ലഹരി എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് മദ്യപാനമയിരിക്കും. നിയമപരവും അല്ലാത്തതുമായ ഒരുപാട് ലഹരി പദാര്‍ത്ഥങ്ങളുണ്ട്. ഇന്ത്യയില്‍ പൊതുവായി ഉപയോഗിച്ചുവരുന്ന നിയമപരമായ ലഹരി പദാര്‍ത്ഥങ്ങള്‍ പുകവലിയും പുകയില ഉല്‍പ്പന്നങ്ങളും മദ്യവുമാണ്. നിയമപരമല്ലാത്ത ചിലതാണ് കഞ്ചാവ്, സാങ്ങ്, ചരസ്സ്, ഹെറോയിന്‍, ഓപ്പിയം, ചില അല്ലോപ്പതി മരുന്നുകളുടെ ഓവര്‍ഡോസ്, ചുമക്കുള്ള സിറപ് മുതലായവ. ഇവയില്‍ പലതും ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ സുലഭമായി ലഭ്യമാണന്നു കേള്‍ക്കുന്നു.
ഡല്‍ഹിയില്‍ മന്ത്രി മന്ദിരങ്ങളുടെയും പാര്‍ലിയമെന്റിന്റെയും തൊട്ടടുത്ത് കിടക്കുന്ന കോണാട്ട് പ്ലേസില്‍ എന്നെങ്കിലും ഒരു ദിവസം ഓരോ മുക്കിലും മൂലയിലും വെറുതെ ഒന്ന് പരതി നോക്കു ഒരു തുണ്ട് അലുമിനിയം പേപ്പറും തീപ്പെട്ടിയുമായി സ്മാക്ക് എന്ന മാരകമായ വിഷം മൂക്കിലുടെ വലിച്ചു കയറ്റി തലച്ചോറിനെ മരവിപ്പിച്ചു ലഹരി അനുഭവിക്കുന്ന കുറെ അത്താഴ പട്ടിണിക്കാരെ കാണാന്‍ കഴിയും. വലിയ വിലയുള്ള ഈ മയക്കുമരുന്ന് എങ്ങിനെ കിട്ടുന്നുവെന്നോ എവിടെനിന്ന് കിട്ടുന്നുവെന്നോ ഇതിന്റെ ഉറവിടം എവിടെനിന്നാണ് എന്നൊക്കെ അറിയാന്‍ ഇവരില്‍ ഒരാളെ പിടിച്ച് അകത്തിട്ട് നാല് ചാര്‍ത്ത് ചാര്‍ത്തിയാല്‍ കണ്ടുപിടിക്കാന്‍ കഴിയുമെന്നു കരുതിയാല്‍ തെറ്റി. സുരേഷ് ഗോപിയുടെ സ്റ്റൈലില്‍ പറഞ്ഞാല്‍ " ഒരു നേരത്തെ ആഹാരത്തിനുവേണ്ടി കാലി കുപ്പികളും കടലാസും പെറുക്കി വിറ്റു മരിച്ചു ജീവിക്കുന്ന ഇവരെയൊക്കെ പൊക്കിയെടുത്ത് കൂമ്പിനിട്ടു ഇടിച്ചിട്ട് ഒരു കാര്യവും ഇല്ല . ഒരു ഇന്‍ഫര്‍മേഷനും കിട്ടാനും പോകുന്നില്ല കാരണം ഇവരൊക്കെ ആ ചങ്ങലയിലെ അവസാനത്തെ കണ്ണികളാണ്. മറ്റെ അറ്റത്ത് ഉള്ളവരെ തപ്പി പോയിട്ടും ഒരു വിശേഷവും ഉണ്ടാവില്ല അവരൊക്കെ എട്ടു വിരലിലും വജ്രമോതിരങ്ങളും അണിഞ്ഞ് കോടികള്‍ വിലയുള്ള കാറുകളില്‍ സഞ്ചരിച്ച് മന്ത്രി മന്ദിരങ്ങളില്‍കയറിയിറങ്ങുന്നവരാണ് അവരുടെയൊക്കെ ഒരു രോമത്തില്‍ പോലും തൊടാന്‍ ഇവിടത്തെ പോലീസിനോ നിയമത്തിനോ കഴിയില്ല." സത്യം ഇതൊക്കെയാണോ ആവോ എന്തായാലും ആ പാവങ്ങളോട് സഹതപിക്കാം .
ഇനി മദ്യലഹരി . മദ്യം മലയാളിയുടെ നിത്യജീവിതത്തില്‍ ഒഴിചുകൂടാന്‍ ആവാത്ത ഒന്നായി തീര്‍ന്നിരിക്കുന്നു. മരണം മുന്നില്‍വന്നു പല്ലിളിച്ചു കാണിച്ചാലും മലയാളിക്ക് അതൊക്കെ ഒരു ലഹരിയാണ്. അവസാനം മരണം കഴുത്തില്‍ പിടി മുറുക്കുമ്പോള്‍, ജിവിതം കാറ്റിലുലയുന്ന മെഴുകുതിരി വെട്ടം പോലെയാകുമ്പോള്‍ വാവിട്ടു കരയുന്ന കുടുംബാങ്ങങ്ങളെ നോക്കി നിശബ്ധമായി കരയുന്ന പാവം മലയാളി.
ലഹരി എന്നത് എല്ലാ മനുഷ്യരിലും ഉണ്ടാവേണ്ട ഒരു സംഗതി ആണ്. അതില്‍ ഒന്നാമത്തേത് പ്രണയം എന്ന ലഹരിയാണ്. പ്രണയം ... അവര്‍ണനീയമായ ഒരു ലഹരി.... ഈ പ്രണയം നമ്മള്‍ക്ക് എല്ലാ നല്ല കാര്യങ്ങളിലും ഉണ്ടാകണം മനസ്സില്‍ ഉണ്ടാക്കി എടുക്കണം. പ്രകൃതിയോടുള്ള പ്രണയമാണ് ഇതില്‍ ഒന്നാമത്തേത്. പൂക്കളെ, കായ്കളെ, മരങ്ങളെ എന്തിന് സര്‍വ ചരാചരങ്ങളെയും ആത്മാര്‍ഥമായി പ്രണയിക്കു അപ്പോള്‍ പ്രണയത്തിന്‍റെ ലഹരി എന്താണന്നു മനസ്സിലാകും. ആ ലഹരിയിലാണ് മനസ്സില്‍ നന്മ ഉണ്ടാക്കു ന്നത്.
ചില സ്ത്രീകളുടെ ലഹരി വളരെ ലളിതവും വിചിത്രവുമാണ്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പതിനായിരം രൂപയുടെ
പട്ടുസാരി തന്നെ വേണമെന്ന് വാശി പിടിക്കുന്ന ഭാര്യ. ഇടത്തരക്കാരന് താങ്ങാന്‍ അല്പം പ്രയാസമുള്ള ബജറ്റ് ആണ് പക്ഷെ ഭാര്യക്ക് പറയാനുള്ളതും കൂടെ കേള്‍ക്കണം "എത്ര ആളുകള്‍ പങ്കെടുക്കുന്ന ഒരു ചടങ്ങാണ് പഴയൊരു കോട്ടന്‍ സാരിയുമുടുത്തു അവരുടെ മുമ്പില്‍ ചെല്ലാന്‍ എന്നെ കിട്ടില്ല. ക്ഷണിച്ചിട്ടു പോകാതിരിക്കാനും പറ്റില്ല. ചേട്ടനും പിള്ളരും കൂടെ ചെല്ല് ആരെങ്കിലും ചോദിച്ചാല്‍ എനിക്ക് തലവേദന ആണന്നു പറഞ്ഞാല്‍ മതി.
പാവം ഭര്‍ത്താവ് ക്രെഡിറ്റ് കാര്‍ഡില്‍ സാരി വാങ്ങുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരും തന്റെ സാരി ശ്രധ്യ്ച്ചുകാണും എന്ന ചിന്തയില്‍ സന്തോഷത്തിന്റെ ലഹരി കണ്ടെത്തുന്ന ഭാര്യ.
ഈയിടെ ലണ്ടനില്‍ ബോണ്‍ യുനിവെര്‌സിറ്റിയിലെ പഠനമനുസരിച്ച് ഫേസ്ബുക്ക് ലഹരി കുടുതലും പിടികുടുന്നത് സ്ത്രീകളെയാണ് എന്ന് കണ്ടെത്തിയിരിക്കുന്നു. ജീനുകളുടെ പ്രശ്നം കാരണമാണിതെന്നും പഠനത്തില്‍ പറയുന്നു.
പല്ലാറോഡില്‍ പണ്ട് എല്ലാ വര്‍ഷവും കൊടുങ്ങല്ലൂര്‍ ഭരണിക്ക് മുന്‍പായി ചുവന്ന പട്ടുടുത്തു കൈയില്‍ വാളുമേന്തി വീടുകള്‍തോറും കയറിയിറങ്ങുന്ന വെളിച്ചപ്പാടുകളെ കാണുമായിരുന്നു. വെളിച്ചപ്പാടുകള്‍ ഉറഞ്ഞുതുള്ളി നെറ്റിയിലും തലയിലും വാളു കൊണ്ട് മെല്ലെ മെല്ലെ വെട്ടി മുറിവുണ്ടാക്കുകയും, ചോര കിനിയുന്ന മുറിവില്‍ മഞ്ഞള്‍ പൊടിയും തുളസിയിലയും ഞെരടി പുരട്ടുകയും ചെയ്യുമായിരുന്നു. ഇതാണ് ചെറിയ ഭക്തി ലഹരി.
ഡല്‍ഹിയില്‍ ഭക്തി ലഹരിയേക്കാള്‍ ഭക്തി കച്ചവട ലഹരിയാണ് കുടുതലും. ഇവിടെ പല സ്ഥലങ്ങളിലും കൊച്ചു കൊച്ചു പ്രതിമകള്‍ വെച്ച് ഒന്നും രണ്ടും പേര്‍ ചേര്‍ന്ന് തുടങ്ങുന്ന കച്ചവടം. ഭക്തി ലഹരി മുത്ത് ജനങ്ങള്‍ അതിനുമുന്‍പില്‍പ്രാര്‍ത്ഥിക്കാന്‍ വന്നുതുടങ്ങുന്നതോടുകുടി പണത്തിന്റെ വരവും തുടങ്ങുകയായി. കുറേശ്ശെയായി അവിടെ ഒരു ചെറിയ അമ്പലവും അതിനു പുറകില്‍ ചെറിയൊരു മുറിയും പണിയുന്നു. സര്‍ക്കാര്‍ സ്ഥലം കൈയേറി തുടങ്ങുന്ന കച്ചവടമായതിനാല്‍ മുതല്‍മുടക്ക് സീറോ വരുമാനത്തിന് ഒരു കണക്കുമില്ല.
ഗരുഡന്‍ തൂക്കത്തെക്കുറിച്ച് കേട്ടിരിക്കുമല്ലോ. മനുഷ്യന്റെ ചര്‍മ്മത്തിലേക്ക് കൊളുത്തുകള്‍ കുത്തികയറ്റിയുള്ള ഈ ക്രൂരമായ പീഡനം ഏതു ലഹരിയില്‍ ഉള്‍പ്പെടുത്തണം.
ശബരിമലയില് മകര വിളക്കിനു എത്തുന്ന ജനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണത്തെപ്പറ്റി ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ത്രിവേണിയിലും, പമ്പയിലും അഴുതയിലും അടിഞ്ഞുകൂടുന്ന മലം ടണ്‍ കണക്കിനാണ്. ശബരിമലയില് നിന്ന് പമ്പയില്‍ തള്ളുന്ന മാലിന്യം കോടികണക്കിന് ലിറ്ററാണ്. ഭക്തി ലഹരിയില്‍ മനുഷ്യന്‍ എല്ലാം മറക്കുന്നു
ലോകത്തെ എറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഉത്സവം എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച ആറ്റുകാല്‍ പൊങ്കാല ഒരു അത്മസമര്‌പ്പണവും അതിലുപരി മനസ്സിലുള്ള ആഗ്രഹങ്ങള്‍ സാധിച്ചു തരും എന്നുള്ള ഉറപ്പും ആണത്രേ പൊങ്കാലയിലെക്കു സ്ത്രീകളെ ആകര്‍ഷിക്കുന്നത്. 35 ലക്ഷം പേര്‍ പങ്കെടുത്തുവെന്ന് അവകാശപ്പെടുന്ന ഈ
വര്‍ഷത്തെ പൊങ്കാല (അവകാശം ക്ഷേത്ര ട്രസ്റ്റി ന്റെതാണ് ) ഹോമപ്പുകകൊണ്ട് ആകാശത്ത് മേലാപ്പ് തീര്‍ത്തു എന്ന് പത്രങ്ങള്‍
റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു .

കേരളത്തിലെ സ്ത്രീകളുടെ കണക്കെടുത്താല്‍ പോലും 35 ലക്ഷം എന്നത്.........
ഭക്തി ലഹരിയോ അതോ അടുത്ത വര്‍ഷത്തിനുവേണ്ടിയുള്ള ഡല്‍ഹി മോഡല്‍ ഭക്തി ലഹരിയൊ......
ഇത്രയും കാര്യങ്ങള്‍ മുകളില്‍ പറഞ്ഞത് ലോകത്തിലെ എറ്റവും അപകടകാരിയായ ലഹരി എതാണ് എന്ന് ചൂണ്ടിക്കാട്ടാനാണ്. ഞാന്‍ ആരുടെയും ഭക്തിയെയോ വിശ്വാസത്തെയോ അല്ലങ്കില്‍ ജാതി മതങ്ങളേയോ ചോദ്യം ചെയ്യുകയോ വിമര്‌ശിക്കുകയൊ അല്ല.
ലോകത്തിലെ എറ്റവും ക്രൂരമായ ലഹരി ജാതി മത ഭ്രാന്തു തന്നെയാണെന്ന് പറയാതിരിക്കാന്‍ വയ്യ. ജനങ്ങള്‍ക്ക് സമാധാനമായി ജീവിക്കാന്‍ പറ്റാത്ത ഒരു സാഹചര്യമാണ് ഇന്ന് ലോകത്തില്‍ . ആര്‍ക്കും ആരെയും കുറിച്ച് ചിന്തിക്കാന്‍ മനസ്സില്ല എല്ലാവര്ക്കും മറ്റുള്ളവരെ തട്ടിമാറ്റി മുന്‍പില്‍ എത്തണം അതിനു ജാതിയെയം മതത്തെയും ദൈവങ്ങളെയും കൂട്ടുപിടിച്ച് മനുഷ്യര്‍ തന്നെ മനുഷ്യമനസ്സുകളില്‍ മതില്‍ക്കെട്ടുകള്‍ തീര്‌ക്കുന്നു. പാവം ജനങ്ങള്‍ ഉയര്‍ന്ന ജീവിത സാഹചര്യങ്ങള്‍ ഉണ്ടാവാന്‍ അവസാന മാര്‍ഗമാണെന്ന് ധരിച്ചു ജാതി മത ഭക്തി ലഹരി കച്ചവടക്കാരുടെ മുന്‍പില്‍ തന്റെ ചിന്തകളെ, മനസ്സിനെത്തന്നെ പറിച്ചെറിഞ്ഞു കൊടുക്കുന്നു. മരണം വരെ കാത്തിരിക്കുന്നു .....
തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പറയുകയും പതിനൊന്നു രൂപ മുതല്‍ ലക്ഷങ്ങള്‍ വരെയുള്ള വിലവിവരപ്പട്ടിക എഴുതിവെച്ചിട്ടുള്ള അമ്പലങ്ങളില്‍ പോയി തന്റെ വരുമാനത്തിന് വാങ്ങാന്‍ കഴിയുന്ന അനുഗ്രഹവും വാങ്ങി സന്തോഷത്തിന്റെ ലഹരി അനുഭവിക്കുന്ന മാന്യമഹാ ജനങ്ങളെ അമ്പലങ്ങളിലും പള്ളികളിലും നിന്ന് കിട്ടുന്ന ആ ലഹരിയും സമാധാനവും നിങ്ങളുടെ വീടുകളില്‍ ഇരുന്നു പ്രാര്‍ത്ഥിച്ചാലും കിട്ടും അതിനു മനുഷ്യന്‍ മനുഷ്യനെ അറിയണം, സ്നേഹിക്കാന്‍ പഠിക്കണം പുതിയ തലമുറയെ പഠിപ്പിക്കണം .
നമ്മുടെ ബന്ധുക്കളയോ സുഹൃത്തുക്കളയോ പെട്ടന്ന് മരണം തട്ടിയെടുക്കുമ്പോള്‍ ഒന്നോ രണ്ടോ ദിവസം മാത്രം ജീവിതം ഇത്രയേയുള്ളൂ എന്ന് ചിന്തിക്കുകയും മൂന്നാം ദിവസം മുതല്‍ നെഞ്ചു വിരിച്ച് എന്റെ മതവും എന്റെ ജാതിയും ഞാനുമാണ് ലോകത്തില്‍ എറ്റവും വലിയത് എന്ന് ചിന്തിക്കുന്ന പാവം മനുഷ്യാ ജീവിതത്തില്‍ എല്ലാവരും ഓടിയെത്തുന്ന ഫിനിഷിംഗ് പോയിന്റ് മരണമാണ്. ചിലര്‍ നൂറു മീറ്ററും ചിലര്‍ മാരത്തോണും ഓടുന്നു എന്ന് മാത്രം .
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ലഹരി നുണയാന്‍ സ്വയം അറിയൂ മനസ്സില്‍ എന്നും നന്മ കൈമോശം വരാതെ സൂക്ഷിക്കു ......