടിയവർ  അവസാന ശ്വാസത്തിന് വേണ്ടിയുള്ള നിന്റെ പിടച്ചിൽ മൊബൈലിൽ പകർത്തി ഫേസ്ബുക്കിൽ ആദ്യം ഇടാൻ മത്സരിക്കും. 

പ്രായപൂർത്തിയായ പെണ്മക്കൾ ജോലികഴിഞ്ഞ് വീടെത്തുന്നതുവരെ അമ്മമാരുടെ മനസ്സിൽ തീയാണ്.... കാലം മാറുകയാണ് നമ്മള്തന്നെ നമ്മളെ സൂക്ഷിക്കണം മോളെ........


                                                       *********************